അയലത്തെ രമ്യ ഹരിദാസ്; തമ്പിദുരൈയ്ക്കെതിരെ ജോതി മണിയുടെ തീപാറും പോര്

Mail This Article
കാവേരിയുടെ ഏറ്റവും വലിയ പോഷക നദിയായ അമരാവതിയുടെ കരയിലാണു കരൂർ. കടുത്ത വേനലിൽ നീർച്ചാലു പോലുമില്ലാത്ത വിധം നദി വറ്റി വരണ്ടിരിക്കുന്നു. നദിയിൽ വെള്ളമില്ലെങ്കിലും കരയിൽ ഒഴുക്കും ഓളവും ആവോളമുണ്ട്. ഡിഎംകെ മുന്നണി സ്ഥാനാർഥിയായി മൽസരിക്കുന്ന കോൺഗ്രസിന്റെ യുവരക്തം ജോതി മണി അഴിച്ചുവിട്ട പ്രചാരണക്കൊടുങ്കാറ്റിൽ അണ്ണാഡിഎംകെയുടെ പരമ്പരാഗത കോട്ടയ്ക്ക് ഇളക്കം തട്ടിയിരിക്കുന്നു. ജോതി തരംഗത്തിൽ വിയർത്തു കുളിക്കുന്നതു മണ്ഡലത്തിൽ അഞ്ചാം ജയം തേടിയിറങ്ങുന്ന ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ എം.തമ്പിദുരൈ.

കരൂരിന്റെ തങ്കച്ചി
തമിഴ്നാട്ടിലെ രമ്യാ ഹരിദാസാണു ജോതി മണി. കോടികളുടെ പകിട കളിയായ സംസ്ഥാനത്തെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ആത്മവിശ്വാസവും കഠിനാധ്വാനവും നിക്ഷേപമാക്കി അങ്കത്തിനിറങ്ങിയ സാധാരണക്കാരി. ആലത്തൂരുകാർക്കു രമ്യ പെങ്ങളൂട്ടിയെങ്കിൽ കരൂരിനു ജോതി മണി തങ്കച്ചിയാണ്. കർഷക കുടുംബത്തിൽ ജനനം. രാഹുൽ ബ്രിഗേഡ് വഴി രാഷ്ട്രീയ മുഖ്യധാരയിലെത്തി യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വരെയായി. മൂന്നു തിരഞ്ഞെടുപ്പു തോൽവികൾക്കു ചോർത്താനാകാത്ത പോരാട്ട വീര്യമാണു 43-കാരിയുടെ കൈമുതൽ.
വെയിലിലും തണുത്ത്
കത്തുന്ന വെയിലിലും തണുത്തു നിൽക്കുന്ന തമ്പിദുരൈയുടെ പ്രചാരണ യോഗത്തിൽ ചില സൂചനകളുണ്ട്. ഡിണ്ടിഗൽ ജില്ലയിലുൾപ്പെടുന്ന വേടസന്തൂരിലെ പ്രചാരണ യോഗം തിരക്കഥ വായിച്ച ശേഷം സിനിമ കാണുന്നതുപോലെ. എല്ലാം പ്രതീക്ഷിച്ചത്. ആവേശമില്ല, ആരവമില്ല. വഴിപാടുപോലെ ഒരു ചടങ്ങ്. അണ്ണാഡിഎംകെ കൊടിപിടിച്ച് ഇരുപതോളം പേർ. പ്രചാരണ വാഹനത്തിൽ നിന്നിറങ്ങാതെ, ചുരുങ്ങിയ വാക്കുകളിൽ വോട്ടർഭ്യർഥിച്ചു അടുത്ത കേന്ദ്രത്തിലേക്ക്. ലോക്സഭ നിയന്ത്രിക്കുമ്പോൾ ചൂരൽപിടിച്ച ഹെഡ് മാസ്റ്ററുടെ കാർക്കശ്യത്തോടെ ഒച്ചയെടുക്കുന്ന തമ്പിദുരൈ വെയിലേറ്റ് വാടിയിരിക്കുന്നു.അഞ്ചു തവണ ലോക്സഭയിലേക്കും മൂന്നു തവണ നിയമസഭയിലേക്കും ജയിച്ച മുൻ മന്ത്രി, 72-ാം വയസ്സിൽ നേരിടുന്നതു ജീവിതത്തിലെ ഏറ്റവും കഠിനമേറിയ പോരാട്ടം.
തീപ്പൊരി ജോതി
അയ്യാലൂരിൽ ഉച്ചയ്ക്കു ഒരു മണിക്കാണു ജോതി മണിയെ കണ്ടത്. തീയിൽ കുരുത്തതെന്നു കോൺഗ്രസ് പ്രവർത്തകർ വിശേഷിപ്പിക്കുന്ന ജോതി വെയിലേറ്റു വാടിയിട്ടില്ല. രമ്യയ്ക്കു പാട്ടാണു പ്രചാരണായുധമെങ്കിൽ തീപ്പൊരി ചിതറുന്ന വാക്കുകളാണു ജോതിയുടെ കൂട്ട്. സ്ഥാനാർഥി കോൺഗ്രസിന്റേതാണെങ്കിലും ഡിഎംകെ കട്ടയ്ക്കു നിൽക്കുന്നു. ദിനകരപക്ഷത്തു നിന്ന് ഈയിടെ ഡിഎംകെയിൽ ചേർന്ന മുൻമന്ത്രി സെന്തിൽ ബാലാജിയാണു അരങ്ങിലും അണിയറയിലും നിറയുന്നത്. പാർട്ടിയിലെത്തി മൂന്നു മാസത്തിനകം ജില്ലാ സെക്രട്ടറിയായതു വെറുതയല്ലെന്നു തെളിയിക്കാനുള്ള പടപ്പുറപ്പാട്.
മുകളിലേക്ക് എളുപ്പവഴികളില്ല
കോൺഗ്രസല്ലേ പാർട്ടി. കരൂരിനായി ഒരുപാടു പേർ കുപ്പായം തുന്നിയിരുന്നു. ഒടുവിൽ, ഡൽഹിയിൽനിന്നുള്ള ഇടപെടലാണു ജോതി മണിക്കു സീറ്റുറപ്പിച്ചത്. ഹൈക്കമാൻഡ് പ്രതിനിധിയാണെങ്കിലും നൂലിൽ കെട്ടിയിറക്കിയതല്ല, മണ്ണിൽ മുളച്ചതാണെന്ന വ്യത്യാസമുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇടപെട്ടതിന്റെ ലൈക്കല്ല, നാട്ടുകാർക്കിടയിൽ പ്രവർത്തിച്ചതിന്റെ തഴമ്പാണു കൈമുതൽ. 21-ാം വയസ്സിൽ സജീവ രാഷ്ട്രീയത്തിലിറങ്ങി. അമരാവതിയിലെ അനധികൃത ഖനനത്തിനെതിരെ നടത്തിയ പോരാട്ടത്തിലൂടെ കരുരൂകാർ നേരത്തേ ഹൃദയത്തിൽ ഇടം നൽകിയിട്ടുണ്ട്.
കേരളത്തിൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പു വരണാധികാരിയായി വന്നിട്ടുള്ള ജോതി മണിക്കു മലയാളമുൾപ്പെടെ അഞ്ചു ഭാഷകൾ അറിയാം. തമിഴിൽ കവിതയുൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ. ‘നേതൃത്വത്തിലേക്കു എളുപ്പവഴികളില്ല’ എന്നാണ് അതിലൊന്നിന്റെ പേര്. കരൂരിൽനിന്നു ലോക്സഭയിലേക്കുള്ള എളുപ്പ വഴി ആർക്കെന്നു മണ്ഡലത്തിലെ 13 ലക്ഷം വോട്ടർമാർ തീരുമാനിക്കും.
ജോതി മണി മനോരമയോട്:
‘ദേശീയ രാഷ്ട്രീയത്തിൽ എന്റെ ആദ്യ ദൗത്യം കേരളത്തിലായിരുന്നു: യൂത്ത് കോൺഗ്രസ് കോ-ഓർഡിനേറ്റർ. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതു തീർച്ചയായും ദക്ഷിണേന്ത്യയിൽ കോൺഗ്രസിനു ഗുണം ചെയ്യും. രമ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പു വിശേഷങ്ങൾ അറിയുന്നുണ്ട്.