ADVERTISEMENT

വി.ഡി. സതീശൻ ആകപ്പാടെ ഭയചകിതനാണ്. ഇടുക്കി പാക്കേജ്, വയനാട് പാക്കേജ്, കുട്ടനാടിന് ഉപതിരഞ്ഞെടുപ്പു സ്പെഷൽ പാക്കേജ്... ബജറ്റിലെ പാക്കേജ് പ്രളയത്തിൽ കേരളം വീണ്ടും മുങ്ങിപ്പോകുമോ എന്നാണ് അദ്ദേഹത്തിന്റെ പേടി. അതിനു ന്യായമുണ്ടു താനും. ഏതു പ്രളയവും ഏറ്റവും കൂടുതൽ ബാധിക്കുന്നത് അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരിനെയാണ്.

ബജറ്റ് വർണശബളമായ വെടിക്കെട്ടു മാത്രമാണെന്നാണു സതീശന്റെ വിലയിരുത്തൽ. വെറും ‘പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്’. ഇവിടെ നടക്കുന്നതു പ്രോജക്ട് കച്ചവടമാണെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ളവർക്ക് പ്രോജക്ട്, ഇഷ്ടമുള്ളവർക്ക് കൺസൽറ്റൻസി. പ്രതിപക്ഷം കവികളെ കളിയാക്കുന്നതിനോടു സി.കെ.‌ ശശീന്ദ്രനു യോജിപ്പില്ല. കവിതയോടുള്ള കമ്പമല്ല, കവികൾ നാടിന്റെ സ്വത്തായതാണു കാരണം. സംഗതി സത്യമെങ്കിൽ കവികളെ കളിയാക്കുന്നവർക്കെതിരെ പൊതുസ്വത്തു നശിപ്പിക്കുന്നതിനു കേസ് എടുക്കാം.

പി.കെ. ബഷീർ കവിത വായിക്കുന്നയാളാണെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല. റഫീഖ് അഹമ്മദിന്റെ ഒരു കവിതയിലെ 2 വരി വള്ളിപുള്ളി വിസർഗം തെറ്റാതെ വായിക്കുന്നതു കേട്ടപ്പോൾ വിശ്വസിക്കാതെ വയ്യെന്നായി. കോവളം – ബേക്കൽ ജലപാത അടുത്ത വർഷം തുറക്കുമെന്ന ബജറ്റ് പ്രഖ്യാപനം കേട്ടപ്പോൾ അദ്ദേഹത്തിനു സംശയം: കനാൽ പൂർത്തിയാക്കാതെ എങ്ങനെ പോകും? ബോട്ട് റോഡിൽക്കൂടി പോകുമോ?

തിരുവനന്തപുരത്തെ അവഗണിച്ചെന്ന ആക്ഷേപത്തോടു സി. ദിവാകരനു യോജിപ്പില്ല. അദ്ദേഹം കമ്യൂണിസ്റ്റ് ഇന്റർനാഷനലിൽ ഫാഷിസത്തെക്കുറിച്ചു ദിമിത്രോവ് നടത്തിയ പ്രസംഗത്തിലാണു കയറിപ്പിടിച്ചത്. പാർലമെന്റ് മന്ദിരം മാത്രമാണു ബിജെപി വിൽക്കാതെ ബാക്കിവച്ചിട്ടുള്ളതെന്നും അതും താമസിയാതെ കോർപറേറ്റുകൾക്കു കൈമാറുമെന്നും പറഞ്ഞ ദിവാകരൻ, തന്റെ മണ്ഡലമായ നെടുമങ്ങാടിനോടു ബജറ്റിൽ കാട്ടിയ അവഗണനയെക്കുറിച്ചു പറഞ്ഞത് അൽപം ശബ്ദം താഴ്ത്തിയാണ്.

ബജറ്റ് അവതരിപ്പിച്ച വെള്ളിയാഴ്ച തിരുവനന്തപുരത്തിനു ദുഃഖവെള്ളിയായെന്നും ക്യാപിറ്റൽ സിറ്റിക്കു ധനമന്ത്രി വിധിച്ചതു ക്യാപിറ്റൽ പണീഷ്മെന്റ് ആണന്നും വി.എസ്. ശിവകുമാർ വിലപിച്ചു. ‘മാക്സിമം പ്രോമിസസ്, മിനിമം ഡെലിവറി’ – ഇതായിരുന്നു ബജറ്റിനു ശിവകുമാറിന്റെ നിർവചനം. കൃഷിരംഗത്തെ പ്രതിസന്ധിയിലെ പ്രതി ആരാണെന്നുള്ള അന്വേഷണമായി അടിയന്തര പ്രമേയ ചർച്ച മാറി. 3 മണിക്കൂർ ചർച്ച ചെയ്തിട്ടും യഥാർഥ പ്രതികളെ കണ്ടെത്താനായില്ല. കൃഷിമേഖലയിൽ നടപ്പാക്കിയ പദ്ധതികളുടെ മലവെള്ളപ്പാച്ചിലായി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പ്രസംഗം മാറി. സർക്കസിലെ ജോക്കറിന്റെ അടി പോലെ ശബ്ദം മാത്രമാണു പ്രതിപക്ഷത്തിന്റെ പ്രസംഗത്തിലെന്നു മന്ത്രി പറഞ്ഞതോടെ മന്ത്രിയുടെ പ്രസംഗത്തിനിടെ ‘ഠോ, ഠോ’ എന്നു ‘വെടിവച്ചു’. ഒടുവിൽ ‘ഠോ, ഠോ’വിന്റെ അകമ്പടിയോടെ ഇറങ്ങിപ്പോകുകയും ചെയ്തു.

ഇന്നത്തെ വാചകം

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ കേരളത്തെ ശത്രുരാജ്യമായി കണ്ടു നടത്തിയ സർജിക്കൽ സ്ട്രൈക് ആണ്. എൽഡിഎഫിന്റെ കരുത്തു കൊണ്ടാണ് ഈ സർജിക്കൽ സ്ട്രൈക്കിനെ ചെറുത്തത്.

 ഡപ്യൂട്ടി സ്പീക്കർ വി.ശശി

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com