വേറിട്ട അനുഭവമായി എസ്എസ്എഫ് ദേശീയ സാഹിത്യോത്സവ്; കശ്മീർ ജേതാക്കൾ

Mail This Article
കൊൽക്കത്ത∙ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) ദേശീയ സാഹിത്യോത്സവിൽ 422 പോയിന്റുമായി ജമ്മു കശ്മീർ ജേതാക്കളായി. 267 പോയിന്റ് നേടിയ ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. കേരളം 244 പോയിന്റമായി മൂന്നാം സ്ഥാനത്തെത്തി. ബംഗാളിലെ ദക്ഷിണ ധിനാജ്പുര്‍ ജില്ലയിലെ താപൻ ത്വൈബ ഗാർഡനിൽ മൂന്നു ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവ് ഉറുദു, ഹിന്ദി, ഇംഗ്ലിഷ്, അറബി ഭാഷകളിലെ സര്‍ഗകലകളുടെ രംഗാവതരണങ്ങളും എഴുത്തും വരകളും കൊണ്ട് ശ്രദ്ധേയമായി. ബംഗാള്‍ ഗ്രാമത്തിലെ വയലേലകളില്‍ സംഗീതവും ധൈഷണിക വിചാരങ്ങളും കാറ്റുപടര്‍ത്തിയ സാഹിത്യോത്സവ് വേറിട്ട അനുഭവമായി.

വിവിധ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് 26 ടീമുകളാണ് ദേശീയ സാഹിത്യോത്സവിൽ പങ്കെടുത്തത്. 82 ഇനങ്ങളില്‍ 637 സര്‍ഗപ്രതിഭകൾ മത്സരിച്ചു. പെന്‍ ഓഫ് ദി ഫെസ്റ്റ് പുരസ്കാരം മുഹമ്മദ് സലീം (കശ്മീര്‍), സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റ് പുരസ്കാരം സുഫിയാന്‍ സര്‍ഫറാസ് (ഗുജറാത്ത്) എന്നിവര്‍ നേടി. വിജയികൾക്ക് ബംഗാള്‍ ഉപഭോക്തൃകാര്യ മന്ത്രി ബിപ്ലബ് മിത്ര ട്രോഫി സമ്മാനിച്ചു.

പ്രമുഖ ബഗ്ല കവിയും സാമൂഹിക പ്രവര്‍ത്തകനുമായ പ്രസുന്‍ ഭൗമിക് ആണ് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തത്. എസ്എസ്എഫ് ദേശീയ പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ കലക്ടര്‍ ബിജിന്‍ കൃഷ്ണ, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ തിര്‍താര്‍കര്‍ ഘോഷ്, സിഡബ്ല്യുസി അംഗം സൂരജ് ദാസ്, പോലീസ് ഇന്‍സ്‌പെക്ടര്‍ ഗൗതം റോയ്, എസ്‌വൈഎസ് കേരള പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി, ദേശീയ ജനറൽ സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി, ട്രഷറര്‍ സുഹൈറുദ്ദീന്‍ നൂറാനി എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം മന്ത്രി ബിപ്ലബ് മിത്ര ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവ് രാജ്യത്തിനു നല്‍കുന്നത് ദേശീയോദ്ഗ്രഥന മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരെ ചേര്‍ത്തു നിര്‍ത്തുന്ന സംരംഭങ്ങള്‍ക്ക് ഇക്കാലത്ത് പ്രസക്തിയുണ്ട്. ഭാഷാ-ദേശ വിവേചനങ്ങളില്ലാതെ ഒത്തുചേരാനുള്ള അവസരങ്ങള്‍ ഉണ്ടാകണം. കേരളത്തില്‍ ആരംഭിച്ച സാഹിത്യോത്സവിന് കേരളത്തിനു പുറത്തേക്കു വളരാന്‍ സാധിച്ചത് പ്രശംസനീയമാണ്. കേരളത്തില്‍നിന്നുള്ള സന്നദ്ധസംഘടനകള്‍ ബംഗാള്‍ ജനതയുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എഫ് ദേശീയ ഉപാധ്യക്ഷന്‍ സി.പി. ഉബൈദുല്ല സഖാഫി ആധ്യക്ഷ്യം വഹിച്ചു. ബേലൂര്‍ഗട്ട് നഗരസഭ ചെയര്‍മാന്‍ അശോക് മിത്ര, സെന്‍ട്രല്‍ കോഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് ബിപ്ലവ് ഖാ, സാമൂഹിക പ്രവര്‍ത്തകന്‍ ശര്‍ദുല്‍ മിത്ര, ജില്ലാ പഞ്ചായത്ത് അംഗം മാഫിജുദ്ദീന്‍ മിഅ, ആരോഗ്യ സമിതി ചെയര്‍മാന്‍ അംജദ് മണ്ടല്‍, പഞ്ചായത്ത് സമിതി അംഗം രാജുദാസ്, എസ്എസ്എഫ് മുന്‍ ദേശീയ പ്രസിഡന്റ് ഷൗക്കത്ത് നഈമി അല്‍ ബുഖാരി , ദേശീയ സെക്രട്ടറിമാരായ സൈഉര്‍റഹ്മാന്‍ റസ്‌വി, ഷരീഫ് നിസാമി, ആര്‍എസ്‌സി വി.പി.കെ. മുഹമ്മദ് എന്നിവർപ്രസംഗിച്ചു. 2023ലെ സാഹിത്യോത്സവ് ആന്ധ്രപ്രദേശില്‍ നടക്കും.
ഇത്തവണത്തെ സാഹിത്യോത്സവിൽ വിവിധ ടീമുകൾ നേടിയ പോയിന്റ് പട്ടിക:
ജമ്മു കശ്മീര്‍ - 422
ഡല്‍ഹി - 267
കേരളം - 244
കര്‍ണാടക - 212
മധ്യപ്രദേശ് - 173
മഹാരാഷ്ട്ര - 133
പശ്ചിമ ബംഗാള്‍ - 133
ഗുജറാത്ത് - 130
ആന്ധ്രപ്രദേശ് - 125
തെലങ്കാന - 118
തമിഴ്‌നാട് - 106
ഉത്തരാഖണ്ഡ് - 95
ജാര്‍ഖണ്ഡ് - 92
ആന്‍ഡമാന്‍ - 72
ബീഹാര്‍ - 72
ഉത്തര്‍ പ്രദേശ് സെന്‍ട്രല്‍ - 69
ഉത്തര്‍ പ്രദേശ് വെസ്റ്റ് - 66
പഞ്ചാബ് - 51
ത്രിപുര 44
ഉത്തര്‍ പ്രദേശ് ഈസ്റ്റ് - 44
ഹരിയാന - 44
രാജസ്ഥാന്‍ - 38
അസം - 36
ലക്ഷദ്വീപ് – 35
ഒഡീഷ – 34
മണിപ്പൂര്‍ – 30
English Summary: SSF National Sahithyolsav