പാഴ്വാഗ്ദാനം നൽകരുതെന്ന് കോൺഗ്രസ് ഘടകങ്ങളോട് ഖർഗെ; പ്രതികരിച്ച് മോദി
Mail This Article
×
ADVERTISEMENT
ന്യൂഡൽഹി ∙ പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകരുതെന്നു സംസ്ഥാന ഘടകങ്ങൾക്കു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ താക്കീത്. അപ്രായോഗികമായ വാഗ്ദാനങ്ങൾ നൽകുന്നത് എളുപ്പമാണെങ്കിലും നടപ്പാക്കുന്നത് അസാധ്യമാണെന്നു കോൺഗ്രസ് ഇപ്പോൾ തിരിച്ചറിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രധാനമന്ത്രിയുടെ പരാമർശം തെറ്റാണ്. കർണാടകയിൽ വാഗ്ദാനങ്ങളെല്ലാം കോൺഗ്രസ് സർക്കാർ പാലിക്കുന്നുണ്ട്. ആർക്കു വേണമെങ്കിലും പരിശോധിക്കാം. വാഗ്ദാനങ്ങൾ നിറവേറ്റാതെ കേന്ദ്ര സർക്കാരാണു ജനത്തെ വഞ്ചിക്കുന്നത്.
കർണാടകയിൽ സാധാരണ സർക്കാർ ബസുകളിൽ വനിതകൾക്കു സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി പുനഃപരിശോധിക്കുമെന്ന ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞതിനെത്തുടർന്നാണ്, തിരഞ്ഞെടുപ്പു നടക്കുന്നതടക്കമുള്ള സംസ്ഥാനങ്ങളിലെ പാർട്ടി നേതൃത്വങ്ങൾക്കുള്ള താക്കീത് എന്ന നിലയിൽ ഖർഗെ പരസ്യപ്രതികരണം നടത്തിയത്. ഇതിനു മറുപടിയായാണ്, ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി എക്സിൽ രൂക്ഷമായ കുറിപ്പിട്ടത്. തൊട്ടുപിന്നാലെ, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വിശദീകരണവുമായെത്തി.
കർണാടകയിൽ 5 ഉറപ്പുകളാണു കോൺഗ്രസ് നൽകിയത്. അതു പ്രചോദനമാക്കി മഹാരാഷ്ട്രയിലും 5 ഉറപ്പുകൾ നൽകി. എന്നാൽ, അതിലൊരെണ്ണം നടപ്പാക്കാൻ കഴിയില്ലെന്നു കർണാടക പറയുന്നു. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ.
തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്ന വിശദീകരണവുമായി ഡി.കെ.ശിവകുമാറും രംഗത്തെത്തി. ചില ആളുകൾ അങ്ങനെ ആവശ്യപ്പെടുന്നുണ്ടെന്നാണു പറഞ്ഞത്. ഒരു വാഗ്ദാനവും പിൻവലിക്കുന്ന പ്രശ്നമില്ല: അദ്ദേഹം പറഞ്ഞു.
നടപ്പാക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകുന്നതെന്ന് അവർ തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. കോൺഗ്രസ് അധികാരത്തിലുള്ള ഹിമാചൽ, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ വികസനവും ധനശേഷിയും അനുദിനം മോശമാവുകയാണ്. വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന കോൺഗ്രസ് സംസ്കാരത്തെ കുറിച്ചു ജനങ്ങൾ ജാഗരൂകരാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.