ഷോക്ക് മാസം തോറും; വൈദ്യുതി നിരക്ക് കമ്പനികൾക്ക് തീരുമാനിക്കാം, ചട്ടഭേദഗതി വരുന്നു
Mail This Article
ന്യൂഡൽഹി ∙ ഓരോ മാസവും വൈദ്യുതി നിരക്കു വർധനയിലേക്കു നയിച്ചേക്കാവുന്ന നിർണായക ചട്ടഭേദഗതിക്കു കേന്ദ്രസർക്കാർ ഒരുങ്ങുന്നു. 2005 ലെ വൈദ്യുതി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്. ഇതിന്റെ കരടിന്മേൽ ഊർജമന്ത്രാലയം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.
ഇന്ധനച്ചെലവ്, വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ്, പ്രസരണ ചാർജ് എന്നിവയിലുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് ഓരോ മാസവും നിരക്കു വർധിപ്പിക്കാൻ ഇതിലൂടെ വിതരണക്കമ്പനികൾക്ക് അവസരമൊരുങ്ങും. ഇതു കണക്കാക്കാൻ പ്രത്യേക ഫോർമുല നിർദേശിച്ചിട്ടുണ്ട്. കമ്പനികൾക്കു നിരക്കു വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മിഷനുകളുടെ അനുമതി ആവശ്യമില്ല.
കാരണം എന്ത് ?
രാജ്യത്തെ ഭൂരിഭാഗം വിതരണക്കമ്പനികളും സാമ്പത്തിക പ്രതിസന്ധിയിലാണ്. വൈദ്യുതി പുറത്തുനിന്നു വാങ്ങുന്നതിന്റെ നിരക്കിലും ഇന്ധനച്ചെലവിലും വർധനയുണ്ടാകുന്നതിന്റെ ഭാരം വിതരണക്കമ്പനികളുടെ മേൽ വരാതിരിക്കാനാണു കേന്ദ്രനീക്കം. ഫ്യൂവൽ ആൻഡ് പവർ പർച്ചേസ് അഡ്ജസ്റ്റ്മെന്റ് സർചാർജ് (എഫ്പിപിഎഎസ്) എന്ന പേരിലായിരിക്കും അധിക തുക ഈടാക്കുക.
നിരക്ക് വർധന 2 മാസം വരെ വൈകിപ്പിക്കാം
∙ ചട്ടഭേദഗതി പ്രാബല്യത്തിൽ വന്ന് 3 മാസത്തിനകം റെഗുലേറ്ററി കമ്മിഷൻ വില കണക്കാക്കുന്ന രീതി (ഫോർമുല) വ്യക്തമാക്കണം. അതുവരെ കേന്ദ്രം നിർദേശിച്ചിരിക്കുന്ന രീതി പിന്തുടരണം.
∙ ഉദാഹരണത്തിന് ഏപ്രിലിൽ വിതരണക്കമ്പനികൾക്ക് ഇന്ധനച്ചെലവ്, പ്രസരണചാർജ്, പവർ പർച്ചേസ് ചാർജ് എന്നിവയിലെ അധികച്ചെലവ് ജൂണിലെ ബില്ലിൽ ഉൾപ്പെടുത്തും.
∙ നിരക്ക് വർധനയുടെ ആഘാതം ഒഴിവാക്കാനായി കമ്പനികൾക്ക് ഈ ചാർജ് ഈടാക്കുന്നത് ആവശ്യമെങ്കിൽ 2 മാസം വരെ വൈകിപ്പിക്കാം. അധിക തുക മൊത്തം താരിഫിന്റെ 20 ശതമാനത്തിലധികം വന്നാൽ മാത്രമേ ഇതിന് അനുവാദമുള്ളൂ. സമയപരിധി കഴിഞ്ഞാൽ ആ തുക പിന്നീട് ഈടാക്കാൻ അനുമതിയില്ല.
Content Highlight: Electricity Bill new tariff