ചിത്രകാരൻ കെ.പ്രഭാകരൻ അന്തരിച്ചു

Mail This Article
കോഴിക്കോട് ∙ പ്രമുഖ ചിത്രകാരൻ കെ.പ്രഭാകരൻ (71) അന്തരിച്ചു. കരൾ രോഗത്തെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. സംസ്കാരം ഇന്നു രാവിലെ 9.30ന് മാവൂർ റോഡ് ശ്മശാനത്തിൽ.
ചിത്രകാരി കബിത മുഖർജിയാണ് ഭാര്യ. സംവിധായകനും സഞ്ചാര സാഹിത്യകാരനുമായിരുന്ന ചിന്ത രവിയുടെ സഹോദരനാണ്. മക്കൾ: കിഷൻ (സ്പൈസസ് ബോർഡ്, ഹൈദരാബാദ്), കബീർ (ഫോറസ്ട്രി വിദ്യാർഥി, അരുണാചൽ പ്രദേശ്), കൃഷ്ണ, നിരഞ്ജന.
തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സ്, ബറോഡ എംഎസ് സർവകലാശാല എന്നിവിടങ്ങളിൽ പഠനശേഷം പ്രഭാകരൻ ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്കൾപ്ചേഴ്സ് അസോസിയേഷന്റെ ഭാഗമായി. ബറോഡയിലെ മഹാരാജാ സായാജിറാവു സർവകലാശാലയിലെ ചിത്ര കലാവിഭാഗത്തിൽ അധ്യാപകനായിരുന്നു.
1995ൽ കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെലോഷിപ്പും 2000ത്തിൽ കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരവും ലഭിച്ചു. പാരിസ്, ജനീവ എന്നിവിടങ്ങളിൽ ഉൾപ്പെടെ വിദേശത്തും ഇന്ത്യയിലുമായി ഒട്ടേറെ പ്രദർശനങ്ങൾ നടത്തി. ‘ദ ഗ്രേറ്റ് പ്രൊസെഷൻ’ എന്ന പേരിൽ ഭാര്യ കബിത മുഖർജിയോടൊപ്പം 2000 മുതൽ 2007 വരെ 14 പ്രദർശനങ്ങൾ നടത്തി.
English summary: Artist K.Prabhakaran passes away