വിരമിച്ച മാനേജർ 10 വർഷമായി ജോലിയിൽ; പകരം നിയമനമില്ല
Mail This Article
തൃശൂർ ∙ പൊതുമേഖലാ സ്ഥാപനമായ ഹാൻടെക്സിൽ ഡിപ്പോ മാനേജരായി വിരമിച്ചയാൾ പത്താം വർഷവും താൽക്കാലിക ജീവനക്കാരനായി ജോലി തുടരുന്നു. ഗുരുവായൂരിലെ ഹാൻടെക്സ് വിൽപനശാലയിലാണ് പാർട്ടി ബന്ധു ആജീവനാന്ത ജോലി തുടരുന്നത്. ഹാൻടെക്സിലെ നിയമനങ്ങളുടെ ചുമതല രണ്ടു പതിറ്റാണ്ടിലേറെയായി പിഎസ്‍സിക്കു കീഴിലാണ്. എന്നാൽ, ഇദ്ദേഹത്തിന്റെ ഒഴിവിലേക്കു മാത്രം 10 വർഷമായി നിയമനം നടന്നിട്ടില്ല. അതേസമയം, ആൾക്ഷാമം കാരണമാണ് താൽക്കാലിക ജീവനക്കാരൻ തുടരുന്നതെന്നും പകരം നിയമനം വൈകാതെ നടക്കുമെന്നു കരുതുന്നുവെന്നും ഹാൻടെക്സ് റീജനൽ മാനേജർ പ്രതികരിച്ചു.
ജോലിയിൽ നിന്നു വിരമിച്ചവർക്കു താൽക്കാലിക തസ്തികയിൽ തുടർ നിയമനം നൽകുന്ന പതിവ് ഹാൻടെക്സിലില്ല. എന്നാൽ, ഗുരുവായൂരിലെ ഡിപ്പോ മാനേജർ 2012ൽ വിരമിച്ചപ്പോൾ താൽക്കാലിക ജീവനക്കാരനായി തുടർ നിയമനം ലഭിച്ചു. ദിവസവും 500 രൂപയാണു വേതനം. ഹാൻടെക്സ് ഷോറൂമിനു സമീപത്തായി ഇദ്ദേഹത്തിനു സ്വന്തമായി മറ്റൊരു വസ്ത്രവ്യാപാര ശാലയുണ്ടെന്നും പരാതിയുണ്ട്. ഹാൻടെക്സിന്റെ റീജനൽ ഓഫിസിനു കീഴിലെ മറ്റൊരു യൂണിറ്റിലും ഒരാൾക്കു പോലും സമാന രീതിയിൽ ജോലി തരപ്പെടുത്താനായിട്ടില്ല. ഹാൻടെക്സ് ഭരണനേതൃത്വത്തിലും പാർട്ടിയിലുമുള്ള ഉന്നത ബന്ധങ്ങളാണ് ഇതിനു കാരണമെന്നു സൂചനയുണ്ട്.
English Summary: Retired manager continuing in hantex job for the last ten years