ADVERTISEMENT

കഴിഞ്ഞ 5 വർഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കടന്നുപോയത് ഒട്ടേറെ രാഷ്ട്രീയ ചുഴലിക്കാറ്റുകളിലൂടെ. പുതിയ രാഷ്ട്രീയ സഖ്യങ്ങൾ രൂപം കൊണ്ടതോടെ ചരിത്രത്തിൽ ആദ്യമായി മേഖല കോൺഗ്രസ് മുക്തമായി. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ഭരണം പിടിക്കുകയോ ഭരണസഖ്യങ്ങളുടെ ഭാഗമാകുകയോ ചെയ്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമായിരുന്ന പ്രമുഖരിൽ പലരും ഇപ്പോൾ ബിജെപി പക്ഷത്താണ്. പക്ഷേ, നിലവിലെ എംപിമാരുടെ എണ്ണം നോക്കിയാൽ ഇരുകക്ഷികളും ഒപ്പത്തിനൊപ്പമാണ്.

c

അരുണാചലിലും സിക്കിമിലും ലോക്‌സഭയ്ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. ലോക്സഭയിലേക്ക് 25 സീറ്റാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ളത്. ഇതിൽ 14 സീറ്റും അസമിലാണ്. അരുണാചൽപ്രദേശ്, മണിപ്പുർ, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ രണ്ടും നാഗാലാൻഡ്, സിക്കിം, മിസോറം എന്നിവിടങ്ങളിൽ ഓരോന്നും. അസമിൽ കഴിഞ്ഞ തവണ 7 സീറ്റാണു ബിജെപി നേടിയത്. കോൺഗ്രസും എഐയുഡിഎഫും 3 വീതം നേടി. ഒരു സീറ്റ് സ്വതന്ത്രനും. ത്രിപുരയിലെ 2 സീറ്റും സിപിഎം നേടി. മിസോറമിലെ ഏക സീറ്റും മണിപ്പുരിലെ 2 സീറ്റും മേഘാലയ, അരുണാചൽ എന്നിവിടങ്ങളിലെ ഓരോ സീറ്റും കോൺഗ്രസ് നേടി. ബാക്കി സീറ്റുകളിലെല്ലാം പ്രാദേശിക പാർട്ടികളാണു ജയിച്ചത്.

Assam-MAL-lok-sabha-election-2014-results-info-graphic-map

അസം ദേശീയ പൗരത്വ പട്ടിക, പൗരത്വ ഭേദഗതി ബിൽ എന്നിവ പ്രധാന വിഷയമാകുമ്പോൾ നാഗാ ഉടമ്പടി, വിവിധ ഗോത്രവർഗ പ്രത്യേക സംസ്ഥാനാവകാശം, സ്വയംഭരണാധികാര പ്രദേശങ്ങളുടെ രൂപീകരണം, കൂടുതൽ ഗോത്ര വിഭാഗങ്ങളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവയും ചർച്ച ചെയ്യപ്പെടുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്ക് രൂക്ഷമായ പ്രക്ഷോഭമാണു കേന്ദ്രസർക്കാരിനെതിരെ ഉയർന്നത്. പ്രക്ഷോഭം നടത്തിയതു ബിജെപി നേതൃത്വം നൽകുന്ന ‘നേതാ’യുടെ (നോർത്ത് ഈസ്റ്റ് ഡവലപ്മെന്റ് അലയന്സ്) അംഗങ്ങളും. നേതായുടെ ഭാഗമായ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയാണു ബിജെപിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചതും.

Meghalaya-MAL-lok-sabha-election-2014-results-info-graphic-map

സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) മേഘാലയ, അസം, മണിപ്പുർ, അരുണാചൽ തുടങ്ങിയ സംസ്ഥാനങ്ങളിൽ 14 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. വടക്കു കിഴക്ക് ആകെ 18 സീറ്റുകളിൽ ബിജെപി മത്സരിക്കുന്നു. ചില മണ്ഡലങ്ങളിൽ സഖ്യകക്ഷികളുമായും ഏറ്റുമുട്ടുന്നു. പക്ഷേ, തിരഞ്ഞെടുപ്പിനു ശേഷം അവർ കേന്ദ്രത്തിൽ ബിജെപിയെ പിന്തുണയ്ക്കുമെന്നാണു പാർട്ടി ജന. സെക്രട്ടറി രാം മാധവ് അവകാശപ്പെടുന്നത്. പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് അസം ഗണ പരിഷത്ത് മുന്നണി വിട്ടുപോയെങ്കിലും തിരഞ്ഞെടുപ്പോടെ തിരിച്ചെത്തിയതു ബിജെപിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.

Mizoram-MAL-Loksabha-Constituency-seats-2014-map

ജയസാധ്യതയില്ലാത്ത 5 സിറ്റിങ് എംപിമാർക്കു സീറ്റ് നിഷേധിച്ച ബിജെപി, 2 മന്ത്രിമാർ ഉൾപ്പെടെ 4 സിറ്റിങ് എംഎൽഎമാരെയാണു മൽസരത്തിനിറക്കിയത്. ത്രിപുരയിൽ സിപിഎമ്മിനു ജീവന്മരണ പോരാട്ടമാണ്. 2 സിറ്റിങ് എംപിമാരും സിപിഎമ്മിന്റേതാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു മുൻപിൽ തകർന്നടിഞ്ഞ സിപിഎം കരുത്തു വീണ്ടെടുക്കാനുള്ള തീവ്രപ്രചാരണത്തിലാണ്. അരുണാചൽ വെസ്റ്റിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിനെതിനെതിരെ മുൻ മുഖ്യമന്ത്രി നബം തുക്കിയെയാണു കോൺഗ്രസ് ഇറക്കിയിട്ടുള്ളത്. വടക്കു കിഴക്ക് ബിജെപിയുടെ മുഖ്യനേതാവായ അസം ധനമന്ത്രി ഹിമാന്ദ ബിശ്വശർമയ്ക്കു മൽസരിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും പാർട്ടി അനുവദിച്ചില്ല.

Nagaland lok sabha elections 2019

സായുധ വിഘടനവാദി സംഘടനകളുടെ സാന്നിധ്യം ഏറെയില്ലാത്ത തിരഞ്ഞെടുപ്പു കൂടിയായിരിക്കും ഇത്തവണത്തേത്. ഉൾഫ, എൻഡിഎഫ്‌ബി തുടങ്ങിയ സംഘടനകൾക്കു ശക്തി ക്ഷയിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള തീയതി അവസാനിച്ചതോടെ, അരുണാചൽ നിയമസഭയിലേക്ക് 3 ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. ശേഷിക്കുന്ന 57 സീറ്റുകളിലേക്ക് ലോക്സഭയ്ക്കൊപ്പം തിരഞ്ഞെടുപ്പു നടക്കും.

Tripura-MAL-lok-sabha-election-2014-results-info-graphic-map

തിരിച്ചടികൾ നേരിടാൻ ബിജെപി

വടക്കുകിഴക്ക് ചടുലമായ സഖ്യനീക്കങ്ങളുമായി തുടക്കത്തിൽ മു‌ന്നിൽപ്പോയ ബിജെപിക്ക് കഴിഞ്ഞ കുറച്ചുദിവസങ്ങളായി തിരിച്ചടികളാണ്. സീറ്റ് നിഷേധിക്കപ്പെട്ട ഇരുപതിലേറെ നേതാക്കൾ പാർട്ടി വിട്ടതും സഖ്യത്തിലുള്ള ചില കക്ഷികൾ ഒറ്റയ്ക്കു മൽസരം പ്രഖ്യാപിച്ചതുമാണ് ബിജെപിയെ പ്രധാനമായും പ്രതിരോധത്തിലാക്കുന്നത്.

Arunachal Pradesh Election 2014 Map

അരുണാചലിലാണ് ഏറ്റവും കടുത്ത പ്രതിസന്ധി. ഇവിടെ സ്ഥാനാർഥി നി‌ർണയത്തിലെ അവഗണനയ്ക്കിടെ 18 നേതാക്കൾ എൻപിപിയിലേക്കു കുടിയേറി. ത്രിപുരയിൽ, ബിജെപി വൈസ് പ്രസിഡന്റ് തന്നെ കോൺ‌ഗ്രസിൽ ചേർന്നു. ഏറ്റവും കൂടുതൽ വിജയപ്രതീക്ഷ പുലർത്തുന്ന അസമിൽ‍ മാത്രം 5 മുൻനിര നേതാക്കൾക്കാണ് സീറ്റ് നിഷേധിച്ചത്; സിറ്റിങ് എംപിമാരടക്കം. ഇവരുടെ അസ്വസ്ഥത പാർട്ടിയുടെ പ്ര‌കടനത്തെ ബാധിക്കുമെന്നിരിക്കെ, അനുനയ ശ്രമങ്ങളുമായി നേതൃത്വം രംഗത്തിറങ്ങിയിട്ടുണ്ട്.

വടക്കുകിഴക്ക്–25 (അസം, ത്രിപുര, അരുണാചൽ, മേഘാലയ, മണിപ്പുർ, നാഗാലാൻഡ്, മിസോറം, സിക്കിം)

എൻഡിഎ–9

∙ബിജെപി: 8 ∙എൻപിപി: 1

യുപിഎ–8

∙കോൺഗ്രസ്: 8

മറ്റുള്ളവർ–8

∙എഐയുഡിഎഫ്: 3 ∙സിപിഎം: 2 ∙എൻപിഎഫ്:1 ∙എസ്ഡിഎഫ്: 1 ∙സ്വതന്ത്രൻ: 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com