ആർഎസ്എസിൽ പ്രവർത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കു പിൻവലിച്ചു; വിവാദം
Mail This Article
ന്യൂഡൽഹി ∙ ആർഎസ്എസിൽ പ്രവർത്തിക്കുന്നതിൽ 1966 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കു പിൻവലിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാർക്കു പ്രവർത്തന വിലക്കുള്ള പ്രസ്ഥാനങ്ങളുടെ പട്ടികയിൽനിന്ന് ആർഎസ്എസിനെ ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള പഴ്സനേൽ ആൻഡ് ട്രെയ്നിങ് മന്ത്രാലയം കഴിഞ്ഞ 9നാണു തീരുമാനിച്ചത്.
ഇതു സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കുമുള്ള ഉത്തരവിന്റെ പകർപ്പ് കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമമായ എക്സിലൂടെ പുറത്തുവിട്ടു. പിന്നാലെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും ഉത്തരവു പുറത്തുവിട്ടു. ആർഎസ്എസ്, ജമാഅത്തെ ഇസ്‌ലാമി എന്നിവയിൽ അംഗത്വമെടുക്കുന്നതും ഈ സംഘടനകളുടെ പ്രവർത്തനത്തിൽ പങ്കെടുക്കുന്നതും കേന്ദ്ര സിവിൽ സർവീസ് ചട്ടപ്രകാരം അച്ചടക്കലംഘനമാണ് എന്നായിരുന്നു ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, 1966 നവംബർ 30ലെ ഉത്തരവ്.
ഇതു പരിഷ്കരിച്ചാണ് ആർഎസ്എസിനെ ഒഴിവാക്കിയത്. ബിജെപി നേതാക്കളുടെ താൻപോരിമയിൽ ആർഎസ്എസ് ഇടഞ്ഞു നിൽക്കെയാണ് സംഘടനയ്ക്ക് അനുകൂലമായ നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചത്. കക്ഷിരാഷ്ട്രീയ സമ്മർദത്താലുള്ള അനാവശ്യ നടപടിയായിരുന്നു വിലക്കെന്നും അതു പിൻവലിച്ചതു ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ആർഎസ്എസ് വക്താവ് സുനിൽ അംബേദ്കർ പറഞ്ഞു. എന്നാൽ, ആർഎസ്എസ് തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ കക്ഷിരാഷ്ട്രീയവത്കരിക്കുകയാണു പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു.
സർക്കാർ ഉദ്യോഗസ്ഥർ നിക്കറിട്ടു വരുന്നത് ഇനി കാണേണ്ടി വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു. തീരുമാനം നിർഭാഗ്യകരമെന്നു കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. ആർഎസ്എസിനെ പ്രീതിപ്പെടുത്താനാണു തീരുമാനമെന്ന് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി പറഞ്ഞു. ഇ.ഡി, ഐടി, സിബിഐ തുടങ്ങിയവയിലെ ഉദ്യോഗസ്ഥർക്ക് ആർഎസ്എസ് ബന്ധം തെളിയിക്കാനുള്ള അവസരം ലഭിച്ചതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി വിമർശിച്ചു.