വളർത്തുമൃഗങ്ങൾക്ക് വീട്ടിൽ ചികിത്സ; ശസ്ത്രക്രിയയ്ക്ക് 1000 –4000 രൂപ

Mail This Article
തിരുവനന്തപുരം ∙ വളർത്തു മൃഗങ്ങൾക്കുള്ള അടിയന്തര ചികിത്സയ്ക്കായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ കർഷകരുടെ വീട്ടുപടിക്കലെത്തുമ്പോൾ ശസ്ത്രക്രിയ നടത്തുകയാണെങ്കിൽ 1000 മുതൽ 4000 രൂപ വരെ നൽകണം. തുടർ പരിശോധനകൾക്ക് പശു/എരുമ എന്നിവയ്ക്ക് ഓരോന്നിനും 450 രൂപ വീതവും, വളർത്തു പക്ഷി/മൃഗങ്ങൾക്ക് ഓരോന്നിനും 950 രൂപ വീതവും നൽകണം. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് സേവന നിരക്കുകളെക്കുറിച്ചു പരാമർശിക്കുന്നത്.
പശു/എരുമ എന്നിവയുടെ ചികിത്സയ്ക്കായി 450 രൂപ (ഒരെണ്ണത്തിന്) ഈടാക്കും. ഇതേ സ്ഥലത്തു തന്നെയുള്ള മറ്റു പശു/എരുമ എന്നിവയെ ചികിത്സിക്കുന്നതിന് ഓരോ മൃഗത്തിനും 200 രൂപ വീതവും, ഗർഭപരിശോധനയ്ക്ക് 100 രൂപ വീതവും നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ചികിത്സയ്ക്കായി ആട് ഒന്നിന് 450 രൂപ വീതം ഈടാക്കും. ഇതേ സ്ഥലത്ത് മറ്റ് ആടുകളുണ്ടെങ്കിൽ ഓരോന്നിനും 100 രൂപ വീതം അധികമായി നൽകണം.
വളർത്തുമൃഗങ്ങൾ, വളർത്തു പക്ഷികൾ എന്നിവയ്ക്ക് (ഓരോന്നിനും) 950 രൂപ വീതം നൽകണം. കോഴി/താറാവ് എന്നിവയുടെ ചികിത്സയ്ക്കും സാങ്കേതിക ഉപദേശത്തിനുമായി ഓരോ 1000 എണ്ണത്തിന് 450 രൂപ വീതവും, കൂടുതലായി വരുന്ന ഓരോ 500 എണ്ണത്തിനും 200 രൂപ വീതവും നൽകണം. കൃത്രിമ ബീജദാനം നൽകുന്നുണ്ടെങ്കിൽ 50 രൂപ കൂടി അധികം നൽകണമെന്നു മന്ത്രി ജെ.ചിഞ്ചുറാണി ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞെങ്കിലും, ഡയറക്ടറുടെ ഉത്തരവിൽ ഇത് ഒഴിവാക്കി. അതേസമയം, ഇടക്കാല ഉത്തരവാണു പുറത്തിറക്കിയതെന്നും അന്തിമ ഉത്തരവിൽ ചില നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്നും ഓഫിസ് അറിയിച്ചു.
English Summary: Veterinary units for pet treatment in Kerala