ADVERTISEMENT

ഹോഷിയാർപുർ ∙ എത്ര തവണ, എത്ര വഴികൾ... ശനിയാഴ്ച രാത്രി വിമാനമിറങ്ങിയപ്പോൾ പഞ്ചാബുകാരൻ ദൽജിത് സിങ്ങിന്റെ ഉള്ളുപിടയുകയായിരുന്നു. അമൃത്​സറിൽ ഇറങ്ങിയയുടൻ കിട്ടിയ ഇന്ത്യൻ ഭക്ഷണം അമൃത് പോലെയായി. കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയുമായി മണിക്കൂറുകൾ നീണ്ട ദുരിതയാത്ര അവസാനിച്ചതിന്റെ ആശ്വാസത്തിനൊപ്പം നല്ല ഭക്ഷണം കഴിച്ചപ്പോൾ ജീവൻ നേരെ വീണു. 

ഹോഷിയാർപുരിലെ കുരാല കലൻ ഗ്രാമക്കാരനാണ് ദൽജിത് സിങ്. കൃഷിപ്പണിയുമായി കഴിഞ്ഞുകൂടുന്നതിനിടെ യുഎസിലേക്കു പോകാൻ ആഗ്രഹിച്ചത് കുടുംബത്തിനുവേണ്ടിയാണ്. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, നല്ലൊരു ജീവിതം എന്നിങ്ങനെ മോഹങ്ങളുമായി പിന്നെ അന്വേഷണമായി. ഗ്രാമത്തിലെ ഒരാൾ തന്നെയായിരുന്നു ട്രാവൽ ഏജന്റിനെ പരിചയപ്പെടുത്തിയത്. യുഎസിൽ നിയമപരമായി പോകാം, 65 ലക്ഷം രൂപ ചെലവുവരുമെന്ന് ഏജന്റ് പറഞ്ഞപ്പോൾ കണ്ണുംപൂട്ടി സമ്മതിച്ചു. ഒരേക്കർ ഭൂമിയുടെ മുൻകൂർ കരാർപത്രം കൈമാറി എല്ലാം ഉറപ്പിച്ചു. 

ആദ്യം ദുബായ്; അവിടെ ഒന്നര വർഷം

2022 നവംബറിലായിരുന്നു യാത്രയുടെ തുടക്കം. ആദ്യം പോയത് ദുബായിലേക്കാണ്. അവിടെ ഒന്നരവർഷം കഴിഞ്ഞ ശേഷം തിരികെ ഇന്ത്യയിലെത്തി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കയിലേക്ക് അടുത്ത യാത്ര, അവിടെ നാലര മാസം തങ്ങി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 26ന് മുംബൈയിൽനിന്നു ബ്രസീലിലേക്കു പുറപ്പെട്ടു. അവിടെയും മറ്റൊരു രാജ്യത്തുമായി കഠിനമായിരുന്നു ജീവിതം. നടന്നും ടാക്സിയിലും മുന്നോട്ട്. പാനമ കടക്കാൻ 3 ദിവസമെടുത്തു. മലയും പുഴയും താണ്ടി, പിന്നെ കപ്പലിൽ കയറി, ഒടുവിൽ മെക്സിക്കോയിലെത്തി. അവിടെ വിശപ്പിന്റെ ദിനങ്ങൾ. കഴിക്കാൻ ചോറുമാത്രം. 

നഷ്ടപ്പെട്ടത് നാലരയേക്കർ

എട്ട് ഇന്ത്യക്കാരുള്ള നൂറംഗ സംഘത്തിന്റെ ഭാഗമായിരുന്നു ദിൽജിത്. മെക്സിക്കോയിൽ ഒരു മാസം തങ്ങേണ്ടിവന്നു. അതിനിടെ, നാട്ടിൽനിന്ന് ഏജന്റിന്റെയും പരിചയക്കാരന്റെയും നിരന്തര ആവശ്യം: ദൽജിത്തിന്റെ നാലരയേക്കർ ഭൂമി അവരുടെ പേരിൽ എഴുതിക്കൊടുക്കണം! ഒരു മാസം മുൻപ് മറ്റൊന്നു കൂടി സംഭവിച്ചു.

ദൽജിത്തിന്റെ ഭാര്യയുടെ കയ്യിൽനിന്ന് പവർ ഓഫ് അറ്റോ‍ർണി തരപ്പെടുത്തി അവർ ആ ഭൂമി തട്ടിയെടുത്തു. ജനുവരി 27ന് അതിർത്തി കടന്ന് അനധികൃതമായി യുഎസിൽ പ്രവേശിച്ച ദൽജിത്തിനെ ബോർഡർ പട്രോൾ ഉദ്യോഗസ്ഥർ പിടികൂടി. നാടുകടത്തുമെന്ന് അവർ കയ്യോടെ അറിയിച്ചു. പിന്നാലെ, നാടുകടത്താനുള്ളവരുടെ ക്യാംപിലേക്ക് മാറ്റി. അവിടെ നേരിട്ട അനുഭവം വളരെ മോശമായിരുന്നെന്ന് ദൽജിത് പറഞ്ഞു.

മുറി വിട്ടുപോകാൻ അനുവാദമില്ല. കുടിക്കാൻ ഒരു കുപ്പി വെള്ളം, കഴിക്കാൻ ഒരു കൂട് ചിപ്സ്, പിന്നെ ഒരു ആപ്പിൾ– ആഹാരം ഇതിലൊതുങ്ങി. നഷ്ടമായ ഭൂമി തിരിച്ചെടുക്കാനും തന്നെ ചതിച്ച ട്രാവൽ ഏജന്റിനെതിരെ നടപടിയെടുക്കാനും സർക്കാരിന്റെ തുണ തേടുകയാണ് ദൽജിത് ഇപ്പോൾ.

English Summary:

Daljit Singh's Deportation: A cautionary tale of illegal immigration

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com