സെൽഫ് പ്രമോഷൻ തള്ളലുകൾ ബോറാണ്: വൈറലായി രാഹുൽരാജിന്റെ കുറിപ്പ്
Mail This Article
കലാകാരന്മാർ നടത്തുന്ന സെൽഫ് പ്രമോഷനെയും അവരുടെ തലക്കനത്തെയും വിമർശിച്ച് സംഗീതസംവിധായകൻ രാഹുൽ രാജ്. കലാപരമായ കഴിവുകൾ ദൈവത്തിന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹവും പുണ്യവുമാണെന്നും അതിനെ അങ്ങനെ മാത്രം കരുതണമെന്നും രാഹുൽ രാജ് സമൂഹമാധ്യമത്തിൽ കുറിച്ചു.
രാഹുൽരാജിന്റെ സമൂഹമാധ്യമ പോസ്റ്റ്:
‘നല്ല കലാസൃഷ്ടികൾ ജനം ഏറ്റെടുക്കും. അത് സ്വന്തം മേഖലയിലെ മറ്റു കലാകാരൻമാർ പൂർണ്ണമനസ്സോടെ, ആദരവോടെ അംഗീകരിക്കുകയും ചെയ്യും. എന്ന് വെച്ച് ഉടൻ തന്നെ തനിക്കു മുമ്പും തനിക്കു ശേഷവും മറ്റൊരാളില്ല എന്ന മട്ടിലുള്ള സെൽഫ് പ്രൊമോഷൻ തള്ളലുകൾ സ്വന്തം നിലയിലും മറ്റുള്ളവരെ വെച്ചും ചെയ്യാൻ നിന്നാൽ പരമ ബോറാണെന്നു പറയാതെ വയ്യ. കിട്ടിയതൊക്കെയും ദൈവാനുഗ്രഹവും ഗുരുക്കന്മാരുടെ പുണ്യവും ആസ്വാദകരുടെ സ്നേഹവും ആണെന്ന് കരുതുന്നതാണ് അതിന്റെ ഒരു ഇത്’.
രാഹുൽ രാജിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ആരുടെയും പേര് പരാമർശിക്കാതെ എഴുതിയതിനാൽ ആരെയാണ് ഉദ്ദേശിച്ചതെന്നും പരോക്ഷ വിമർശനം ഉന്നയിച്ചത് ആർക്കു നേരെയാണെന്നും നിരവധി പേർ ചോദിക്കുന്നു. എന്തായിരിക്കാം ഇത്തരമൊരു കുറിപ്പിനു കാരണം എന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ ഇപ്പോൾ സമൂഹമാധ്യമ ലോകത്ത് സജീവമായിരിക്കുകയാണ്.