ദിലീപിനെ ‘കുറ്റവിമുക്തനാക്കി’ ശ്രീലേഖ; തെളിവുകൾ മിക്കതും വ്യാജമെന്ന് മുൻ ഡിജിപി

Mail This Article
കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്:
∙ കേസിൽ നടൻ ദിലീപ് കുറ്റക്കാരനാണെന്നു കരുതുന്നില്ല.
∙ മുഖ്യപ്രതി പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്നതായി പ്രോസിക്യൂഷൻ ഹാജരാക്കുന്ന ചിത്രം പൊലീസ് വ്യാജമായി നിർമിച്ചതാണ്. അതൊരു ഫോട്ടോഷോപ്പ് ചിത്രമാണെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തുറന്നു സമ്മതിച്ചിട്ടുണ്ട്.
∙ ജയിലിൽനിന്നു ദിലീപിന് അയച്ചതായി പറയപ്പെടുന്ന കത്ത് എഴുതിയതു പൾസർ സുനിയല്ല.
∙ ജയിലിൽനിന്നു കടത്തിയ കടലാസ് പുറത്തു കടത്തി മറ്റാരോ ആണു കത്തെഴുതിയത്.
∙ പൊലീസുകാർ പറഞ്ഞിട്ടാണു കത്തെഴുതിയതെന്നു വിപിൻലാൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
∙ സാക്ഷികൾ കൂറുമാറാൻ കാരണം ദിലീപ് സ്വാധീനിച്ചതുകൊണ്ടല്ല, പൊലീസ് അന്വേഷണം കൃത്യമായി നടക്കാത്തതിനാലാണ്.
∙ പൾസർ സുനിയും ദിലീപും ഒരേ ടവർ ലൊക്കേഷനിൽ വന്നതു കേസിലെ തെളിവായി കാണാൻ കഴിയില്ല. താരങ്ങൾ പലരും പങ്കെടുക്കുന്ന ഒരു പരിപാടി അന്ന് കൊച്ചിയിൽ ഉണ്ടായിരുന്നതിനാൽ അവരും െഡ്രെവർമാരുമൊക്കെ ഒരേ ടവർ പരിധിയിൽ വന്നിട്ടുണ്ടാവും.
∙ ദിലീപിനെ ശിക്ഷിക്കാൻ ഒരു തെളിവുമില്ലാതിരുന്ന ഘട്ടത്തിലാണു പുതിയ ഗൂഢാലോചനാ കേസ് ഉണ്ടായത്.
∙ മാധ്യമങ്ങളുടെ സമ്മർദത്തിനു വഴങ്ങിയാണു ദിലീപിന്റെ അറസ്റ്റിലേക്കു പൊലീസ് നീങ്ങിയത്.
∙ അന്നു തെറ്റു പറ്റിയ കാര്യം പൊലീസിപ്പോൾ തുറന്നു പറഞ്ഞാൽ അവരുടെ വിശ്വാസ്യത വർധിക്കും.
∙ 300 രൂപ ചോദിച്ചാണു സുനി കത്തെഴുതിയത്. ഒന്നരക്കോടിയുടെ ക്വട്ടേഷനിൽ ആരെങ്കിലും 300 രൂപ മാത്രം ചോദിക്കുമോ?
∙ ക്വട്ടേഷൻ ലഭിച്ചതിനെത്തുടർന്നുള്ള പീഡനമാണെങ്കിൽ പിടിക്കപ്പെട്ടപ്പോൾ തന്നെ സുനി ഇക്കാര്യം വെളിപ്പെടുത്തുമായിരുന്നു.
∙ നിഗമനങ്ങൾ മുഖ്യമന്ത്രിയെയും ഉന്നത പൊലീസ് അധികാരികളെയും അറിയിച്ചിരുന്നു.
∙ ആദ്യം വാക്കാലും നടപടി കാണാതായപ്പോൾ രേഖാമൂലവും ബന്ധപ്പെട്ടവർക്കു വിവരങ്ങൾ കൈമാറിയിരുന്നു.
∙ സിനിമാരംഗത്തെ മറ്റു ചിലരും പൾസർ സുനിയിൽനിന്ന് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായതായി പറഞ്ഞിട്ടുണ്ട്.
English Summary: R Sreelekha on Actress attack case reveals