കഥാകൃത്ത് അഷറഫ് ആഡൂർ അന്തരിച്ചു

Mail This Article
കാടാച്ചിറ (കണ്ണൂർ) ∙ കഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന അഷറഫ് ആഡൂർ (48) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്നു 4 വർഷത്തോളമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. പൊതുവാച്ചേരി ജുമാമസ്ജിദിൽ ഖബറടക്കി. ഭാര്യ: സി.എം.ഹാജിറ. മക്കൾ: ആദിൽ, അദ്നാൻ.
കടമ്പൂർ പഞ്ചായത്തിലെ ആഡൂരിൽ പരേതരായ മുഹമ്മദിന്റെയും സൈനബയുടെയും മകനാണ്. കെട്ടിട നിർമാണ തൊഴിലാളി ആയിരിക്കെയാണു ടി.പത്മനാഭൻ, ടി.എൻ.പ്രകാശ് തുടങ്ങിയ എഴുത്തുകാരുടെ പിന്തുണയോടെ എഴുത്തിൽ സജീവമായത്. 8 ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചെറുകഥകൾക്ക് മുപ്പതോളം പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച മാധ്യമപ്രവർത്തകനുള്ള പാമ്പൻ മാധവൻ അവാർഡ്, ജീവകാരുണ്യ ടെലിവിഷൻ റിപ്പോർട്ടിങ്ങിനുള്ള എ.ടി.ഉമ്മർ മാധ്യമ പുരസ്കാരം എന്നിവ നേടി. മനോരമ ഓൺലൈൻ നടത്തിയ പരിസ്ഥിതി ഡോക്യുമെന്ററി മത്സരത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ട്. 5 ഡോക്യുമെന്ററികൾക്കു രചന നിർവഹിച്ചു.
കണ്ണൂർ സിറ്റി ചാനലിൽ സീനിയർ സബ് എഡിറ്ററായിരിക്കെ 2015ലാണ് പക്ഷാഘാതം വന്നു കിടപ്പിലായത്. സാഹിത്യ സുഹൃത്തുക്കളും മാധ്യമ പ്രവർത്തകരും മുൻകയ്യെടുത്തു നിർമിച്ചു നൽകിയ ‘കഥ വീട്’ എന്ന വസതിയിലായിരുന്നു അവസാന കാലം. ധനസമാഹരണത്തിനു വേണ്ടി അഷറഫിന്റെ തിരഞ്ഞെടുത്ത കഥകൾ സുഹൃദ്സംഘം പ്രസിദ്ധീകരിച്ചിരുന്നു.