ചൈനയുടെ കരുത്തുകാട്ടി യൂനുസിന്റെ ‘വിരട്ടൽ’

Mail This Article
ന്യൂഡൽഹി ∙ ബംഗ്ലദേശ് ഭരണാധികാരി മുഹമ്മദ് യൂനുസ് ചൈന സന്ദർശനത്തിനിടയിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെക്കുറിച്ച് നടത്തിയ പരാമർശം നയതന്ത്രത്തിലെ പരിചയക്കുറവാണോ, കരുതിക്കൂട്ടി വ്യംഗ്യമായി നടത്തിയ ഭീഷണിയാണോ എന്ന് വ്യക്തമല്ല. അതേസമയം, പരാമർശം ഇന്ത്യയ്ക്കകത്തും പുറത്തും വലിയ ചർച്ചാവിഷയമായിട്ടുണ്ട്. തങ്ങൾക്ക് കടുത്ത ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലല്ലാതെ സാധാരണഗതിയിൽ ഭരണാധികാരികൾ വിദേശസന്ദർശനത്തിനിടയിൽ മൂന്നാമതൊരു രാജ്യത്തെ പേരെടുത്ത് പരാമർശിക്കാറില്ല. എന്നാൽ, ബെയ്ജിങ് സന്ദർശനത്തിനിടയിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് സമുദ്രസാമീപ്യമില്ലെന്നും ബംഗാൾ ഉൾക്കടലിന്റെ രക്ഷിതാക്കൾ തങ്ങളാണെന്നും യൂനുസ് പ്രസ്താവിച്ചു.
ചൈനയും ബംഗ്ലദേശും ശാക്തികമായി കൈകോർത്താൽ ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശം എത്രത്തോളം സുരക്ഷിതമല്ലെന്ന് ഇന്ത്യയെ ഓർമിപ്പിക്കുകയായിരുന്നു യൂനുസിന്റെ ഉദ്ദേശ്യമെന്നാണ് പൊതുവേ കരുതുന്നത്. വടക്കുകിഴക്കൻ പ്രദേശത്തെ ഇന്ത്യയുടെ ഹൃദയഭൂമിയുമായി കരമാർഗം ബന്ധിപ്പിക്കുന്നത് ബംഗ്ലദേശിനും നേപ്പാളിനും ഭൂട്ടാനും ഇടയിലുള്ള സിലിഗുരി ഇടനാഴിയാണ്. വെറും 22 കിലോമീറ്ററാണ് ഇതിന്റെ വീതി. അതായത് ഈ 22 കിലോമീറ്റർ ഭൂമി ശത്രുസൈന്യം നിയന്ത്രണത്തിലാക്കിയാൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല മുറിച്ചുമാറ്റപ്പെട്ടപോലെയാവും. ഇന്ത്യയുടെ ഈ പരിമിതിയിലേക്കാണ് യൂനുസ് വിരൽചൂണ്ടിയതെന്നാണ് കരുതുന്നത്.
യൂനുസിന്റെ പ്രസ്താവനയിൽ മറ്റൊന്നുകൂടി ശ്രദ്ധേയമായിരുന്നു. കിഴക്കൻ കടലിന്റെ കാവലാളാണ് തങ്ങളെന്ന പരാമർശമാണത്. മുങ്ങിക്കപ്പലുകൾ റിപ്പയർ ചെയ്യാനുള്ള ഡ്രൈഡോക്ക് ചൈനയുടെ സഹായത്തോടെ ബംഗ്ലദേശ് നിർമിച്ചിരുന്നു. ബംഗ്ലദേശ് തുറമുഖങ്ങളിൽ നിക്ഷേപങ്ങൾ നടത്താൻ ചൈന തയാറെടുത്തുവരികയുമാണ്. ചുരുക്കത്തിൽ കിഴക്കൻ സമുദ്രത്തിൽ നിന്ന് ചൈനയുടെ സഹായത്തോടെ ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധിക്കുമെന്ന് ഇന്ത്യയെ ഓർമിപ്പിക്കുകയായിരുന്നു യൂനുസ്.