ADVERTISEMENT

കെ.എം.ഷാജി ഏതാണ്ടൊരു ത്രിശങ്കു സ്വർഗത്തിലാണു കുറെക്കാലമായി കുടി പാർക്കുന്നത്. താമസം സ്വർഗത്തിലാണോ എന്നു ചോദിച്ചാൽ അല്ല, നരകത്തിലാണോ എന്നു ചോദിച്ചാൽ അതുമല്ല. സ്വർഗത്തിനും നരകത്തിനും മധ്യേയാണല്ലോ ത്രിശങ്കു മഹാരാജാവിനു വേണ്ടി വിശ്വാമിത്ര മഹർഷി സ്വർഗതുല്യമായ എന്തോ ഒരിടം സൃഷ്ടിച്ചത്. സ്വർഗത്തിലുള്ള എല്ലാ ഫെസിലിറ്റീസും അവിടെയുണ്ട്.

ഷാജിയും അത്തരമൊരു സ്ഥിതിയിലാണ്. തിരഞ്ഞെടുപ്പു കേസിൽ ഹൈക്കോടതി അയോഗ്യത കൽപിച്ച അദ്ദേഹത്തിനു സഭാ നടപടികളിൽ യഥേഷ്ടം പങ്കെടുക്കാൻ സുപ്രീം കോടതി അനുമതിയുണ്ട്. എന്നാൽ വോട്ട് ചെയ്യാൻ പാടില്ല.

ദേശീയ ജനസംഖ്യാ റജിസ്റ്റർ, ദേശീയ പൗരത്വ പട്ടിക തുടങ്ങിയവ ജനങ്ങളിൽ സൃഷ്ടിച്ച ആശങ്ക അടിയന്തര പ്രമേയത്തിനു വിഷയമാക്കാനാണു ഷാജിയും കൂട്ടരും ശ്രമിച്ചത്. നിയമമന്ത്രി എ.കെ.ബാലൻ തുടക്കത്തിലേ ഉടക്കിട്ടു: ഷാജിക്കു വോട്ടവകാശമില്ല. വോട്ടവകാശം ഇല്ലാത്തയാൾ വോട്ടിനിടേണ്ട പ്രമേയം അവതരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

ലോ കോളജ് പഠനകാലത്തു ക്ലാസിൽ കയറാത്തതു കൊണ്ടാണു ബാലൻ ഇത്തരം ലോ പോയിന്റുകൾ പറയുന്നതെന്നു കെ.സി.ജോസഫ് തിരിച്ചടിച്ചു. ബാലന്റെ പരാമർശം നിർഭാഗ്യകരമാണെന്നു വി.ഡി.സതീശനും പറഞ്ഞു. പ്രമേയം വോട്ടിനിടുമ്പോൾ ഷാജിക്കു വോട്ട് ചെയ്യാൻ പറ്റില്ലെന്നു കെ.സുരേഷ് കുറുപ്പും ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പരാമർശം ബാലിശമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ അതിലെന്താണു വാർത്തയെന്നു തോന്നി. ബാലൻമാർ ബാലിശമായല്ലാതെ എങ്ങനെ ചിന്തിക്കണം?

എ.കെ.ബാലൻ ഏറ്റവും സമർഥനായ വിദ്യാർഥിയായിരുന്നുവെന്നു മന്ത്രി ഇ.പി.ജയരാജൻ സാക്ഷ്യം പറഞ്ഞു. അതോടെ തന്റെ പരാമർശം കെ.സി.ജോസഫ് പിൻവലിച്ചു. പ്രമേയം അവതരിപ്പിക്കുന്നതിനു ഷാജിക്കു വിലക്കില്ലെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ റൂളിങ് നൽകി. എന്നാൽ പ്രമേയം വോട്ടിനിടുകയാണെങ്കിൽ ഷാജിക്ക് അതിൽ പങ്കെടുക്കാൻ കഴിയില്ല. രണ്ടു പക്ഷത്തിനും തൃപ്തികരമായ റൂളിങ്.

ത്രിശങ്കു സ്വർഗത്തിൽ തനിക്കു സഭയിൽ നിന്നു തന്നെയൊരു അയൽക്കാരനുണ്ടെന്നു ഷാജി വെളിപ്പെടുത്തി: കാരാട്ട് റസാഖ്. അദ്ദേഹത്തിനും വോട്ടവകാശമില്ല. മുഖ്യമന്ത്രിയെ ഇത്തരം നിയമപ്രശ്നങ്ങളൊന്നും അലട്ടാറില്ല. ദേശീയ ജനസംഖ്യാ റജിസ്റ്റർ, ദേശീയ പൗരത്വ റജിസ്റ്റർ എന്നിവയൊന്നും സംസ്ഥാനത്തു നടപ്പാക്കാൻ പോകുന്നില്ലെന്നും അനാവശ്യമായ ആശങ്ക സൃഷ്ടിക്കരുതെന്നും അദ്ദേഹം ഷാജിയെ ഉപദേശിച്ചു.

ഇക്കാലത്തു മലയാളത്തിലെ പഴയ ശൈലികൾ പ്രയോഗിക്കുമ്പോൾ ജാഗ്രത നല്ലതാണ്. പലതും ഇപ്പോൾ ‘പൊളിറ്റിക്കലി ഇൻകറക്റ്റ്’ ആണ്. മമത ബാനർജിയെക്കുറിച്ചു പറയുമ്പോൾ ‘പെണ്ണാണെങ്കിലും ആണിന്റെ അന്തസ്സു കാണിച്ചെ’ന്ന പ്രയോഗത്തിന്റെ പേരിലാണു കെ.എം.ഷാജി പുലിവാലു പിടിച്ചത്. ഇതു സ്ത്രീവിരുദ്ധവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്ന് എം.സ്വരാജ് ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് എന്താണൊരു കുറവ് എന്നു കെ.കെ.ശൈലജ കൂടി ചോദിച്ചതോടെ ഷാജി പ്രയോഗം പിൻവലിച്ചു തലയൂരി.

ഇന്നത്തെ വാചകം

ഇതെല്ലാം നമ്മുടെ ശീലങ്ങളുടെ പ്രശ്നമാണ്. ചിലർ കളവു മാത്രമേ പറയൂ എന്ന നിർബന്ധക്കാരാണ്. മറ്റു ചിലർ ഉള്ളതു മാത്രമേ പറയൂ എന്നു നിർബന്ധമുള്ളവരാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com