പ്രേക്ഷകർ നെഞ്ചേറ്റിയ ‘വില്ലൻ’; ഡാനിയൽ ബാലാജിക്ക് വിട
Mail This Article
ചെന്നൈ ∙ ശക്തമായ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം നടത്തി.
കമൽഹാസൻ ചിത്രമായ വേട്ടയാട് വിളയാടിലെ വില്ലൻ വേഷമാണ് ബാലാജിയെ പ്രശസ്തനാക്കിയത്. വട ചെന്നൈ, കാതൽ കൊണ്ടേൻ, കാക്ക കാക്ക, ബിഗിൽ, ഭൈരവാ, പൊല്ലാതവൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലും മികച്ച വേഷങ്ങൾ ചെയ്തു. മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്ന സിനിമയിൽ മുഴുനീള വില്ലനായി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ബ്ലാക്ക്, നവംബർ റെയ്ൻ, ഫൊട്ടോഗ്രഫർ, ഭഗവാൻ, ക്രൈം സ്റ്റോറി തുടങ്ങിയവയാണു മറ്റു മലയാള സിനിമകൾ. തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു.
1999ൽ പുറത്തിറങ്ങിയ ചിത്തി എന്ന ടിവി പരമ്പരയിലെ ഡാനിയൽ എന്ന കഥാപാത്രമാണ് ടി.സി.ബാലാജിയെ ഡാനിയൽ ബാലാജിയാക്കി മാറ്റിയത്. പിന്നീട് വേഷമിട്ട ‘അലകൾ’ എന്ന സീരിയലും ശ്രദ്ധേയമായി. തരമണി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ച ബാലാജിക്ക് സംവിധായകനാകുകയായിരുന്നു സ്വപ്നം. കമൽഹാസൻ നായകനായ മരുതനായകം എന്ന സിനിമുടെ യൂണിറ്റ് പ്രൊഡക്‌ഷൻ മാനേജർ ആയിരുന്നു. പല സിനിമകളുടെയും അണിയറയിൽ പ്രവർത്തിച്ചു.
ചില ഷോർട്ഫിലിമുകളും സംവിധാനം ചെയ്തെങ്കിലും ‘ഏപ്രിൽ മാതത്തിൽ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലെത്തിയ ശേഷം അതായിരുന്നു ലോകം. ഒരു ഹൊറർ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് അപ്രതീക്ഷിത അന്ത്യം. അവിവാഹിതനാണ്. ബാലാജിയുടെ അച്ഛന്റെ സഹോദരനായ പ്രമുഖ കന്നഡ സംവിധായകൻ സിദ്ധലിംഗയ്യയുടെ മകനാണ് അന്തരിച്ച തമിഴ് നടൻ മുരളി. മുരളിയുടെ മകനാണ് നടൻ അഥർവ.