സിസ്റ്ററിന്റെ സ്നേഹാഗ്നി ചന്ദനയുടെ ചിതയോളം
Mail This Article
ഫരീദാബാദ് (ഹരിയാന) ∙ എള്ളും പൂവും അർപ്പിച്ച്, പിണ്ഡം വച്ചു നീരു കൊടുത്ത ശേഷം സിസ്റ്റർ സരിത ശാന്തിഘട്ടിൽ ചന്ദനയുടെ ചിതയ്ക്കു വലംവച്ചു. പൂജാരി മന്ത്രങ്ങൾ ചൊല്ലുമ്പോൾ ചിതയ്ക്കു തീകൊളുത്തി. ഉള്ളുനിറഞ്ഞ പ്രാർഥനകളിൽ, മക്കളില്ലാത്ത ഒരമ്മയുടെ ദുഃഖം മാഞ്ഞുപോയതിന്റെ സ്നേഹദൃശ്യം. ഫരീദാബാദ് ചാന്ദ്പുരിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹം നടത്തുന്ന കരുണാലയത്തിലെ അന്തേവാസിയായിരുന്നു ബംഗാളിൽനിന്നുള്ള ചന്ദന (66). കാൻസർ രോഗത്തിനു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. മൃതദേഹം ഹൈന്ദവാചാരമനുസരിച്ചു സംസ്കരിക്കാൻ കരുണാലയം തീരുമാനിച്ചു. ചന്ദനയുടെ ബന്ധുക്കളാരും അടുത്തില്ല. ഒടുവിൽ, ആ നിയോഗം മദർ സുപ്പീരിയർ സിസ്റ്റർ സരിത തന്നെ ഏറ്റെടുത്തു.
‘ആരും നോക്കാനില്ലാത്ത, മക്കളില്ലാത്ത അമ്മമാരെയാണ് ഞങ്ങൾ കരുണാലയത്തിൽ പരിചരിക്കുന്നത്. ചന്ദനയും അവരിലൊരാളായിരുന്നു. ആ അമ്മയുടെ ആഗ്രഹം നിറവേറ്റി, അതിൽ കവിഞ്ഞൊന്നുമില്ല. ഇവിടെ മരിക്കുന്ന അന്തേവാസികളുടെ അന്ത്യകർമങ്ങൾ അവരുടെ മതാചാരപ്രകാരം നടത്തുകയാണ് ഞങ്ങളുടെ രീതി’– സിസ്റ്റർ സരിത പറഞ്ഞു.
ബംഗാളിലെ ദിമാപൂരിലാണ് ചന്ദന ചെങ്ങന്നൂർ മുളക്കുഴ സ്വദേശി ഭാസ്കരൻ നായരെ പരിചയപ്പെടുന്നത്. ഇവർ വിവാഹിതരായി. വെൽഡറായിരുന്ന ഭാസ്കരൻ നായർക്കു ഫരീദാബാദിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചതോടെ ഇവിടേക്കു താമസം മാറ്റി. ഭാസ്കരൻനായർ ജോലിയിൽനിന്നു വിരമിച്ചപ്പോൾ ചന്ദന അടുത്തൊരു സ്വകാര്യ സ്കൂളിൽ സഹായിയായി ജോലിക്കു കയറി.
ഭാസ്കരൻ നായർ കഴിഞ്ഞ കോവിഡ്കാലത്ത് കാൻസർ ബാധിച്ചു മരിച്ചു. ചന്ദന തനിച്ചായി. ഫരീദാബാദ് ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒറ്റമുറി വാടക വീട്ടിലായിരുന്നു താമസം. അതിനിടെയാണ് ചന്ദനയും കാൻസർ ബാധിതയായത്. ജോലി ഉപേക്ഷിക്കേണ്ടിവന്നു. അയൽക്കാരും ഫരീദാബാദ് മലയാളി അസോസിയേഷനും ചികിത്സയ്ക്കു സഹായിച്ചു.
രോഗം കടുത്തതോടെ അസോസിയേഷൻ പ്രവർത്തകർ ചന്ദനയെ കരുണാലയത്തിലെത്തിച്ചു. ബംഗാളി കലർന്ന ഹിന്ദി മാത്രമാണ് ചന്ദന സംസാരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആശയവിനിമയം ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നു മലയാളി അസോസിയേഷൻ പ്രവർത്തകർ പറഞ്ഞു. ചന്ദനയുമായി സിസ്റ്റർ സരിതയും കരുണാലയത്തിലെ സന്യാസിനികളും സ്നേഹഭാഷയിൽ സംസാരിച്ചു, ചിതയോളം.