സുമനസ്സുകളുടെ സഹായം തേടി ‘വിഗ്’ രാജാ

Mail This Article
ചങ്ങനാശേരി ∙ നാടകത്തിലും സ്റ്റേജ് ഷോകളിലും കലാകാരന്മാരുടെ കേശാലങ്കാരം മനോഹരമാക്കാൻ 4 പതിറ്റാണ്ടായി അത്യധ്വാനം ചെയ്തിരുന്ന ‘വിഗ്’ രാജാ (70)ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കെ.രാജാ എന്ന യഥാർഥ പേര് തന്നെ പലരും മറന്നെങ്കിലും കലാകാരന്മാരുടെ ഇടയിൽ വിഗ് രാജാ എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രതിഭയുടെ കലാവൈഭവം മേഖലയിൽ ഏവർക്കും സുപരിചിതമാണ്.
ശാരീരികമായ ചില അവശതകൾ കുറച്ചു വർഷങ്ങളായി ഉണ്ടായിരുന്നെങ്കിലും ഒക്ടോബറിൽ കാൻസർ സ്ഥിരീകരിച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. ക്ഷയരോഗത്തിനും ചികിത്സ ചെയ്യുന്നുണ്ട്. ഭാര്യ നിർമല ദേവിയോടൊപ്പം നഗരസഭ 21–ാം വാർഡിൽ പത്മതീർഥം എന്ന വീട്ടിൽ വാടകയ്ക്ക് കഴിയുകയാണ്.
എവിഎം സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോഴാണ് രാജാ കേശാലങ്കാരം പഠിച്ചത്. ക്രമേണ സിനിമയിലും സ്വതന്ത്രമായി ജോലികൾ ചെയ്തു തുടങ്ങി. പിന്നീട് നാടകങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. കെപിഎസി, സംഘചേതന, നവധാര തുടങ്ങി കേരളത്തിലെ പ്രധാന നാടക സമിതികളിലെല്ലാം പ്രവർത്തിച്ചു. തോപ്പിൽ ഭാസി, എൻ.എൻ.പിള്ള, വി.സാംബശിവൻ തുടങ്ങി ഒട്ടേറെ പ്രശസ്തർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. വിവിധ നാടുകളിൽ ജോലി ചെയ്തു. ഇങ്ങനെയാണ് ചങ്ങനാശേരിയിലേക്കും എത്തിയത്. പിന്നീട് ചങ്ങനാശേരി പ്രധാന തട്ടകമായി മാറി.
4 ജോലിക്കാർ വരെ രാജായുടെ കൂടെ ജോലി ചെയ്തിരുന്നു. കോവിഡ് കാലത്ത് തിരക്ക് കുറഞ്ഞിരുന്നു. ഇതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥികളായി രോഗങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി ജീവിതത്തിലേക്കു എത്തിയത്.
രോഗാവസ്ഥയിലായതോടെ വീട്ടിലെ കാര്യങ്ങളും ബുദ്ധിമുട്ടിലായി. ഇന്റേണൽ ബ്ലീഡിങ് ഉള്ളതിനാൽ നിശ്ചിത ഇടവേളകളിൽ രക്തം കയറ്റണം. ഏക മകൾ ദിവ്യ വിവാഹിതയാണ്. രാജായുടെ രോഗവിവരം അറിഞ്ഞ് ദിവ്യയും വീട്ടിൽ എത്തിയിട്ടുണ്ട്. ചികിത്സയ്ക്കും മറ്റുമായി സുമനസ്സുകൾ സഹായത്തിനെത്തും എന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
രാജായുടെ അക്കൗണ്ട് വിവരങ്ങൾ : നമ്പർ : 0705110000551, ഐഎഫ്എസ് സി കോഡ് : CNRB0000705, കാനറാ ബാങ്ക്, ചങ്ങനാശേരി.