ഡിസിസി പ്രസിഡന്റുമാർക്ക് പുതിയ രൂപരേഖ; പ്രഖ്യാപനം എഐസിസി സമ്മേളനത്തിനു ശേഷം

Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു തിരിച്ചടികളിൽനിന്നു പുതുജീവൻ തേടുന്ന കോൺഗ്രസ് ഏപ്രിൽ 8,9 തീയതികളിൽ നടത്തുന്ന എഐസിസി സമ്മേളനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്കുള്ള (ഡിസിസി) മാർഗരേഖ പ്രഖ്യാപിക്കും. ഡിസിസി അധ്യക്ഷന്മാരുടെ ദേശീയ കൺവൻഷനിലെ നിർദേശങ്ങളും മുകുൾ വാസ്നിക് കമ്മിറ്റി നൽകിയ റിപ്പോർട്ടും പരിഗണിക്കും; ഒപ്പം എഐസിസി സമ്മേളനത്തിലെ അഭിപ്രായങ്ങളും.
ഏപ്രിൽ എട്ടിന് 11.30 ന് അഹമ്മദാബാദ് ഷാഹിബാഗ് സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷനൽ മെമ്മോറിയലിൽ കോൺഗ്രസിന്റെ വിശാല പ്രവർത്തക സമിതി യോഗം ചേരും. വൈകിട്ടു സബർമതി ആശ്രമത്തിൽ പ്രത്യേക പ്രാർഥന നടക്കും. 9ന് സബർമതി തീരത്ത് നടക്കുന്ന എഐസിസി സമ്മേളനത്തിൽ രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. ബെന്നി ബഹനാൻ എംപി ഉൾപ്പെടെയുള്ള സമിതിക്കാണ് പ്രമേയം തയാറാക്കാനുള്ള ചുമതല. 64 വർഷത്തിനു ശേഷമാണ് ഗുജറാത്തിൽ എഐസിസി സമ്മേളനം നടക്കുന്നത്.