ചൊവ്വല്ലൂരിന്റെ വരികൾക്ക് ഹരിപ്രസാദിന്റെ ഈണം, ഒപ്പം സിതാരയുടെ സ്വരഭംഗിയും; മനം നിറച്ച് ഗാനം

Mail This Article
‘കണ്ടു കണ്ടില്ല തൊട്ടു തൊട്ടില്ല
കണ്ണാ നീ എവിടെ ഒളിച്ചു നിൽപൂ....’
മനം നിറച്ചു പെയ്തിറങ്ങി കൃഷ്ണഭക്തിഗാനം. ഗായിക സിതാര കൃഷ്ണകുമാർ ആലപിച്ച ‘കണ്ടു കണ്ടില്ല തൊട്ടു തൊട്ടില്ല’ എന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. അന്തരിച്ച ഗാനരചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി വരികൾ കുറിച്ച പാട്ടിന് ആർ.ഹരിപ്രസാദ് ഈണമൊരുക്കിയിരിക്കുന്നു.‘ബാലഗോവിന്ദം’ എന്ന ആൽബത്തിലേതാണു ഗാനം.
കേൾവിക്കാരന്റെ ഉള്ളറകളെ ആഴത്തിൽ സ്പർശിക്കുന്ന വരികൾ പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കിക്കഴിഞ്ഞു. വീണ്ടും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ മനോഹര ഗാനം കേൾക്കാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. സിതാരയുടെ മനം നിറയ്ക്കും ആലാപനവും ഹരിപ്രസാദിന്റെ ഹൃദ്യമായ ഈണവും പാട്ടിനെ ദിവ്യാനുഭവമാക്കി തീർക്കുന്നുവെന്നു കുറിക്കുകയാണ് ആസ്വാദകർ. എം.ജി.അനിൽ ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത്. ആദർശ് ഗീത്‌മഹ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നു.
മികച്ച ദൃശ്യഭംഗി കൂടി സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. രതീഷ് ഷൊർണൂർ ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നു. സച്ചിൻ കൃഷ്ണ, ഉദയശങ്കരൻ, സുനിൽ മേനോൻ, സത്യൻ, അക്ഷര രാജ്, ശിവപ്രിയ മുരളി, സംഗീതമുരളി, ഷീബ, അനിഷ് പി.എസ്, സോന, ശ്രീയ എസ്, ശ്രീന ദാന എന്നിവര്‍ ഗാനരംഗത്തില്‍ അഭിനയിച്ചു. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.