കുറ്റപ്പെടുത്താതെ കോൺഗ്രസിന്റെ പടിയിറങ്ങി അശോക് ചവാൻ
Mail This Article
മുംബൈ∙ കാരണം പറയാതെയും ആരെയും കുറ്റപ്പെടുത്താതെയും കോൺഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ച മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും പ്രവർത്തകസമിതി അംഗവുമായ അശോക് ചവാൻ (66) രണ്ടു ദിവസത്തിനകം ഭാവി തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. ഇൗ മാസം 27ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ബിജെപി രാജ്യസഭാ സീറ്റ് നൽകുമെന്ന് അഭ്യൂഹമുണ്ട്. അനുയായികളായ ഏതാനും എംഎൽഎമാരും ഉടൻ കോൺഗ്രസ് വിട്ടേക്കും.
മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ എസ്.ബി. ചവാന്റെ മകനും പിസിസി മുൻ അധ്യക്ഷനുമാണ്. എംഎൽഎയായ അദ്ദേഹം പിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറിയ ശേഷമാണ് സ്പീക്കർക്ക് രാജി നൽകിയത്. ആദർശ് കുംഭകോണക്കേസിൽ നിന്ന് കുറ്റവിമുക്തനായിട്ടില്ലാത്തെ ചവാൻ കേന്ദ്ര ഏജൻസികളെ ഭയന്നാണ് പാർട്ടി വിടുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. ലോക്സഭാ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ സംസ്ഥാനത്തെ ജനകീയനായ നേതാവ് പടിയിറങ്ങുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്.