ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പിജി പ്രവേശനപരീക്ഷയുടെ (നീറ്റ്–പിജി) പുതുക്കിയ തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും. വീഴ്ചയുണ്ടായിട്ടില്ലെന്നും മുൻകരുതൽ എന്ന നിലയിലാണു കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റിവച്ചതെന്നുമാണു നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) വിശദീകരിക്കുന്നത്. അതേസമയം നീറ്റ്–യുജി ഉൾപ്പെടെയുള്ള പൊതുപരീക്ഷകൾ പരിഷ്കരിക്കാൻ രൂപീകരിച്ച ഉന്നതതല സമിതി, വിദ്യാർഥികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും നിർദേശങ്ങൾ തേടും. ഐഎസ്ആർഒ മുൻ ചെയർമാനും മലയാളിയുമായ ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായി ഏഴംഗ സമിതിയെ കഴിഞ്ഞ ശനിയാഴ്ചയാണു കേന്ദ്രസർക്കാർ നിയോഗിച്ചത്. ഇവരുടെ ആദ്യ യോഗം നടന്നു. 

‘ഞങ്ങളുടെ പ്രഥമ പരിഗണന രാജ്യത്തെ വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും അവരുടെ ആശങ്കകളും നിർദേശങ്ങളും അറിയുക എന്നതാണ്. നേരിട്ടോ ഓൺലൈനായോ അടുത്ത രണ്ടാഴ്ച അവരുമായി ആശയവിനിമയം നടത്തും. തിരിമറികൾക്കു സാധ്യതയില്ലാത്ത, ശക്തമായ സംവിധാനമാണു വികസിപ്പിക്കേണ്ടത്. ഇതു വിദ്യാർഥികളുടെ ബുദ്ധിമുട്ടും സമ്മർദവും കുറയ്ക്കും’- ഡോ. രാധാകൃഷ്ണൻ പറഞ്ഞു.

നീറ്റ്–യുജി, യുജിസി–നെറ്റ് തുടങ്ങിയ പരീക്ഷകളുമായി ബന്ധപ്പെട്ട പിഴവുകൾ വെളിച്ചത്തുവരുകയും വിവാദമാകുകയും ചെയ്തതോടെയാണു കേന്ദ്രം സമിതിക്കു രൂപം നൽകിയത്. ഈ പരീക്ഷകൾ നടത്തുന്ന ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) നിലവിലെ സാഹചര്യം, അവരുടെ വെല്ലുവിളികൾ എന്നിവയെല്ലാം സമിതി പരിശോധിക്കും. നീറ്റ് ഉൾപ്പെടെയുള്ള പല പരീക്ഷകളും നിലവിൽ പെൻ–പേപ്പർ രീതിയിലും ജെഇഇ (മെയിൻ) ഉൾപ്പെടെയുള്ളവ കംപ്യൂട്ടർ അധിഷ്ഠിത രീതിയിലുമാണു നടത്തുന്നത്. രണ്ടു രീതികളുടെയും നേട്ടങ്ങളും പ്രശ്നങ്ങളും സമിതി പരിശോധിക്കുന്നുണ്ട്. 

പരീക്ഷാ സംവിധാനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ 2 മാസത്തിനുള്ളിൽ നൽകണമെന്നാണു നിർദേശം. അടുത്ത പ്രവേശന പരീക്ഷാ സമയത്തിനു മുൻപ് ഇവ നടപ്പാക്കുമെന്നാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലക്ഷ്യം. യുജിസി–നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നതോടെ തൊട്ടടുത്ത ദിവസം ഇതു റദ്ദാക്കിയിരുന്നു. 

English Summary:

NEET, PG exam dates to be announced next week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com