ഒഎൻവി നവതി വർഷം: ഇന്നു തുടക്കം

Mail This Article
തിരുവനന്തപുരം ∙ മലയാളിയുടെ പ്രിയ കവി ഒ.എൻ.വി കുറുപ്പിന്റെ നവതി വർഷാചരണത്തിന് ഇന്നു തുടക്കം. മലയാള കാവ്യലോകത്തു കാലത്തിനോ മറവിക്കോ മായ്ക്കാനാവാത്ത പേരാണ് ഒഎൻവിയുടേത്. അടുത്ത വർഷം ഇതേ ദിവസമാണ് നവതി ദിനം.
കോവിഡ് കാലമായതിനാൽ തലസ്ഥാനത്തു വഴുതക്കാട്ടെ കവിയുടെ വീടായ ‘ഇന്ദീവര’ത്തിൽ പിറന്നാൾ ദിനമായ ഇന്നു പ്രത്യേക ചടങ്ങുകളില്ല. പുസ്തകങ്ങളും പുരസ്കാരങ്ങളും ചിട്ടയോടെ അടുക്കിവച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മുറിയിൽ പ്രഭ തൂകി ഒരു വിളക്കു കത്തി നിൽക്കും. വിരഹ നൊമ്പര തിരിയിൽ പൂവു പോൽ വിടർന്ന നാളം. കവി ഉപയോഗിച്ചിരുന്ന എഴുത്തു മേശയും ചാരുകസേരയും കവിതകളെഴുതിയിരുന്ന പേനകളും അതേപടി ഈ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. മേശപ്പുറത്ത് ഇപ്പോൾ എഴുതിയതെന്ന പോലെ കുറിപ്പടികളോടു കൂടിയ കടലാസുകൾ.
നോട്ടു പുസ്തകങ്ങളിൽ എഴുതി പൂർത്തിയാക്കാതെ പോയ രചനകളുണ്ട്. അതെല്ലാം ഒരിക്കൽ കൂടി എടുത്തു സൂക്ഷ്മതയോടെ പരിശോധിക്കുകയാണ് ഭാര്യ സരോജിനി. ഒ.എൻവിയുടെ രചനകളുടെ ആദ്യ വായനക്കാരിയായിരുന്നു അദ്ദേഹം ‘സരോ’ എന്നു വിളിച്ചിരുന്ന സരോജിനി.
‘അദ്ദേഹം വിട്ടു പിരിഞ്ഞതായി തോന്നുന്നില്ല. ഇന്നും ആ ശബ്ദം ഈ വീട്ടിൽ മുഴുങ്ങുന്നുണ്ട്. സരോ എന്നു നീട്ടി വിളിക്കുന്നതുപോലെ തോന്നും’ – സരോജിനിയുടെ വാക്കുകൾ.
‘ജീവിച്ചിരുന്ന സമയത്ത് പിറന്നാളുകൾ കാര്യമായി ആഘോഷിക്കാൻ അച്ഛൻ സമ്മതിച്ചിരുന്നില്ല. പതിവുപോലെ പിറന്നാൾ ദിനങ്ങളിലും കുടുംബാംങ്ങൾക്കൊപ്പം കഴിയുകയും ആഹാരം കഴിക്കുകയും ചെയ്തിരുന്നു. പുവർ ഹോമിലെ കുട്ടികൾക്ക് ആഹാരം നൽകുന്നതു മാത്രമായിരുന്നു പ്രത്യേകത.’– മകൻ രാജീവ് ഒഎൻവിയുടെ വാക്കുകൾ.
ഒഎൻവിയുടെ അപ്രകാശിത രചനകൾ ഇതിനകം സരോജിനിയും രാജീവും ചേർന്നു സമാഹരിച്ചു. കവിതകൾ മുഴുവൻ സരോജിനിയെ ചൊല്ലി കേൾപ്പിച്ചിട്ടുള്ളതിനാൽ അവയുടെ രചനാ സന്ദർഭവും രേഖപ്പെടുത്തുന്നുണ്ട്.
നവതിയോടനുബന്ധിച്ച് ഒഎൻവി കൾചറൽ അക്കാദമി 13 ഗായകരെ അണിനിരത്തി ഒഎൻവിയുടെ വരികൾ കോർത്തിണക്കി ‘സമർപ്പണം’ എന്ന ആദര ഗാനമൊരുക്കുകയാണ്. പി.ജയചന്ദ്രൻ, കെ.എസ്. ചിത്ര, വിധു പ്രതാപ്, കല്ലറ ഗോപൻ, രാജലക്ഷ്മി, അപർണ രാജീവ്, ശ്രീറാം തുടങ്ങിയവരാണു ഗായകർ.