ബിശ്വനാഥ് സിൻഹ 3 മാസം അവധിയിൽ പോകും

Mail This Article
തിരുവനന്തപുരം∙ മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് അപ്രധാന വകുപ്പുകളിലേക്കു സ്ഥലം മാറ്റപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ 3 മാസ അവധിയിൽ പോകുന്നു. അവധി അപേക്ഷ ലഭിച്ചതായി അധികൃതർ അറിയിച്ചു. വനിതാ ഐഎഎസ് ട്രെയിനികൾ ഇദ്ദേഹത്തിനെതിരെ പരാതിപ്പെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്നു ബിശ്വനാഥ് സിൻഹയെ പൊതുഭരണ, ദേവസ്വം വകുപ്പുകളിൽ നിന്നു താരതമ്യേന അപ്രധാനമായ സൈനിക ക്ഷേമം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
സിൻഹയ്ക്കെതിരെയുള്ള പരാതികളുടെ വാട്സാപ് സ്ക്രീൻ ഷോട്ടുകൾ സഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കോ മറ്റു ബന്ധപ്പെട്ട അധികൃതർക്കോ രേഖാമൂലമുള്ള പരാതി കൊടുത്തിട്ടില്ല. അതു ലഭിച്ചാൽ അന്വേഷണം ഉൾപ്പെടെ തുടർനടപടികളും ഉണ്ടാകും. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ സിൻഹ സെക്രട്ടേറിയറ്റിൽ നടപ്പാക്കിയ പരിഷ്കരണ നടപടികളുടെ പേരിൽ ഭരണ, പ്രതിപക്ഷ സർവീസ് സംഘടനകൾ അദ്ദേഹത്തെ ശക്തമായി എതിർത്തു വരുന്നതിനിടെയാണ് ആരോപണമുയർന്നത്.