ADVERTISEMENT

എ.ആർ.റഹ്മാന് ഓസ്കർ ഉൾപ്പെടെ നിരവധി ലോകോത്തര പുരസ്കാരങ്ങൾ നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ പാട്ട് യഥാർഥത്തിൽ അദ്ദേഹം കംപോസ് ചെയ്തതല്ലെന്ന ആരോപണവുമായി രാം ഗോപാൽ വർമ. ഗായകൻ സുഖ്‌വിന്ദർ സിങ് ആണ് പാട്ട് ചിട്ടപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഫിലിം കമ്പാനിയനു നൽകിയ അഭിമുഖത്തിലാണ് രാം ഗോപാൽ വർമ ഗുരുതര ആരോപണം ഉന്നയിച്ചത്. 

‘2008ൽ സുഭാഷ് ഘായ്‌യുടെ സംവിധാനത്തിൽ സൽമാൻ ഖാനും കത്രീന കൈഫും മുഖ്യ വേഷങ്ങളിലെത്തിയ 'യുവരാജ്' എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. സുഖ്‌വിന്ദർ സിങ് ആണ് പാട്ടിനു പിന്നിൽ. പാട്ടൊരുക്കുന്ന വേളയിൽ റഹ്മാൻ ലണ്ടനിലായിരുന്നു. സുഭാഷ് ഘായ് ആകട്ടെ എത്രയും വേഗം പാട്ട് ചിത്രീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. അദ്ദേഹം തിരക്ക് കൂട്ടിയതിനാൽ റഹ്മാൻ പാട്ട് ചിട്ടപ്പെടുത്താൻ സുഖ്‌വിന്ദറിനെ ഏൽപ്പിച്ചു. അങ്ങനെയാണ് അദ്ദേഹം ജയ് ഹോ ഈണം സൃഷ്ടിച്ചത്. എന്നാൽ ഈ ഗാനം യുവരാജ് എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിർമാതാവ് തീരുമാനിച്ചു. അങ്ങനെ ചിത്രത്തിൽ നിന്നും പാട്ട് ഒഴിവാക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു’– രാം ഗോപാൽ വർമ പറഞ്ഞു.  ‍

‘എന്നാൽ തന്നിൽ നിന്നും കോടികൾ പ്രതിഫലം വാങ്ങിയ റഹ്മാൻ, സുഖ്‌വിന്ദർ ചിട്ടപ്പെടുത്തിയ ഈണമാണ് തനിക്കു നൽകിയതെന്നറിഞ്ഞപ്പോൾ സുഭാഷ് ഘായ് പൊട്ടിത്തെറിച്ചു. എന്ത് ധൈര്യത്തിലാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നു ചോദിച്ചു കയർത്ത സംവിധായകന് മഹത്തായ മറുപടിയാണ് റഹ്മാൻ നൽകിയത്. ‘‘സർ, നിങ്ങൾ എന്റെ പേരിനാണ് പണം നൽകുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാൻ അംഗീകരിച്ചാൽ അത് എന്റെ പേരിൽ തന്നെയാകും. എന്റെ ഡ്രൈവറിനു പോലും ചിലപ്പോൾ സംഗീതം സൃഷ്ടിക്കാനാകും. അല്ലെങ്കിൽ മറ്റാർക്കെങ്കിലും. അത് എന്റെ പേരിൽ വന്നാൽ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും’’ എന്നായിരുന്നു റഹ്മാന്റെ പ്രതികരണമെന്നു രാം ഗോപാൽ വർമ ആരോപിച്ചു. 

2009ലാണ് ഡാനി ബോയ്ൽ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്യണയർ’ പുറത്തിറങ്ങിയത്. ഗുൽസാർ, തൻവി എന്നിവർ ചേർന്നായിരുന്നു ഗാനരചന. എ.ആർ.റഹ്മാൻ, സുഖ്‌വിന്ദർ സിങ്, തൻവി, മഹാലക്ഷ്മി അയ്യർ, വിജയ് പ്രകാശ് എന്നിവർ ചേർന്നു ഗാനം ആലപിച്ചു. പാട്ടൊരുക്കുന്ന വേളയിൽ കോവിഡ് ലോക്ഡൗണിനു സമാനമായ സാഹചര്യമായിരുന്നുവെന്നും താൻ ലണ്ടനിലും ഗാനരചയിതാക്കളും ഗായകരും മറ്റു പല ഇടങ്ങളിലുമായിരുന്നുവെന്നും റഹ്മാൻ വെളിപ്പെടുത്തിയിട്ടുണ്ട്. 2009ൽ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലാണ് ‘ജയ് ഹോ’ ഓസ്കർ നേടിയത്. ഇപ്പോൾ പാട്ടിനെക്കുറിച്ചുള്ള രാം ഗോപാൽ വർമയുടെ വെളിപ്പെടുത്തൽ ചർച്ചയായിരിക്കുകയാണ്. എന്നാൽ ആരോപണങ്ങളോട് എ.ആർ.റഹ്മാൻ പ്രതികരിച്ചിട്ടില്ല. 

English Summary:

Ram Gopal Varma reveals AR Rahman did not compose Jai Ho song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com