അച്ഛന്റെ വഴിയേ... ജനറൽ ബിപിൻ റാവത്തിന്റേത് സൈനിക കുടുംബം
Mail This Article
ജനറൽ ബിപിൻ റാവത്ത് (63) 1958 – 2021
സൈനിക സേവനത്തിന്റെ ഭാഗമായുള്ള കോഴ്സ് പൂർത്തിയാക്കിയ കോളജിലെ ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണു ജനറൽ ബിപിൻ റാവത്തിന്റെ മരണം. വെല്ലിങ്ടനിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലെ പൂർവ വിദ്യാർഥിയായിരുന്നു അദ്ദേഹം. സേനയിൽ ഉന്നത റാങ്കുകളിലേക്കെത്തുന്നവർ നിർബന്ധമായും പൂർത്തിയാക്കുന്ന കോഴ്സാണു വെല്ലിങ്ടനിലേത്. ഉത്തരാഖണ്ഡിലെ പൗഡിയിൽ 1958 മാർച്ച് 16നു ജനിച്ച റാവത്ത് അച്ഛൻ ലഫ്. ജനറൽ ലക്ഷ്മൺ സിങ് റാവത്തിന്റെ പാത പിന്തുടർന്നാണു സേനയിൽ ചേർന്നത്. ലക്ഷ്മണിന്റെ മുൻതലമുറക്കാരും സേനയിലായിരുന്നു.
ഡെറാഡൂൺ, ഷിംല എന്നിവിടങ്ങളിൽ നിന്നാണു റാവത്ത് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നാഷനൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിറ്ററി അക്കാദമി എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഗൂർഖ റൈഫിൾസിന്റെ ഭാഗമായി 1978 ഡിസംബർ 16നു സേനയിൽ ചേർന്നു. യുപിയിൽ നിന്നുള്ള മുൻ എംഎൽഎ: കിഷൻ സിങ് പാർമറുടെ മകളായിരുന്നു റാവത്തിന്റെ അമ്മ.
സൈനിക സേവന മികവിനു പരമവിശിഷ്ട സേവാ മെഡൽ നൽകി രാജ്യം റാവത്തിനെ ആദരിച്ചിട്ടുണ്ട്. 2016 ഡിസംബർ 31നു കരസേനാ മേധാവിയായി. 2020 ജനുവരി ഒന്നിനു രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാ മേധാവിയായി. ആ പദവിയിൽ ഇനി 2 വർഷം കൂടി കാലാവധി ബാക്കിയുണ്ടായിരുന്നു. ഭാര്യ മധുലിക റാവത്ത് മധ്യപ്രദേശിലെ ഷാഹ്ദോൾ സോഹഗ്പുർ രാജകുടുംബാംഗവും കോൺഗ്രസ് നേതാവുമായിരുന്ന മൃഗേന്ദ്ര സിങ്ങിന്റെ മകളാണ്. കൃതിക, തരിണി എന്നിവരാണ് മക്കൾ.
English Summary: Bipin Rawat family details