ക്രിക്കറ്റ് ലോകകപ്പിന് ഭീഷണി?; ഖലിസ്ഥാൻ ഭീകരർക്കെതിരെ നടപടി ശക്തമാക്കി എൻഐഎ
Mail This Article
ന്യൂഡൽഹി∙ കാനഡയുമായുള്ള നയതന്ത്രപ്രശ്നം തുടരുന്നതിനിടെ ഖലിസ്ഥാൻ വിഘടനവാദികളുമായി ബന്ധപ്പെട്ടു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 6 സംസ്ഥാനങ്ങളിലായി 53 ഇടങ്ങളിൽ റെയ്ഡ് നടത്തി. കാനഡ കേന്ദ്രമാക്കിയ ഖലിസ്ഥാൻ ഭീകരൻ അർഷദീപ് സിങ് (അർഷ് ദല്ല), ഗുണ്ടാത്തലവന്മാരായ ലോറൻസ് ബിഷ്ണോയ്, സുഖ ദുനേകെ അടക്കമുള്ളവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണു പ്രധാനമായും റെയ്ഡ് നടന്നത്. പഞ്ചാബിൽമാത്രം 30 സ്ഥലങ്ങളിൽ പരിശോധന നടത്തി.
ഇന്നലെ പുലർച്ചെ ആരംഭിച്ച റെയ്ഡിൽ തോക്കുകളടക്കമുള്ള ആയുധങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയുൾപ്പെടെ പിടിച്ചെടുത്തു. പഞ്ചാബ്, ഡൽഹി, ഹരിയാന, യുപി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. പഞ്ചാബിൽമാത്രം ചണ്ഡിഗഡ് അടക്കം 30 ഇടങ്ങളിൽ പരിശോധന നടത്തി.
കാനഡ, പാക്കിസ്ഥാൻ ബന്ധങ്ങളുള്ള ക്രിമിനൽ സംഘങ്ങൾക്കെതിരെ 2022 ഓഗസ്റ്റിനു ശേഷം എടുത്ത 5 കേസുകളുമായി ബന്ധപ്പെട്ട് ഏഴാം തവണയാണ് തിരച്ചിൽ നടത്തുന്നത്.
ഖലിസ്ഥാൻ അനുകൂല ഭീകരവാദ ഫണ്ടിങ്, ആസൂത്രിത കൊലപാതകങ്ങൾ തുടങ്ങിയവുമായി ബന്ധപ്പെട്ടാണു കേസുകൾ. ഇവരിൽ പലരും പാക്കിസ്ഥാൻ, കാനഡ, മലേഷ്യ, പോർച്ചുഗൽ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും എൻഐഎ അറിയിച്ചു.
ക്രിക്കറ്റ് ലോകകപ്പിന് ഭീഷണി ?
ഇന്ത്യയിൽ അടുത്തമാസം ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനു ഖലിസ്ഥാനി വിഘടനവാദി ഗുർപട്‌വന്ത് സിങ് പന്നുവിന്റെ ഭീഷണിയെന്ന് അഭ്യൂഹം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ക്രിക്കറ്റ് ലോകകപ്പിനും ഭീഷണി മുഴക്കുന്ന പന്നുവിന്റെ ഫോൺ സന്ദേശത്തിന്റെ ശബ്ദരേഖ ലഭിച്ചുവെന്ന വിവരം പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിൽ പ്രതികാരം ചെയ്യുമെന്നും ബുള്ളറ്റിനു ബാലറ്റിലൂടെ മറുപടി നൽകുമെന്നും ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ്, ടെറർ കപ്പായി മാറുമെന്നു ശബ്ദരേഖയിൽ പറയുന്നതായാണു വിവരം. അതേസമയം ഇതിന്റെ ഉറവിടം അവ്യക്തമാണ്. വിഷയത്തിൽ കേന്ദ്ര ഏജൻസികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജൂലൈയിൽ വിഡിയോ സന്ദേശത്തിലൂടെ ഗുർപട്‌വന്ത് സിങ് പന്നു ക്രിക്കറ്റ് ലോകകപ്പിനു ഭീഷണി ഉയർത്തിയിരുന്നു.
English Summary: Nationwide raid, action against Khalistan terrorists intensified