ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിസന്ധികളുടെ കയത്തിൽനിന്ന് ഇന്ത്യയെ പ്രതീക്ഷയുടെ കരയിലേക്കു നയിച്ച മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഇനി ദീപ്തമായ ഓർമ. യമുനാതീരത്തെ നിഗംബോധ്ഘാട്ടിൽ മൻമോഹനെ അഗ്നിനാളം ഏറ്റുവാങ്ങുമ്പോൾ ചുറ്റിലും പ്രാർഥനാ മന്ത്രം മുഴങ്ങി. ഓർമകൾക്കു മരണമില്ലെന്നു പുറത്ത് പ്രവർത്തകരുടെ മുദ്രാവാക്യം. തൊഴുകൈകളുമായി രാഷ്ട്രപതി ഉൾപ്പെടെയുള്ളവരെത്തി. കുടുംബാംഗങ്ങളും പാർട്ടിയിലെ പ്രിയപ്പെട്ടവരും അദ്ദേഹത്തിന്റെ അരികിലിരുന്നു. രാജ്യത്തിന്റെ ആദരം കൈമാറാൻ സായുധസേനകൾ ആചാരവെടി മുഴക്കി.

നെഞ്ചോടു ചേർന്നിരുന്ന ഇന്ത്യൻ പതാക ഭാര്യ ഗുർശരണ‍് സിങ് ഏറ്റുവാങ്ങി. മൂത്തമകൾ ഉപീന്ദർ സിങ് ചിതയ്ക്കു തീ കൊളുത്തി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്നു പഠിച്ചു ജീവിതപടവുകൾ കയറിയ മൻമോഹന് രാജ്യം ഉപചാരപൂർവം വിട ചൊല്ലി.

26ന് അന്തരിച്ച ഡോ. മൻമോഹൻ സിങ്ങിന്റെ അന്ത്യകർമ നിമിഷങ്ങൾക്കു സാക്ഷിയാകാൻ പാർട്ടിപ്രവർത്തകരും സാധാരണക്കാരും ഉൾപ്പെടെ വൻ ജനാവലി എത്തിയിരുന്നു. മോത്തിലാൽ നെഹ്റു മാർഗിലെ വസതിയിൽ നിന്നു രാവിലെ എട്ടരയോടെ അലങ്കരിച്ച പ്രത്യേക സൈനിക വാഹനത്തിലായിരുന്നു മൻമോഹന്റെ ഭൗതികശരീരം വഹിച്ചുള്ള അന്ത്യയാത്ര. ആദ്യം കോൺഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിനെത്തിച്ചു.

കുടുംബാംഗങ്ങൾക്കൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവർ മുഴുവൻ സമയവും നിലകൊണ്ടു. കോൺഗ്രസ് ആസ്ഥാനത്തു നിന്നു 10 മണിയോടെ നിഗംബോധ്ഘാട്ടിലേക്കു വിലാപയാത്ര പുറപ്പെട്ടു. ഭൗതികശരീരം വഹിച്ചുള്ള വാഹനത്തിലിരുന്ന് വിലാപയാത്രയിൽ പങ്കെടുത്ത രാഹുൽ ചിതയിലേക്കെടുക്കുമ്പോൾ ഭൗതികശരീരം തോളിലേറ്റുകയും ചെയ്തു.

സിഖ് പുരോഹിതരും കുടുംബാംഗങ്ങളും ഗുർബാനിയിലെ പ്രാർഥനാഗീതങ്ങൾ ആലപിച്ചു. വാഹനങ്ങളിൽ അനുഗമിച്ചവർക്കു പുറമേ, ഒട്ടേറേ പാർട്ടി പ്രവർത്തകർ കാൽനടയായും യാത്രയെ അനുഗമിച്ചു. 

നിഗംബോധ്ഘാട്ടിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭ സ്പീക്കർ ഓം ബിർല, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, രേവന്ത് റെഡ്ഡി, സുഖ്‌വീന്ദർ സിങ് സുഖു, അതിഷി, ചീഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ തുടങ്ങിയവരും പുഷ്പചക്രം അർപ്പിച്ചു. ഭൂട്ടാൻ രാജാവ് ജിഗ്‍മെ ഖെസർ നംഗ്യേൽ വാങ്ചുക്, മൗറീഷ്യസ് വിദേശകാര്യ മന്ത്രി ധനഞ്ജയ് റാംഫുൽ തുടങ്ങിയവരുൾപ്പെടെ വിദേശരാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ളവരുമുണ്ടായിരുന്നു.

പ്രാർഥനാസാന്ദ്രം പാക്ക് ഗ്രാമം

ജന്മനാടായ പാക്കിസ്ഥാനിലെ ഗാഹിലും അയൽരാജ്യമായ ഭൂട്ടാനിലും മൻമോഹൻ സിഖിന്റെ നിര്യാണത്തിൽ അനുശോചിച്ചു പ്രത്യേക പ്രാർഥനകൾ നടന്നു. ഗാഹിലെ ഗ്രാമീണർ ഒത്തുകൂടി അനുശോചന യോഗവും നടത്തി. ഭൂട്ടാൻ ആസ്ഥാനമായ തിംഫുവിലെ ബുദ്ധവിഹാരത്തിലായിരുന്നു പ്രധാന പ്രാർഥന. 

ഇതിനു പുറമേ, മൻമോഹനോടുള്ള ആദരവറിയിക്കാൻ‍ ഭൂട്ടാനിലെ 20 ജില്ലാ ആസ്ഥാനങ്ങളിലും മുൻ പ്രധാനമന്ത്രിക്കായി പ്രാർഥന നടന്നു. ചില എംബസികളിലും രാജ്യത്തിന്റെ പതാക പകുതി താഴ്ത്തിക്കെട്ടിയിരുന്നു. ദേശീയപതാക താഴ്ത്തിക്കെട്ടി മൻമോഹനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതായി മൗറീഷ്യസും സിംഗപ്പുരും നേരത്തേ അറിയിച്ചിരുന്നു.

English Summary:

Manmohan Singh Funeral: India Mourns for its former Prime Minister's demise.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com