സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക സമ്മേളനം ഇന്നു മുതൽ

Mail This Article
കൊല്ലം∙ വിശ്വശാന്തിക്കു മതവിദ്യ എന്ന സന്ദേശം ഉയർത്തി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യാപക സംഘടന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60–ാം വാർഷിക സമ്മേളനം കൊല്ലത്ത് ഇന്നു തുടങ്ങും. ഇതിനു മുന്നോടിയായി ഇന്നലെ വൊളന്റിയർ പരേഡും ആത്മീയ മജ്‌ലിസും നടന്നു. ഒരു വർഷമായി ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തിവരുന്ന വിവിധ പദ്ധതികളുടെ സമാപനമായാണു മഹാ സമ്മേളനം.
അറുപതാം വാർഷിക സ്മരണ ഉണർത്തി ഇന്നു വൈകിട്ടു 3.15ന് 60 പതാക 60 പേർ ഒരുമിച്ച് ഉയർത്തും. 4ന് സമ്മേളനം കർണാടക സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മൗലാന മുഫ്തി ഷരീഫുൽ ഇസ്‌ലാം ഉദ്ഘാടനം ചെയ്യും. സുവനീർ പ്രകാശനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും. 6.45ന് അവബോധം ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും. 28നു 2 വേദികളിലായി പഠന ക്യാംപ് ആരംഭിക്കും.
ഇന്നലെ സന്ധ്യയ്ക്ക് നടന്ന മജ്‌ലിസുന്നൂർ ആത്മീയ സദസ്സിനു മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി. ആലപ്പുഴ ഹദായത്തുല്ല തങ്ങളുടെ പ്രാർഥനയോടെയായിരുന്നു തുടക്കം. പൗരത്വ നിയമം സംബന്ധിച്ചു സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തി. ഹസൻ സഖാഫി പൂക്കോട്ടൂർ, ഹൈദർ മുസല്യാർ, ഏലംകുളം ബാപ്പു മുസല്യാർ, ഷറഫുദീൻ തങ്ങൾ എറണാകുളം, അബ്ദുല്ല തങ്ങൾ, പൂക്കോയ തങ്ങൾ എന്നിവർ പ്രസംഗിച്ചു. സമ്മേളനം 29നു സമാപിക്കും. സമാപന സമ്മേളനത്തിൽ 10 ലക്ഷം പേർ പങ്കെടുക്കും.
ഒരുമയുടെ സന്ദേശമായി വൊളന്റിയർ റാലി
കൊല്ലം.∙ ഒരുമയുടെ സന്ദേശം വിളംബരം ചെയ്ത്, ചിട്ടയോടെ വൊളന്റിയർ പരേഡ്. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സമ്മേളനത്തിനു മുന്നോടിയായാണ് 1500 വൊളന്റിയർമാർ അണിനിരന്നത്. എസ്കെഎസ്എസ്എഫിന്റെ വിഖായ, ത്വലബ, എസ്‌വൈഎസിന്റെ ആമില വൊളന്റിയിർമാരാണു ചിട്ടയോടെ ചുവടുവച്ചത്.
ആശ്രാമം മൈതാനത്തു നടന്ന പ്രാർഥനയ്ക്കു ശേഷം ക്യുഎസി മൈതാനത്ത് എത്തിയ വൊളന്റിയർമാർ അവിടെ നിന്നാണ് പരേഡിന്റെ ഭാഗമായത്. വൊളന്റിയർ ക്യാപ്റ്റൻ റഷീദ് ഫൈസി വെള്ളായിക്കോടിനു സ്വാഗത സംഘം ചെയർമാൻ എ.യൂനുസ് കുഞ്ഞു പതാക കൈമാറി. 4 വരിയായി നീങ്ങിയ വൊളന്റിയർമാർ, എആർ ക്യാംപ് ജംക്‌ഷൻ, റെയിൽവേ സ്റ്റേഷൻ, ചിന്നക്കട വഴി ആശ്രാമം മൈതാനത്ത് എത്തി. സലാം ഫറോക്ക്, സൽമാൻ ഫൈസി, ജുറൈജ് കണിയാപുരം, സി.പി.ബാസിത്ത് ഹുദവി, ആർ.യു അബൂബക്കർ യമാനി, ഹബീബ് വരവൂർ എന്നിവർ നേതൃത്വം നൽകി.
English Summary: Samastha annual meet