തീരം തകർക്കുന്ന തീരാദുരിതങ്ങൾ

Mail This Article
തീരശോഷണം നമ്മുടെ തീരദേശവാസികളുടെ ജീവിതമപ്പാടെ തകർത്തുകൊണ്ടിരിക്കുകയാണ്. കടലിൽനിന്നു വരുമാനമാർഗം കണ്ടെത്തി ജീവിച്ചവർ പല കരകളിലേക്കു പറിച്ചെറിയപ്പെടുന്ന സാഹചര്യം. കടൽ കയറി തീരം കവരുകയും തീരസംരക്ഷണ പ്രവർത്തനങ്ങളൊന്നും ലക്ഷ്യം കാണാതിരിക്കുകയും ചെയ്യുമ്പോൾ ദുരിതം കഠിനമാകുന്നു. തീരശോഷണത്തിന്റെ ഭാഗമായി വീടു നഷ്ടപ്പെട്ട എത്രയോ കുടുംബങ്ങളാണ് ഗോഡൗണുകളിലും വാടകവീടുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത്. മലയാള മനോരമ പ്രസിദ്ധീകരിച്ച ‘തിരയെടുത്തു, തിരികെയില്ല’ എന്ന പരമ്പരയിൽ തീരശോഷണത്തിന്റെ തീരാദുരിതങ്ങൾ അലയടിക്കുകയായിരുന്നു.
ഇന്ത്യയിൽ ഏറ്റവുമധികം തീരശോഷണം സംഭവിക്കുന്ന സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്. നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച് നടത്തിയ പഠനത്തിലാണ് കേരളത്തിൽ 46.4% തീരശോഷണം സംഭവിക്കുന്നതായി കണ്ടെത്തിയത്. 592.96 കിലോമീറ്റർ കടൽത്തീരമുള്ള കേരളത്തിൽ 275.33 കിലോമീറ്റർ മേഖലയിലാണ് ഇതിനകം തീരശോഷണമുണ്ടായിരിക്കുന്നത്.
മിക്ക സംസ്ഥാനങ്ങളിലും കടൽത്തീരശോഷണത്തിന് ആനുപാതികമായി തീരപോഷണം (തീരത്തിന്റെ പുനഃസ്ഥാപനം) നടക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽ നഷ്ടപ്പെടുന്ന തീരത്തിന്റെ പകുതിപോലും പുനഃസ്ഥാപിക്കപ്പെടുന്നില്ലെന്നു നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു വർഷം വിവിധ കാരണങ്ങളാൽ രൂക്ഷമായ തീരശോഷണമാണു കേരളത്തിൽ നടന്നത്. തിരമാലകളുടെ ഗതി, ശക്തി, കാറ്റ്, ചുഴലിക്കാറ്റ്, ആഗോളതാപനം മൂലം ഉയരുന്ന സമുദ്രനിരപ്പ് എന്നിവയാണു പ്രകൃതിദത്ത കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ഡ്രജിങ്, ഹാർബർ നിർമാണം, ഡാം നിർമാണം, തീരമണൽ ഖനനം തുടങ്ങിയ പ്രവർത്തനങ്ങളും തീരശോഷണത്തിനു കാരണമാകുന്നതായി ആ റിപ്പോർട്ടിൽ പറയുന്നു.
ഓഖി ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും തീരമേഖലയുടെ പുനർനിർമാണത്തിനുമായുള്ള വാഗ്ദാനങ്ങളിൽ കടലെടുക്കാതെ ശേഷിച്ചത് എത്രത്തോളമാണെന്ന് അധികൃതർ ആത്മപരിശോധന നടത്തേണ്ടതുണ്ട്. മുന്നറിയിപ്പു സംവിധാനങ്ങളെയും ദുരന്തനിവാരണ പ്രവർത്തനങ്ങളെയുമൊക്കെ തോൽപിച്ച്, 2017ൽ ഓഖി വരുത്തിവച്ച നഷ്ടക്കണക്കുകൾക്കു കടലാഴമായിരുന്നു. ദുരന്തത്തിനുശേഷം സംസ്ഥാന സർക്കാർ 2000 കോടി രൂപയുടെ സമഗ്ര പാക്കേജ് ഉൾപ്പെടെ പ്രഖ്യാപിച്ചെങ്കിലും പലതും ഇനിയും നടപ്പായിട്ടില്ലെന്നു മത്സ്യത്തൊഴിലാളി കുടുംബങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
കടൽക്ഷോഭം നേരിടുന്ന മേഖലകളിൽ, തീരത്തുനിന്നു മാറിത്താമസിക്കുന്നതിനു പുനർഗേഹം പദ്ധതിപ്രകാരം സർക്കാർ അനുവദിക്കുന്നത് 10 ലക്ഷം രൂപയാണ്; 6 ലക്ഷം സ്ഥലം വാങ്ങാനും 4 ലക്ഷം വീടുപണിയാനും. ഈ തുകയ്ക്കു സ്ഥലം എവിടെക്കിട്ടുമെന്നും കിട്ടി വീടുപണിതാൽതന്നെ ഉപജീവനത്തിന് എന്താണു മാർഗമെന്നുമാണ് അവരുടെ ചോദ്യം. കടലുമായി ബന്ധമില്ലാത്ത എവിടെയെങ്കിലും പോയാലേ സർക്കാർ തരുന്ന പണത്തിനു 3 സെന്റെങ്കിലും കിട്ടൂ എന്നും അവർ പറയുന്നു.
രണ്ടോ മൂന്നോ വർഷത്തിനിടെ തിരുവനന്തപുരത്തു തീരശോഷണവും കടൽക്ഷോഭവും മൂലം തകർന്നതു മുന്നൂറിലേറെ വീടുകളാണെന്നു ലത്തീൻ അതിരൂപത ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം തുറമുഖനിർമാണമാണു കാരണമെന്ന് അവർ വിലയിരുത്തുമ്പോൾ ഇതു തെളിയിക്കുന്ന പഠനങ്ങളൊന്നും ഇല്ലെന്നാണു സർക്കാരിന്റെ വാദം.
ഓഖി ദുരന്തത്തിന്റെ തിക്തഫലങ്ങൾ മുഴുവൻ ഏറ്റുവാങ്ങിയവരാണ് ഈ മേഖലയിലെ തീരദേശജനത. കടലിലുണ്ടാകുന്ന ഏത് അസാധാരണ ചലനവും തങ്ങളുടെ അടിത്തറയിളക്കുന്നതാണെന്ന അവരുടെ ആശങ്ക അർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ കടൽക്ഷോഭത്തിൽ വീടു നഷ്ടപ്പെട്ടവരെ സർക്കാർ തിരിഞ്ഞുനോക്കാതിരിക്കുകയും മണ്ണെണ്ണ സബ്സിഡി ഉൾപ്പെടെ ഉപജീവനത്തിനുള്ള ആവശ്യങ്ങൾ അവഗണിക്കുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളി സമൂഹത്തിന് ആഴത്തിൽ മുറിവേറ്റു.
ഫിഷറീസ് വകുപ്പ് കൊച്ചി ചെല്ലാനത്ത് തീരസംരക്ഷണത്തിനു ടെട്രാപോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം പൂന്തുറയിൽ ജിയോ ട്യൂബുകൾ നിരത്തുമ്പോൾ, അഞ്ചുതെങ്ങിൽ പുലിമുട്ടു നിർമിക്കുന്നതിനു ഭരണാനുമതിയായിട്ടുണ്ട്. തീരസംരക്ഷണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുവെന്നു വകുപ്പു പറയുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ഉറപ്പാക്കേണ്ടതുണ്ട്. ലോകത്തു പലയിടത്തും തീരസംരക്ഷണത്തിനു മണൽ റീസൈക്ലിങ്, ബൈപാസിങ്, റീച്ചാർജിങ് എന്നിങ്ങനെ പല മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ പ്രായോഗികവും സുസ്ഥിരവുമായ വഴികളിലേക്കു സർക്കാർ പോകേണ്ടതുണ്ട്. വാഗ്ദാനങ്ങൾ കേട്ടു നിരാശരായ മത്സ്യത്തൊഴിലാളി സമൂഹം ഫലവത്തായ നടപടികളാണ് ആഗ്രഹിക്കുന്നത്.
Content Highlight: Coastal erosion in Kerala