ADVERTISEMENT

ചങ്ങനാശേരി ∙ വിശ്വാസ സംരക്ഷണത്തിന് എതിരെ നിന്നവർക്ക് എതിരായാണ് ശരിദൂരം സ്വീകരിച്ചതെന്നും സാമൂഹിക നീതി നിഷേധിക്കുന്ന സാഹചര്യങ്ങളിൽ ഇതു തുടരുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.  

പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങൾക്കു തുടക്കം കുറിച്ച് അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമദൂരവും ശരിദൂരവും എങ്ങനെ പ്രയോഗിക്കണം എന്നതിലാണ് പ്രസക്തി. പ്രയോഗിക്കുന്ന ആളുടെ കഴിവുപോലെ ഇരിക്കും നിലപാടിന്റെ വിജയം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അതു കണ്ടതാണെന്ന് ജനറൽ സെക്രട്ടറി നിലപാടു വ്യക്തമാക്കി.

പൗരത്വ ബിൽ സംബന്ധിച്ച ചർച്ചയ്ക്കു മുഖ്യമന്ത്രി വിളിച്ചിരുന്നു. മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്നിവയാണ് എൻഎസ്എസ് നിലപാട്. അത് ജനങ്ങൾക്കറിയാം. അവ ആവർത്തിക്കേണ്ട കാര്യമില്ല. ഇക്കാര്യം 100 വർഷം മുൻപ് സമുദായാചാര്യൻ മന്നത്തു പദ്മനാഭൻ പറഞ്ഞതാണ്. മാത്രമല്ല രാവിലെയും വൈകിട്ടും ഓരോ നിലപാടു പറയുന്നവർക്കൊപ്പം യോഗത്തിൽ ഇരിക്കേണ്ട കാര്യമില്ലെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. 

ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ നീതി പുലർത്തിയില്ല. സംസ്ഥാന സർക്കാരാണ് ഏറ്റവും കൂടുതൽ ദ്രോഹം ചെയ്തത്. അയ്യപ്പന്റെ കൃപ കൊണ്ടാണ് രക്ഷപ്പെട്ടത്. കേന്ദ്ര സർക്കാർ അനുവദിച്ച 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിൽ ന്യായമായ സമീപനം സ്വീകരിച്ച സംസ്ഥാന സർക്കാർ  ദേവസ്വം ബോർഡിൽ 10 ശതമാനം സംവരണം നൽകാൻ കണ്ടുപിടിച്ച നയങ്ങളിൽ പ്രതിഷേധമുണ്ട്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് നയമാണ്. അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുന്ന തരത്തിലാണ് ദേവസ്വം സംവരണത്തിലെ മാനദണ്ഡങ്ങൾ.  ഈ കുരുക്കുകൾ അഴിക്കാൻ എൻഎസ്എസ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടന്നു.  അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻഎസ്എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിച്ചു. മന്നം ജയന്തി സമ്മേളനം ഇന്നാണ്.  രാവിലെ 7.30 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന.  10.45 ന്  ജയന്തി സമ്മേളനം ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.

ശബരിമല: പുതിയ ഭരണസംവിധാനം വേണ്ടെന്ന് എൻഎസ്എസ്

ചങ്ങനാശേരി ∙ ശബരിമല ഭരണനിർവഹണത്തിനു നിലവിലുള്ള സംവിധാനം മാറ്റി പുതിയ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുതെന്ന് എൻഎസ്എസ് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം. സുപ്രീം കോടതി പരാമർശത്തിന്റെ പേരിൽ, ശബരിമല പ്രത്യേക അധികാര കേന്ദ്രത്തിന്റെ കീഴിൽ വരുന്ന രീതിയിൽ നിയമം കൊണ്ടുവന്നാൽ അതു തിരുവിതാംകൂർ ദേവസ്വം ബോർഡിനെ തകർക്കും. ബോർഡിനു കീഴിലെ 1200 ക്ഷേത്രങ്ങൾ നശിക്കുന്ന അവസ്ഥയിലെത്തും. ഇക്കാര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുകയാണു വേണ്ടതെന്നു പ്രമേയത്തിൽ പറയുന്നു.

ദേവസ്വം ബോർഡ് നിയമനങ്ങളിൽ 10 % സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വ്യക്തത വരുത്തണം. സമുദായ ആചാര്യൻ മന്നത്തു പത്മനാഭന്റെ ജന്മദിനമായ ജനുവരി 2 നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുന്ന പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിച്ചു. 

മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നയിൽ ചേർന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.വി.അയ്യപ്പൻ പിള്ള, എം.എം.ഗോവിന്ദൻകുട്ടി, ഹരികുമാർ കോയിക്കൽ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.

 

 

 

English summary: Mannam Jayanthi celebrations

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com