ADVERTISEMENT

റോളിങ് സ്റ്റോൺ ഇന്ത്യ സംഗീത മാസികയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ റാപ്പർ അറിവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കനേഡിയൻ ഗായകന്‍ ഷാൻ വിൻസന്റ് ഡീ പോൾ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയാണ് ഗായകൻ അറിവിന് പിന്തുണയറിയിച്ചത്. ‘എൻജോയ് എൻജാമി’ എന്ന ഹിറ്റിനു ശേഷം അറിവ് വരികൾ കുറിച്ച ‘നീയേ ഒലി’ ആലപിച്ചത് ഷാൻ വിൻസന്റ് ആണ്. ഈ രണ്ടു പാട്ടുകളെയും അടിസ്ഥാനമാക്കി റോളിങ് സ്റ്റോൺ പുറത്തിറക്കിയ മാസികയുടെ കവർ ചിത്രത്തിൽ നിന്ന് അറിവിനെ ഒഴിവാക്കിയതാണ് വിവാദമായത്. ഷാൻ വിൻസന്റും എൻജോയ് എൻജാമിയിൽ അറിവിന്റെ സഹഗായികയുമായിരുന്ന ധീയും ആണ് കവർ ചിത്രത്തിലുണ്ടായിരുന്നത്. അറിവിനെ മനഃവപൂർവം മാറ്റി നിർത്തിയതാണെന്നാരോപിച്ച് പ്രമുഖരുൾപ്പെടെയുള്ളവർ വിമർശനമുയർത്തിയിരുന്നു. പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഷാൻ വിൻസന്റ് ഡീ പോളും രംഗത്തെത്തിയത്. 

 

'നിരവധി പേര്‍ക്ക് പ്രചോദനമാണ് അറിവ്, ഞങ്ങള്‍ രണ്ടു പേരുടെയും ആശയങ്ങള്‍ ഒന്നാണ്. ഈ ഗാനങ്ങള്‍ക്കു പിന്നില്‍ നിങ്ങളുടെ സംഭാവന എത്രത്തോളം വലുതാണെന്നതിൽ സംശയമില്ല. നിങ്ങളുടെ കഠിനാധ്വാനം തട്ടിപ്പറിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിക്കില്ല. ഈ മേഖലയില്‍ ഇത്രത്തോളം എത്തുക എന്നത് എത്രമാത്രം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് എനിക്കറിയാം. ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ഒരുക്കമാണ്', ഷാന്‍ വിന്‍സന്റ് കുറിച്ചു.

 

കഴിഞ്ഞ ദിവസം അറിവിനെ പിന്തുണച്ചു സംസാരിച്ച സംവിധായകൻ പാ രഞ്ജിത്തിന്റെ പ്രസ്താവനകളോട് കടുത്ത വിയോജിപ്പാണ് ഷാൻ വിൻസന്റ് പ്രകടിപ്പിച്ചത്. രഞ്ജിത്തിന്റെ വാക്കുകൾ വിമര്‍ശനാത്മക പ്രതികരണങ്ങളുണ്ടാക്കിയെന്നും, ഭിന്നിപ്പിന് തിരികൊളുത്തിയെന്നും അദ്ദേഹം തുറന്നടിച്ചു. 'നീയേ ഒലി' രചിച്ചതും 'എന്‍ജോയ് എന്‍ജാമി'യുടെ വരികളെഴുതി അത് പാടിയിരിക്കുന്നതും അറിവാണ്. എന്നാല്‍ ക്രെഡിറ്റിൽ അദ്ദേഹത്തിന്റെ പേരില്ല. ഇത്തരം ഒഴിവാക്കലുകളെയാണ് അദ്ദേഹത്തിന്റെ വരികള്‍ പ്രതിനിധാനം ചെയ്യുന്നത് എന്നുമായിരുന്നു പാ രഞ്ജിത്തിന്റെ വാക്കുകള്‍. പിന്നാലെയാണ് ഷാൻ വിൻസന്റിന്റെ പ്രതികരണമെത്തിയത്. 

 

'സത്യാവസ്ഥയറിയാതെ അദ്ദേഹത്തിന്റെ ട്വീറ്റ് ലക്ഷങ്ങളിലേക്കെത്തി. ആ ട്വീറ്റില്‍ നീയേ ഒലി എന്ന ഗാനം രചിച്ചത് അറിവാണ് എന്ന് പറയുന്നുണ്ടെങ്കിലും, എന്റെ സംഭാവനകളെ കുറിച്ച് പരാമര്‍ശമുണ്ടായില്ല. ഗാനത്തിലെ എന്റെ ഭാഗങ്ങള്‍ ഞാന്‍ തന്നെയാണ് എഴുതിയത്, എഡിറ്റ് ചെയ്തതും ഞാനാണ്. തമിഴ് ഭാഗങ്ങളാണ് അറിവ് എഴുതിയത്. അതൊരു സഹകരണമായിരുന്നു.', ഷാൻ വിൻസന്റ് ഡീ പോള്‍ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com