വർക്കി ജോർജ് അന്തരിച്ചു
Mail This Article
കോട്ടയം ∙ മലയാള മനോരമ മാനേജ്മെന്റ് ഓഡിറ്റ് വൈസ് പ്രസിഡന്റ്, കലക്ടറേറ്റ് ചിൽഡ്രൻസ് പാർക്ക് റോഡ് കരിപ്പുറത്ത് വീട്ടിൽ വർക്കി ജോർജ് (70) നിര്യാതനായി. സംസ്കാരം പിന്നീട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ട. ജനറൽ മാനേജർ പരേതനായ കെ.വി. ജോർജിന്റെ മകനാണ്.
40 വർഷമായി മനോരമയിൽ സേവനം അനുഷ്ഠിക്കുന്ന വർക്കി ജോർജ് കോർപറേറ്റ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മനോരമയിൽ കംപ്യൂട്ടർവൽക്കരണം നടപ്പാക്കുന്നതിലും ഇൻഫർമേഷൻ ടെക്നോളജിയുടെ ആധുനിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചു.
എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് സോഫ്റ്റ്‌വെയറായ എസ്എപി ഇആർപി, 1998ൽ മനോരമയിൽ നടപ്പാക്കാൻ മുഖ്യപങ്കുവഹിച്ചു. ഏഷ്യയിൽ അന്നാദ്യമായാണ് ഒരു മാധ്യമസ്ഥാപനം എസ്എപി നടപ്പിലാക്കുന്നത്. രാജ്യാന്തര ഗുണനിലവാരത്തിന്റെ മുഖമുദ്രയായ ഐഎസ്ഒ 9000 മനോരമയിൽ നടപ്പിലാക്കിയതിന്റെ ചുമതലക്കാരനായിരുന്നു.
കോൺട്രാക്ട് നെഗോഷ്യേഷൻസ് വിദഗ്ധനായ വർക്കി ജോർജ് മലയാള മനോരമയിലെ വിവിധ വിഭാഗങ്ങളുടെ ഡിജിറ്റൽവൽക്കരണത്തിനും മനോരമയുടെ നവമാധ്യമങ്ങളിലേക്കുള്ള മാറ്റത്തിനും നേതൃത്വം നൽകി.
ഭാര്യ: ഗീത (കോഴഞ്ചേരി മുളമൂട്ടിൽ കുടുംബാംഗം). മക്കൾ: ജോർജ് വർക്കി (നൊവാർട്ടിസ്, ഹൈദരാബാദ്), ചെറിയാൻ വർക്കി (മക്ഫിലി ആൻഡ് മക്‌കിർനൻ അക്കൗണ്ടന്റ്സ്, അയർലൻഡ്), മരുമക്കൾ: വെണ്ണിക്കുളം ഐക്കാട്ടുകുന്നേൽ കരിഷ്മ മറിയ ജോർജ്, റാന്നി കുരുടാമണ്ണിൽ സിഞ്ചു ചെറിയാൻ (അയർലൻഡ്).
English summary: Varkey George passes away