2 വർഷങ്ങൾക്കുശേഷം മമ്മൂട്ടി–അഖിൽ ചിത്രം ‘ഏജന്റ്’ ഒടിടിയിൽ

Mail This Article
രണ്ട് വർഷങ്ങൾക്കുശേഷം ഒടിടി റിലീസിനെത്തി അഖിൽ അക്കിനേനി, മമ്മൂട്ടി ചിത്രം ‘ഏജന്റ്’. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത് 2023ൽ തിയറ്ററുകളിലെത്തിയ ചിത്രം, ഇപ്പോൾ സോണി ലിവ്വിലൂടെ സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ ചിത്രം ലഭ്യമാവും.
ഡിനോ മോറിയ, സാക്ഷി വൈദ്യ, വിക്രംജീത് വിര്‍ക് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. സിക്സ് പായ്ക്ക് ഗെറ്റപ്പിലുള്ള അഖിലിന്റെ മേക്കോവറും സിനിമയ്ക്ക് ഗുണം ചെയ്തില്ല.
ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ചിത്രം തിയറ്ററിലെത്തിയത്. 2020 സെപ്റ്റംബറിൽ അനൗൺസ് ചെയ്യപ്പെട്ട ചിത്രം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചിത്രീകരണം മുടങ്ങി. പിന്നീട് 2023 ഏപ്രിൽ 28നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
അനിൽ സുങ്കര നിർമിച്ച സിനിമ ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞിരുന്നു. 67 കോടി മുടക്കിയ ഏജന്റിന് ആകെ ലഭിച്ചത് 12 കോടി ബിസിനസാണ്.