‘പിണക്കമൊന്നും മാറില്ല, വേണേൽ പാട്ട് പാടാം’; അല്ലുപ്പന്റെ ‘കൊച്ചുപൂമ്പാറ്റ’ പറന്നെത്തിയ വഴി!

Mail This Article
കഴിഞ്ഞ കുറച്ചു നാളുകളായി ഒരു ‘കൊച്ചു പൂമ്പാറ്റ’ ഇങ്ങനെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പാറിപ്പറന്ന് കറങ്ങി നടക്കുകയാണ്. ചെങ്ങന്നൂരിലെ നാലുവയസ്സുകാരൻ അല്ലുപ്പൻ എന്ന ഋതുരാജ് ആണ് കൊച്ചുപൂമ്പാറ്റ പാട്ടുമായി ദശലക്ഷക്കണക്കിനു ഹൃദയങ്ങളിലേയ്ക്കു പറന്നെത്തിയത്. കൊച്ചുപൂമ്പാറ്റേ പാട്ട് പണ്ടേ പരിചിതമെങ്കിലും അല്ലുവിന്റെ ശബ്ദവും ശൈലിയും പാട്ടിനു നൽകിയതു വൻ ജനപ്രീതിയാണ്.
ബന്ധുക്കളായ ആർ.രാഹുലിന്റെയും ആർ.രോഹിത്തിന്റെയും യൂട്യൂബ് ചാനലിൽ അല്ലു ഇടയ്ക്കിടെ മുഖം കാണിക്കാറുണ്ട്. ഒരിക്കൽ വിഡിയോ ചെയ്യുന്നതിനിടെ ഇരുവരും വഴക്ക് പറഞ്ഞതിനെത്തുടർന്ന് അല്ലു പിണങ്ങിയിരുന്നു. പിണക്കം മാറ്റാനായി അവർ വിളിച്ചപ്പോൾ താൻ വരില്ലെന്നും വേണമെങ്കിൽ ഒരു പാട്ട് പാടാൻ വരാമെന്നും പറഞ്ഞു. അങ്ങനെ എൽകെജിയില്‍ അവന്റെ പ്രിയപ്പെട്ട ടീച്ചർ പഠിപ്പിച്ച ‘കൊച്ചു പൂമ്പാറ്റേ’ പാട്ട് പാടി. രാഹുലും രോഹിത്തും അല്ലുവിന്റെ വിഡിയോ ഷൂട്ട് ചെയ്ത് തങ്ങളുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.
വിഡിയോ പുറത്തു വന്നതോടെ അല്ലുപ്പൻ വൈറൽ ആയി. കുറച്ചു ദിവസങ്ങൾക്കിപ്പുറം ഗായകനും രചയിതാവുമായ അശ്വിൻ ഭാസ്കർ പാട്ട് റീമിക്സ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അതോടെ അല്ലുപ്പൻ വേറെ ‘ലെവൽ’ ആയി. മുൻപും അശ്വിൻ ഭാസ്കറിന്റെ റീമിക്സ് വിഡിയോകൾ വൈറൽ ആയിട്ടുണ്ട്.
അല്ലുപ്പന്റെ പാട്ട് ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്നു പ്രതീക്ഷിച്ചതേയില്ലെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും മാതാപിതാക്കളായ രാജേഷും മഞ്ജുവും പറയുന്നു. അല്ലുവിന്റെ സഹോദരൻ മഹിരാജും വ്ലോഗുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. മഴവിൽ മനോരമയിലെ ഹിറ്റ് കോമഡി പരിപാടിയായ ബമ്പർചിരി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട് അല്ലുപ്പൻ. ഇപ്പോൾ സിനിമയിൽ അഭിനയിക്കാനും അല്ലുപ്പന് അവസരം ലഭിച്ചുകഴിഞ്ഞു.