സൽമാന്റെ വീടിന് നേരെ വെടിവയ്പ്; 2 പ്രതികൾ പിടിയിലായത് ഗുജറാത്തിൽ നിന്ന്
Mail This Article
മുംബൈ∙ നടൻ സൽമാൻ ഖാന്റെ വീടിനു നേരെ വെടിയുതിർത്ത കേസിൽ ഗുജറാത്തിൽ നിന്ന് അറസ്റ്റിലായ രണ്ടു പേരെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബിഹാർ സ്വദേശികളായ വിക്കി ഗുപ്ത (24) സാഗർ പാൽ (21) എന്നിവരെ തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജിൽ നിന്നാണ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ അഞ്ചിന് ബൈക്കിലെത്തി വെടിവെച്ച ശേഷം ട്രെയിനിലാണ് ഗുജറാത്തിലേക്കു കടന്നത്. യാത്രയ്ക്കിടെ തോക്ക് സൂറത്തിനു സമീപം നദിയിൽ എറിഞ്ഞതായി പ്രതികൾ മൊഴി നൽകി.
പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിനു വേണ്ടി രാജസ്ഥാനിലെ ഗുണ്ടാ നേതാവ് രോഹിത് ഗോദരയാണ് യുവാക്കൾക്ക് ക്വട്ടേഷൻ നൽകിയതെന്നാണു സൂചന. ലോറൻസിന്റെ സഹോദരനും ഗുണ്ടാനേതാവുമായ അമൻമോൽ ബിഷ്ണോയ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
രാജസ്ഥാനിൽ സിനിമാചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തിനെ വേട്ടയാടിയതിന്റെ പേരിലാണ് സൽമാനെതിരെ ഗുണ്ടാ സംഘം തിരിയാൻ കാരണം. ഇതിനിടെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സൽമാനെ വീട്ടിൽ സന്ദർശിച്ചു സുരക്ഷയും പിന്തുണയും വാഗ്ദാനം ചെയ്തു. നടൻ ഷാറുഖ് ഖാനും സൽമാനെ സന്ദർശിച്ചു.