രാഷ്ട്രപതിക്കുമില്ല വീറ്റോ അധികാരം; ബില്ലുകൾ വച്ചുതാമസിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി ∙ നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ അംഗീകാരത്തിനായി ലഭിക്കുമ്പോൾ രാഷ്ട്രപതി അവ അന്യായമായി വച്ചുതാമസിപ്പിക്കുന്നത് അധികാരപരമായ ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമാണെന്നു സുപ്രീം കോടതി. 10 ബില്ലുകളിൽ തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമെന്നു പ്രഖ്യാപിച്ച വിധിയിലാണ് ബില്ലുകളുടെ കാര്യത്തിൽ രാഷ്ട്രപതിക്കും കർശന പെരുമാറ്റമര്യാദകൾ കോടതി നിർദേശിച്ചത്.
രാഷ്ട്രപതിയുടെ ഭാഗത്തുനിന്നു കാലതാമസമുണ്ടായാൽ സംസ്ഥാന സർക്കാരുകൾക്കു സുപ്രീം കോടതിയെ സമീപിക്കാം. ഭരണഘടനപ്രകാരമുള്ള ഏത് അധികാരപ്രയോഗവും കോടതിയുടെ പരിശോധനയ്ക്ക് അതീതമല്ല. ഗവർണർക്കെന്നപോലെ രാഷ്ട്രപതിക്കും ബില്ലുകളുടെ കാര്യത്തിൽ വീറ്റോ അധികാരമില്ല; അംഗീകാരം നൽകാതെ മടക്കി അയയ്ക്കുന്നെങ്കിൽ രാഷ്്ട്രപതി അതിന്റെ കാരണങ്ങൾ നിയമസഭയോടു വ്യക്തമാക്കണമെന്നും ജഡ്ജിമാരായ ജെ.ബി.പർധിവാല, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഈ മാസം 8ന് പുറപ്പെടുവിച്ച 451 പേജുള്ള വിധിയുടെ പകർപ്പ് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പരസ്യപ്പെടുത്തിയത്.
കോടതിയുടെ പ്രസക്ത നിരീക്ഷണങ്ങൾ: ബിൽ ഭരണഘടനാപരമാണോയെന്ന് രാഷ്ട്രപതിയും കേന്ദ്ര സർക്കാരുമല്ല, സുപ്രീം കോടതിയാണു തീരുമാനിക്കേണ്ടത്. ഭരണഘടനയുടെ 143–ാം വകുപ്പനുസരിച്ച് കോടതിയോട് രാഷ്ട്രപതി അഭിപ്രായം ചോദിക്കുന്നത് കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ പക്ഷപാതമോ ദുരുദ്ദേശ്യമോ ഉണ്ടോയെന്ന ആശങ്ക ഒഴിവാക്കാൻ സഹായിക്കും.
ബില്ലുകളുടെ ഭരണഘടനാസാധുത തീരുമാനിക്കുന്നതിൽ കേന്ദ്ര സർക്കാർ കോടതിയുടെ റോൾ എടുക്കരുത്; വിഷയം കോടതിയുടെ പരിശോധനയ്ക്കു വിടുന്നതു രീതിയാക്കണം. കോടതിയുടെ അഭിപ്രായത്തെ അവഗണിച്ചും അംഗീകാരം നിരസിക്കാനാണു രാഷ്ട്രപതി തീരുമാനിക്കുന്നതെങ്കിൽ അതിനു കൃത്യമായ കാരണങ്ങൾ രേഖപ്പെടുത്തണം.
പാർലമെന്റ് പാസാക്കുന്ന ബില്ലിനു രാഷ്ട്രപതിയും നിയമസഭയിൽനിന്നുള്ളതിന് ഗവർണറും അംഗീകാരം നൽകുന്നില്ലെങ്കിൽ ബന്ധപ്പെട്ട സഭകളെ കാരണം അറിയിക്കണം. ബിൽ രാഷ്ട്രപതിക്ക് അയയ്ക്കുന്ന ഗവർണറുടെ നടപടിയും നിയമനിർമാണപ്രക്രിയയുടെ ഭാഗമാണ്. അതിനാൽത്തന്നെ അതിന്റെയും നിയമപരവും ഭരണഘടനാപരവുമായ സാധുത കോടതിക്കു പരിശോധിക്കാം.
ചില ലക്ഷ്യങ്ങൾ നേടാനോ വ്യക്തിപരമായ കാരണങ്ങളാലോ സർക്കാരിന്റെ നയത്തോടുള്ള അനിഷ്ടത്താലോ കേന്ദ്രത്തിന്റെ കാഴ്ചപ്പാടുമായി ഒത്തുപോകുന്നില്ലെന്ന കാരണത്താലോ ആണോ ബിൽ രാഷ്ട്രപതിക്കു വിടാൻ ഗവർണർ തീരുമാനിക്കുന്നതെന്നും കോടതിക്കു പരിശോധിക്കാം.
ചരിത്രത്തിലേക്ക് 10 ബില്ലുകൾ
ചെന്നൈ ∙ രാജ്യചരിത്രത്തിൽ ആദ്യമായി ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി വിജ്ഞാപനം ചെയ്ത് തമിഴ്നാട്. ഗവർണർ തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് അയച്ച 10 ബില്ലുകളും സുപ്രീംകോടതി അംഗീകരിച്ചതോടെയാണു നിയമങ്ങൾ പ്രാബല്യത്തിൽ വന്നതായി ഗസറ്റിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. സർക്കാർ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടതാണു മിക്ക നിയമങ്ങളും.