വീണ്ടും താരമായി സുരേന്ദ്രൻ; ഭരതനും വിക്രമും കട്ട സപ്പോർട്ട്

Mail This Article
പാലക്കാട് ∙ ആദ്യ ഓപ്പറേഷനിൽ ബത്തേരിയിൽ പി.എം 2 (പന്തലൂർ മഖ്ന 2) എന്ന ആനയെ പിടികൂടി വിജയത്തുടക്കം. പി.ടി ഏഴാമനെ പിടികൂടാനുള്ള ഓപ്പറേഷനിലും നെടുംതൂണായി സുരേന്ദ്രൻ എന്ന കുങ്കി. ഒപ്പം കട്ടയ്ക്കുനിന്നു വിക്രമും ഭരതനും. ശരിക്കും ഒരു കുങ്കി വിജയം കൂടിയാണ് ഇന്നലത്തെ പരിശ്രമം.
നേരത്തേ കോന്നി ആനത്താവളത്തിലുണ്ടായിരുന്ന സുരേന്ദ്രൻ നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താനുള്ള പ്രത്യേക പരിശീലനം തമിഴ്നാട്ടിൽനിന്നു നേടിയിട്ടുണ്ട്. 23 വർഷം മുൻപു പത്തനംതിട്ട റാന്നി വനത്തിലെ രാജാമ്പാറ വനത്തിൽ പിടിയാന ചരിഞ്ഞതിനെത്തുടർന്ന് എത്തിയ വനം ഉദ്യോഗസ്ഥർക്ക് ഒരു കുട്ടിക്കൊമ്പനെ കിട്ടി. അന്നു പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായിരുന്ന സുരേന്ദ്രനാഥൻ ആചാരിയുടെ പേര് ആ കുട്ടിയാനയ്ക്കു നൽകി. കോന്നി ആനക്കൂട്ടിലായിരുന്നു സുരേന്ദ്രനു തുടക്കത്തിൽ പരിചരണം. പിന്നീടു പരിശീലനം നൽകി കുങ്കിയാനയാക്കി 7 വർഷം മുൻപു മുത്തങ്ങയിലേക്കു കൊണ്ടുപോയി.
വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങയോടു ചേർന്ന മേഖലകളെ വിറപ്പിച്ച കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനുമാണ് ഇപ്പോൾ ഭരതനും വിക്രമും.
2016ൽ വയനാട് കല്ലൂരിലെ കൃഷിയിടങ്ങളിൽ സ്ഥിരം പ്രശ്നക്കാരനെ നാട്ടുകാർ കല്ലൂർ കൊമ്പനെന്നു വിളിച്ചു. ഒന്നു കയറിയും മറ്റൊന്ന് ഇറങ്ങിയും കൊമ്പുള്ളവൻ. കല്ലൂർ രാജീവ് ഗാന്ധി ആശ്രമം സ്കൂളിനു സമീപം ഒരാളെ ആക്രമിച്ചു പരുക്കേൽപ്പിച്ചതോടെ 2016 നവംബർ 22നു മയക്കുവെടി വച്ചു പിടികൂടി കൂട്ടിലാക്കുകയായിരുന്നു. ഈ ആനയ്ക്കു ഭരതനെന്ന പേരു വീണു. ആറാം തമ്പുരാൻ സിനിമയിൽ ഇന്നസന്റ് അവതരിപ്പിച്ച ഭരതൻ എസ്ഐ എന്ന കഥാപാത്രമാണ് അതിനു കാരണമായത്.

2017 നവംബർ മുതൽ മുത്തങ്ങയ്ക്കടുത്ത വടക്കനാട് മേഖലയെ വിറപ്പിച്ചവനാണു വടക്കനാട് കൊമ്പൻ. പൊൻകുഴിയിൽ ഗോത്ര വിദ്യാർഥിയായ മഹേഷിനെ കുത്തിക്കൊന്നതോടെ മയക്കുവെടി വച്ചു പിടികൂടി. ഈ കൊമ്പനെ മെരുക്കിയെടുക്കാനും ഏറെക്കാലമെടുത്തു. വിക്രം എന്ന പേരാണ് വടക്കനാട് കൊമ്പന് വനംവകുപ്പ് നൽകിയത്.
ചീഫ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തിലുള്ള എട്ടംഗ മയക്കുവെടി സംഘവും ആനയെ കണ്ടെത്താനുള്ള 10 ട്രാക്കർമാരും മൂന്നു കുങ്കിയാനകളും അടങ്ങുന്ന സംഘവും, 45 അംഗ സപ്പോർട്ടിങ് ടീമുമാണു പല ഘട്ടങ്ങളിലായി പി.ടി. ഏഴാമനെ പിടികൂടാൻ കാടു കയറിയത്. ചീഫ് കൺസർവേറ്റർ കെ.വിജയാനന്ദൻ, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ശ്രീനിവാസ് കുറെ, അസിസ്റ്റന്റ് കൺസർവേറ്റർ ബി.രഞ്ജിത് എന്നിവർ നേതൃത്വം നൽകി.
കാട്ടിലെ ചട്ടമ്പികൾ, നാട്ടിലെ കുങ്കികൾ
വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച ആനകളാണു കുങ്കിയാനകൾ. നേരത്തേ നാടുവിറപ്പിച്ച കാട്ടാനകളെ പ്രത്യേക പരിശീലനം നൽകിയാണു കുങ്കികളാക്കുന്നത്. കാട്ടാനകളുടെ എല്ലാ ബലവും ബലഹീനതയും അറിയുന്നവരാണ് എന്നതിനാൽ ഇവർ പരിശീലനം കൂടി ലഭിക്കുന്നതോടെ ആനകളെ തുരത്താൻ കഴിവുള്ളവരാകും. കുങ്കി എന്നത് ഉറുദു വാക്കാണ്. മുറിവേറ്റു വീഴുന്ന ആനകളെ രക്ഷിക്കാനും നേരെ നിൽക്കാൻ ബുദ്ധിമുട്ടുള്ള കാട്ടാനകളെ താങ്ങി നിർത്താനും കുങ്കിയാനകളെ ഉപയോഗിക്കുന്നു.
നെറ്റിപ്പട്ടം പോലൊരു മുഖംമൂടി!
പാലക്കാട് ∙ ഇന്നലെ പി.ടി 7 കൊമ്പനെ മയക്കുവെടി വച്ച ശേഷം പ്രചരിച്ച ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായതു കറുത്ത തുണി കൊണ്ടു മുഖം മൂടിയതാണ്. പൊലീസ് പിടികൂടുന്ന പ്രതികളെപ്പോലെ ആനയെ എന്തിനു മുഖംമൂടി അണിയിച്ചു?
ആനയുടെ സുരക്ഷ
മയക്കുവെടിയേറ്റ ആനയുടെ മുഖത്തു കണ്ണു മറയത്തക്കവിധത്തിൽ കറുത്ത തുണി കെട്ടിയിരുന്നു. ഇത് ആനയുടെ സുരക്ഷയെക്കൂടി മുൻനിർത്തിയാണ്. പുറമേ നിന്നുള്ള കാഴ്ചകൾ, ചലനങ്ങൾ എന്നിവ മൂലം ആന അസ്വസ്ഥനാകാതിരിക്കാനാണ് ഇത്. ശരീരത്തിലുള്ള ലഹരിമരുന്നിന്റെ ഡോസ് കുറയാതിരിക്കാനും ഇതു സഹായിക്കും. ആനയ്ക്കു തളർച്ച ഉണ്ടാകാതിരിക്കാനും തണുക്കുന്നതിനും വേണ്ടിയാണ് ഇടയ്ക്കിടെ വെള്ളമൊഴിച്ചു നനയ്ക്കുന്നത്.
ഉണ്ടയില്ലാ വെടി!
ആനയെ മയക്കുവെടി വയ്ക്കുന്ന തോക്ക് സാധാരണ തോക്ക് പോലെ ഉണ്ടയുള്ളതല്ല. മരുന്നു നിറച്ച സിറിഞ്ച് ദൂരെനിന്ന് ആനയുടെ ശരീരത്തിലേക്കു തറയ്ക്കുന്നതിനു വേണ്ടിയുള്ള ഉപകരണം മാത്രമാണു തോക്ക്. ഓരോ ആനയെയും കണ്ടു മനസ്സിലാക്കിയാണു മരുന്നിന്റെ അളവു തീരുമാനിക്കുന്നത്. അളവു തെറ്റിയാൽ വന്യമൃഗം ചത്തുപോകാം. ഈ മേഖലയിൽ ഡോ. അരുൺ സഖറിയയോളം പ്രഗൽഭനായ വ്യക്തി കേരളത്തിലില്ല. 30–50 മീറ്ററാണു മയക്കുവെടി വയ്ക്കാവുന്ന പരിധി.
English Summary: Kumki elephant surendran in Palakkad