നാട്ടഴക് നിറച്ച് പാൽതു ജാൻവറിലെ പാട്ട്; ഏറ്റെടുത്ത് പ്രേക്ഷകഹൃദയങ്ങൾ
Mail This Article
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘പാൽതു ജാൻവർ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘അമ്പിളി രാവ്’ എന്ന പേരിൽ പുറത്തിറങ്ങിയ ഗാനം അരുൺ അശോക് ആണ് ആലപിച്ചത്. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ഈണമൊരുക്കിയിരിക്കുന്നു. നാട്ടുഭംഗി നിറയുന്ന ഗാനം ചുരുങ്ങിയ സമയത്തിനകമാണു പ്രേക്ഷകർക്കിടയില്‍ ചർച്ചയായത്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു.
അമൽ നീരദ്, മിഥുൻ മാനുവൽ എന്നിവരുടെ സഹായിയായിരുന്ന സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാൽതു ജാൻവർ’. ബേസിലിനൊപ്പം ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയാ കുറുപ്പ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണു ചിത്രത്തിന്റെ നിർമാണം. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് കിരൺ ദാസ്. ഓണത്തിന് സിനിമ തിയറ്ററുകളിൽ എത്തും.