അത്യാഹിത വിഭാഗങ്ങളിൽ ചികിത്സയിലുള്ള രോഗികളിൽ ആന്റിബയോട്ടിക്കിന്റെ ഫലം കുറയുന്നു
Mail This Article
ന്യൂഡൽഹി∙ അത്യാഹിത വിഭാഗങ്ങളിൽ ചികിത്സയിലുള്ള രോഗികളിൽ ആന്റിബയോട്ടിക്കുകളുടെ ഫലം കുറയുന്നതായി ഐസിഎംആർ പഠനം. രാജ്യത്തെ 39 ആശുപത്രികളിൽ നടത്തിയ പഠനത്തിലാണു രോഗാണുക്കൾ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നെന്നു കണ്ടെത്തിയത്. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) എന്നറിയപ്പെടുന്ന ഇത് ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണെന്ന് ഐസിഎംആർ വ്യക്തമാക്കി.
രോഗാണുക്കൾ പ്രതിരോധശേഷി നേടുമ്പോൾ രോഗാവസ്ഥ മൂർച്ഛിക്കും. ഇതു ചികിത്സച്ചെലവു വൻതോതിൽ വർധിപ്പിക്കും. ആന്റിബയോട്ടിക്കിന്റെ അശാസ്ത്രീയ ഉപയോഗം തുടർന്നാൽ 2050 ആകുന്നതോടെ ലോകമെമ്പാടും ഒരു കോടി ആളുകൾ എഎംആർ കാരണം മരിക്കുമെന്നും പഠനത്തിലുണ്ട്.
പല രോഗാണുക്കളിലും പ്രതിരോധം കൂടുന്നതു കണ്ടെത്തിയതിനെത്തുടർന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരു വർഷം മുൻപ് ഇടപെട്ടിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ അന്നു തീരുമാനിച്ചു.