ഭീതിയുടെ വൻ ചുഴലിക്കാറ്റ് 2 പതിറ്റാണ്ടിനുശേഷം

Mail This Article
തിരുവനന്തപുരം/ ന്യൂഡൽഹി ∙ ബംഗാൾ ഉൾക്കടലിൽ വൻ ചുഴലിക്കാറ്റ് ( സൂപ്പർ സൈക്ലോൺ) രൂപംകൊ ള്ളുന്നത് 21 വർഷത്തിനു ശേഷം. മണിക്കൂറിൽ 221 കിലോമീറ്റർ വേഗം കൈവരിക്കുന്നവയാണു ‘സൂപ്പർ സൈക്ലോൺ’ വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഉംപുൻ നാളെയോടെ മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ്.
1999ലാണ് ഇതിനു മുൻപ് ഒഡീഷതീരത്തു സൂപ്പർ സൈക്ലോൺ ഉണ്ടായത്. ഒഡീഷ ഇതുവരെ 11 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ബംഗാൾ സർക്കാരും തീര ജില്ലകളിൽ ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പു നൽകി. ഒഡീഷയിലെ 809 ചുഴലിക്കാറ്റ് രക്ഷാ കേന്ദ്രങ്ങളിൽ 242 എണ്ണം കോവിഡ് ക്വാറന്റീൻ കേന്ദ്രങ്ങളാക്കി മാറ്റിയതിനിടെയാണിത്. പുതുതായി ഏഴായിരത്തിലേറെ രക്ഷാകേന്ദ്രങ്ങൾ കൂടി സർക്കാർ ഒരുക്കിയിട്ടുണ്ട്.
ബംഗാൾ–ബംഗ്ലദേശ് തീരത്ത് ഡിഗ– ഹാതിയ ദ്വീപുകൾക്കിടയിലൂടെ നാളെ വൈകിട്ടോടെ ചുഴലിക്കാറ്റ് കടന്നുപോകും. ഒഡീഷയുടെ വടക്കൻ മേഖലയിലായിരിക്കും കൂടുതൽ ആഘാതമുണ്ടാകുക.
ജഗത്‍സിങ് പുർ, കേന്ദ്രപറ, ഭദ്രക്, ബാലസോർ എന്നിവിടങ്ങളിൽ ഇന്നും നാളെയും ശക്തമായ മഴയും കാറ്റുമുണ്ടാകും. ബംഗാളിൽ സൗത്ത് 24 പർഗാനാസ്, കൊൽക്കത്ത, കിഴക്കൻ, പടിഞ്ഞാറൻ മിഡ്നപുർ, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വർഷം ഒഡീഷയിൽ ഫാനി ചുഴലിക്കാറ്റിൽ 64 പേർ മരിച്ചിരുന്നു.