പെൺകരുത്ത് കുരുക്കിട്ടത് 38,247 തെരുവുനായ്ക്കൾക്ക്

Mail This Article
പത്തനംതിട്ട ∙ നായ ഓടിച്ചപ്പോൾ പേടിച്ചു പനി പിടിച്ചവരുണ്ട് ഇക്കൂട്ടത്തിൽ. പക്ഷേ, കഥ മാറി. ഇവരുടെ തന്ത്രങ്ങളിൽ നായ വാലാട്ടിയെത്തും, ഇല്ലെങ്കിൽ ഓടിച്ചിട്ടു പിടിക്കും. കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തിയതോടെ തെരുവുനായ വന്ധ്യംകരണ പദ്ധതി (എബിസി) വിജയപാതയിലായി.
2017 ജൂണിലാണു കുടുംബശ്രീ വനിതകൾ ഇതിനായി തെരുവിലിറങ്ങിത്തുടങ്ങിയത്. ഇതുവരെ 38,247 തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു. സർക്കാരിൽ നിന്ന് 8.36 കോടി രൂപ ലഭിക്കുകയും ചെയ്തു.
8 ജില്ലകളിലായി 472 തദ്ദേശ സ്ഥാപനങ്ങളിലാണു കുടുംബശ്രീ തെരുവുനായ്ക്കളെ പിടിക്കുന്നത്. പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണു സർക്കാർ.
ഒരു നായയെ വന്ധ്യംകരിച്ച ശേഷം, പിടിച്ചിടത്തു തിരികെവിടുമ്പോൾ 2,100 രൂപയാണു സർക്കാർ നൽകുക. ഇതിൽ ഡോക്ടർക്ക് 400 രൂപയും മരുന്നിന് 500 രൂപയും കഴിഞ്ഞാൽ ബാക്കി കുടുംബശ്രീ സംഘത്തിനാണ്. നായ്ക്കൾക്കു ശസ്ത്രക്രിയയ്ക്കും മറ്റുമായി 5 ദിവസം താമസവും ഭക്ഷണവും ഉറപ്പാക്കേണ്ടതും വാഹനം ഏർപ്പെടുത്തേണ്ടതും കുടുംബശ്രീയാണ്.
5 പേരാണ് ഒരു സംഘത്തിൽ. മാസം ഓരോരുത്തർക്കും 20,000 – 25,000 രൂപ വരെ ലഭിച്ച സംഘങ്ങളുണ്ട്.
കുരുക്കിലായ നായ്ക്കൾ
2017- 13,514
2018 - 21,448
2019 (ഇതുവരെ) 3,285