പത്മ(ജ)വ്യൂഹം തകർക്കാൻ മുരളീധരൻ;ന്യൂനപക്ഷമുഖമായി ഷാഫി

Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിത മാറ്റങ്ങൾ വരുത്താൻ കോൺഗ്രസ് നേതൃത്വം വ്യാഴാഴ്ച നടത്തിയത് അർധരാത്രി വരെ നീണ്ട അണിയറനീക്കങ്ങൾ. കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, കെ.സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ എഐസിസി ആസ്ഥാനത്തു നടത്തിയ ചർച്ചകളിലാണ് അന്തിമ ധാരണയായത്. അണിയറ നീക്കങ്ങൾ ഇങ്ങനെ:
∙വയനാട്ടിൽ രാഹുൽ തന്നെ: കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിനായി സംസ്ഥാന നേതാക്കൾ വൈകിട്ട് ആറിനു പാർട്ടി ആസ്ഥാനത്തെത്തി. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ വേണമെന്നു നേതാക്കൾ ഒരേസ്വരത്തിൽ ആവശ്യപ്പെട്ടപ്പോൾ അംഗീകാരം. മത്സരത്തിനു സുധാകരൻ സന്നദ്ധത അറിയിച്ചതോടെ കണ്ണൂരിലും തീരുമാനം.
തുടർചർച്ചകൾക്കായി സംസ്ഥാന നേതാക്കൾ വേണുഗോപാലിന്റെ മുറിയിൽ. ന്യൂനപക്ഷ വിഭാഗത്തിൽനിന്നു വേണ്ട സ്ഥാനാർഥിക്കായി ചർച്ച. ആലപ്പുഴയിൽ സിപിഎം സ്ഥാനാർഥി ന്യൂനപക്ഷ വിഭാഗക്കാരനായതിനാൽ കോൺഗ്രസ് അതേ വഴിക്കു നീങ്ങുന്നത് ബിജെപിയുടെ വോട്ടുശതമാനം കൂട്ടുമെന്നു വിലയിരുത്തൽ. ന്യൂനപക്ഷ സ്ഥാനാർഥിയെ നിർത്തുന്നതിന്റെ നേട്ടം ആലപ്പുഴയിൽ ലഭിക്കില്ലെന്ന് ഉറപ്പിച്ചതോടെ മറ്റൊരു മണ്ഡലത്തിനായി ആലോചന.
∙സർപ്രൈസ് എൻട്രിയായി ഷാഫി: ന്യൂനപക്ഷമുഖമായി ഷാഫി പറമ്പിലിനെയോ ടി.സിദ്ദിഖിനെയോ ഇറക്കാൻ ആലോചന. ഷാഫിയെ പാലക്കാട്ട് സ്ഥാനാർഥിയാക്കുന്നതിൽ ചർച്ച. അവിടെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുകയും പ്രചാരണത്തിൽ ഏറെ മുന്നേറുകയും ചെയ്ത വി.കെ.ശ്രീകണ്ഠൻ എംപിയെ മാറ്റേണ്ടെന്നു തീരുമാനം. പാലക്കാട് അല്ലെങ്കിൽ മറ്റെവിടെ എന്ന ആലോചന വടകരയിലേക്ക്. സ്വന്തം നിയമസഭാ മണ്ഡലം വിടുന്നതിൽ ഷാഫി പരിഭവമറിയിച്ചെങ്കിലും നേതൃത്വത്തിന്റെ ആവശ്യത്തിനു വഴങ്ങി.
∙വിളിയെത്തി, സമ്മതമറിയിച്ച് മുരളീധരൻ, പ്രതാപൻ: ഷാഫി എത്തുമ്പോൾ വടകരയിൽനിന്നു കെ.മുരളീധരനെ തൃശൂരിലേക്കു മാറ്റുന്നതു ഗുണം ചെയ്യുമെന്ന് നേതൃത്വം വിലയിരുത്തി. കെ.കരുണാകരനെ സ്നേഹിക്കുന്ന കോൺഗ്രസ് പ്രവർത്തകർ ഏറെയുള്ള തൃശൂരിൽ ബിജെപി പ്രചാരണത്തിന് പത്മജ വേണുഗോപാൽ ഇറങ്ങുന്നതിനെ നേരിടാൻ ഏറ്റവും യോഗ്യൻ മുരളീധരൻ തന്നെയെന്ന് അഭിപ്രായമുയർന്നു. നേതാക്കൾ മുരളീധരനെ ഫോണിൽ വിളിച്ചു; തൃശൂരിലേക്കു മാറാൻ തയാറെന്നു മറുപടി. പിന്നാലെ, സിറ്റിങ് എംപി ടി.എൻ.പ്രതാപനെ വിളിച്ചു. മുരളീധരൻ തൃശൂരിൽ എത്തുന്നതു ഗുണം ചെയ്യുമെന്നും പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുമെന്നും പ്രതാപൻ അറിയിച്ചതോടെ വടകര, തൃശൂർ മണ്ഡലങ്ങൾ തീർപ്പാക്കി.
∙ആലപ്പുഴയിൽ ഒറ്റപ്പേര്: മണ്ഡലം തിരിച്ചുപിടിക്കാൻ വേണുഗോപാൽ തന്നെയിറങ്ങണമെന്നു നേതാക്കൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ദേശീയതലത്തിൽ ചുമതലകളുള്ളതിനാൽ ഹൈക്കമാൻഡിന്റെ അനുമതിയോടെ മാത്രമേ മത്സരിക്കൂവെന്ന് വേണുഗോപാൽ. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ അനുമതി വാങ്ങാനുള്ള ദൗത്യം സംസ്ഥാന നേതൃത്വം ഏറ്റെടുത്തു. രാഹുലിനെ ഫോണിൽ വിളിച്ച് സമ്മതം വാങ്ങി. ഇന്നലെ ഉച്ചയ്ക്ക് ഖർഗെയുടെ അനുമതിയും ലഭിച്ചു.