പശുക്കളെ പരിപാലിച്ച് കുടുംബം പോറ്റുന്ന അരിത കോൺഗ്രസ് പട്ടികയിലെ യുവതാരം
Mail This Article
ആലപ്പുഴ ∙ ‘സംസ്ഥാനത്ത് കോൺഗ്രസിന്റെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥി–’ അരിത ബാബുവിനെ (26) പ്രത്യേകം വിശേഷിപ്പിച്ചാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കായംകുളത്തെ സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിച്ചത്.കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം അജേഷ് നിവാസിലെ കാലിത്തൊഴുത്തിലാണ് സ്ഥാനാർഥിയുടെ ഓരോ ദിവസവും തുടങ്ങുന്നത്.
കുറച്ചുകാലം മുൻപ് അച്ഛൻ തുളസീധരന് ഹൃദ്രോഗബാധയുണ്ടായതോടെയാണ് അരിത കുടുംബത്തെ സഹായിക്കാൻ പശുക്കളുടെ ചുമതലയേറ്റത്. പുലർച്ചെ 4 ന് ഉണർന്ന് 6 പശുക്കളുടെ പാൽ 15 വീടുകളിലും ഗോവിന്ദമുട്ടം ക്ഷീരോൽപാദക സഹകരണ സംഘത്തിലുമായി സ്കൂട്ടറിൽ എത്തിക്കും.
2015 ൽ ജില്ലാ പഞ്ചായത്തിൽ കൃഷ്ണപുരം ഡിവിഷനിൽ നിന്നു മത്സരിക്കുമ്പോൾ അരിതയ്ക്കു പ്രായം 21 തികഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ അരിത വിജയിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പുന്നപ്ര ഡിവിഷനിൽ സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയെങ്കിലും നേതൃത്വത്തിന്റെ നിർദേശ പ്രകാരം മത്സരത്തിൽ നിന്നു മാറി നിന്നു. പത്രിക പിൻവലിക്കാനുള്ള അവസാന സമയത്തിനു മുൻപ് എത്താൻ വൈകിയതിനാൽ സ്ഥാനാർഥികളുടെ കൂട്ടത്തിൽ അരിതയുമുണ്ടായിരുന്നു.
ആയിരത്തോളം വോട്ടുകൾ നേടാൻ അരിതയ്ക്കു കഴിഞ്ഞു. കെഎസ്‍യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ശരിക്കും ‘ബേബി’ അഭിജിത്ത്
കോഴിക്കോട് ∙ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിലെ യഥാർഥ ‘കുഞ്ഞുതാരം’ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ പോരിനിറങ്ങുന്ന കെ.എം.അഭിജിത്താണ്. 26 വയസും 8 മാസവുമാണ് അഭിജിത്തിന്റെ പ്രായം. അരിതയെക്കാൾ ഒന്നരമാസം ഇളയതാണ്. അഭിജിത്തിന്റെ ജന്മദിനം: 19.07.1994; അരിതയുടേത് 30.05.1994. 2017 മുതൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റാണ് അഭിജിത്.