മധ്യപ്രദേശ്: ചൗഹാനോ പുതു മുഖ്യമന്ത്രിയോ ?
Mail This Article
മധ്യപ്രദേശിൽ ഇത്ര വലിയ വിജയം നേടിയ ശേഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ശിവ്‌രാജ് സിങ് ചൗഹാനെ ഒഴിവാക്കുമോയെന്ന ചോദ്യം ഉയരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു വരെ ചൗഹാൻ, അതിനുശേഷം മറ്റൊരാൾ എന്ന അഭ്യൂഹമുണ്ട്. നരേന്ദ്രസിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, കൈലാഷ് വിജയ്‌വർഗിയ എന്നീ വലിയ നേതാക്കൾ വിജയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്കു പ്രഹ്ലാദ് സിങ് പട്ടേലിന്റെ പേര് നേരത്തേ തന്നെ പറഞ്ഞുകേട്ടിരുന്നു. കൈലാഷ് വിജയ്‌വർഗിയയോടു കേന്ദ്രനേതൃത്വത്തിൽ ചിലർക്കു വലിയ താൽപര്യമില്ലെന്നാണ് പ്രചാരണം.
വലിയ ഭൂരിപക്ഷം പുതുതലമുറ നേതൃത്വത്തെ കൊണ്ടുവരാനുള്ള അവസരമാക്കുമെന്നു കരുതുന്നവരും ഏറെയാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കിയാൽ അദ്ഭുതപ്പെടേണ്ടതില്ലെന്നു ബിജെപി നേതാക്കൾ പറയുന്നു. അണികളുടെ പ്രതിഷേധത്തെത്തുടർന്നാണ് സിന്ധ്യ മത്സരിക്കാനിറങ്ങാതിരുന്നത് എന്നതു കണക്കിലെടുക്കുമ്പോൾ ആ സാധ്യത തള്ളാനാവില്ല.
‘കേന്ദ്ര’പരീക്ഷണം മധ്യപ്രദേശിൽ വിജയം
കേന്ദ്രമന്ത്രിമാരെയും എംപിമാരെയും രംഗത്തിറക്കിയ ബിജെപി തന്ത്രം മധ്യപ്രദേശിൽ ഫലം കണ്ടു. 3 കേന്ദ്രമന്ത്രിമാരുൾപ്പെടെ മത്സരിച്ച 7 എംപിമാരിൽ 5 പേർ ജയിച്ചു. ഇതിൽ 3 പേരും കോൺഗ്രസ് സീറ്റുകൾ പിടിച്ചെടുത്തു. നിവാസിൽ കേന്ദ്രമന്ത്രി ഫഗൻ സിങ് കുലസ്തെയും സത്‌നയിൽ ഗണേഷ് സിങ് എംപിയും തോറ്റു.
നാലു മന്ത്രിമാർ തോറ്റു; പ്രതിപക്ഷ നേതാവും
മധ്യപ്രദേശിൽ മിന്നുംജയത്തിനിടയിലും ബിജെപിയുടെ 4 മന്ത്രിമാർ തോറ്റു. ദാതിയയിൽ ആഭ്യന്ത്രമന്ത്രി നരോത്തം മിശ്രയുടെ തോൽവിയാണ് ഏറ്റവും വലിയ അട്ടിമറി. മഹേന്ദ്ര സിങ് സിസോദിയ (ബമോരി), അരവിന്ദ് സിങ് ബദൗരിയ (അട്ടേർ), രാജ്‌വർധൻ സിങ് ദാത്തിഗോൺ (ബദ്‌നാവർ) എന്നീ മന്ത്രിമാരും തോറ്റു.
പ്രതിപക്ഷ നേതാവ് ഡോ. ഗോവിന്ദ് സിങ്ങിന്റെ തോൽവിയാണ് കോൺഗ്രസ് പക്ഷത്തെ ഏറ്റവും വലിയ അട്ടിമറി. ലഹർ സീറ്റിൽ അദ്ദേഹം 1990 മുതൽ വിജയിച്ചിരുന്നു.
സഹോദരപ്പോരിൽ ഒരാൾ മൂന്നാമനായി
സഹോദരന്മാർ ഏറ്റുമുട്ടിയ ഹോഷംഗാബാദിൽ ബിജെപിയുടെ സീതാ ശരൺ ശർമയ്ക്ക് 15,506 വോട്ടിന്റെ ജയം. കോൺഗ്രസ് സ്ഥാനാർഥിയായ സഹോദരൻ ഗിരിജാശങ്കർ ശർമ സ്വതന്ത്രൻ ഭഗവതിപ്രസാദ് ചൗരേയ്ക്കും പിന്നിൽ മൂന്നാമതായി.
അമ്മാവൻ–അനന്തരവൻ പോരാട്ടങ്ങളിൽ ഒരിടത്ത് അമ്മാവനും മറ്റൊരിടത്ത് അനന്തരവനും ജയിച്ചു. ദേവ്തലാബിൽ ബിജെപിയുടെ ഗിരീഷ് ഗൗതം അനന്തരവനായ കോൺഗ്രസ് സ്ഥാനാർഥി പത്മേഷ് ഗൗതത്തെ തോൽപിച്ചു. തിമർനിയിൽ കോൺഗ്രസിന്റെ അഭിജിത് ഷാ അമ്മാവനായ ബിജെപിയുടെ സഞ്ജയ് ഷായെ തോൽപിച്ചു. സാഗർ മണ്ഡലത്തിൽ ബിജെപിയുടെ ശൈലേന്ദ്ര ജെയിൻ സഹോദരഭാര്യയായ കോൺഗ്രസിന്റെ നിധി ജെയിനിനെ തോൽപിച്ചു.