മത സംഘടനകളെ റാഞ്ചാനാകില്ല; മുന്നണി മാറ്റം ആലോചിച്ചിട്ടില്ല: മുസ്‌ലിം ലീഗ്
Mail This Article
മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ, പാർട്ടി കടന്നുവന്ന വഴികളുടെ ചരിത്രവും മുന്നോട്ടുള്ള പ്രയാണത്തിന്റെ പ്രതീക്ഷകളും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി എം.കെ.മുനീർ എന്നിവർ മലയാള മനോരമ പത്രാധിപസമിതി അംഗങ്ങളായ സുജിത് നായർ, ശംസുദ്ദീൻ മുബാറക്, ഫിറോസ് അലി, കെ.പി.സഫീന എന്നിവരുമായി പങ്കുവയ്ക്കുന്നു.
∙ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഒരു മുസ്‌ലിം ലീഗിന്റെ ആവശ്യം ഉണ്ടോ എന്ന ലീഗിലും കോൺഗ്രസിൽ തന്നെയും ഉയർന്ന ചോദ്യങ്ങളെ അപ്രസക്തമാക്കിയ 75 പ്രൗഢ വർഷങ്ങളാണ് കടന്നു പോകുന്നത്. ആ ചരിത്രത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ എന്താണ് പറയാനുള്ളത്? കേരളത്തിലും തമിഴ്നാടിലും കൈവരിച്ച വളർച്ച മറ്റു സംസ്ഥാനങ്ങളിൽ സാധ്യമാകാതെ പോയത് എന്തുകൊണ്ടാണ്?
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ: 1948 ൽ രൂപീകരണ കാലത്തു തന്നെ ഒട്ടേറെ പ്രതിസന്ധികളും പ്രയാസങ്ങളും ലീഗിനു നേരിടേണ്ടി വന്നിട്ടുണ്ട്. വിഭജനത്തിന്റെ വലിയ പ്രതിസന്ധി രാജ്യം നേരിട്ടിരുന്നല്ലോ. ന്യൂനപക്ഷങ്ങൾ അങ്ങേയറ്റം ഭീതിയിൽ കഴിഞ്ഞിരുന്ന സാഹചര്യം. അപ്പോൾ ഭേദപ്പെട്ടവരെല്ലാം പാക്കിസ്ഥാനിലേക്കു പോയി. സാധാരണക്കാരാണ് ഇവിടെ ഉണ്ടായത്. അങ്ങനെ ഉള്ളവർക്ക് ഒരു സംഘടിത ശക്തി വേണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇസ്മായിൽ സാഹിബും സീതീ സാഹിബും ഇന്ത്യൻ യൂണിയൻ മുസ്‌ലീം ലീഗ് എന്ന ആശയം യാഥാർഥ്യമാക്കാൻ ശ്രമിച്ചത്. ചെന്നൈയിലെ രാജാജി ഹാളിലായിരുന്നു രൂപീകരണം. പിന്നീട് ലീഗിന്റെ വളർച്ചയിൽ വലിയ പങ്കു വഹിച്ചതു തെന്നിന്ത്യയാണ്. പ്രത്യേകിച്ചും കേരളവും തമിഴ്നാടും. പാലക്കാട് പുതുനഗരത്തിലാണ് ലീഗിന്റെ പതാക ആദ്യമായി ഉയരുന്നത്. കേരളത്തിൽ ബാഫക്കി തങ്ങൾ ഉൾപ്പെടെയുള്ളവർ ആ ദേശീയ കാഴ്ച്ചപ്പാടിന്റെ സന്ദേശം ഉൾക്കൊണ്ടു പ്രവർത്തിച്ചു. പിന്നീട് ലീഗ് കേരളത്തിൽ അധികാരത്തിൽ വന്നു. സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. രാഷ്ട്രീയമായ നല്ല സംഘാടനം ഇവിടെ നടന്നത് അതിന് ഒരു കാരണമാണ്. എന്നാൽ കേരളത്തിനു പുറത്ത് പലയിടത്തും വൈകാരികമായ നിലപാടുകളാണ് എടുത്തത്.
പ്രക്ഷോഭം സംഘടിപ്പിച്ചും മറ്റു സംഘടനകളുമായി ഏറ്റുമുട്ടിയും ഒക്കെയാണ് അവിടെ പലപ്പോഴും മുന്നോട്ടു പോയത്. അന്തിമവിശകലനത്തിൽ ആ നിലപാടുകൾ പരാജയമായിരുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയും അംഗീകരിച്ചു കൊണ്ട് ലീഗ് മുന്നോട്ടു വന്നപ്പോൾ നെഹ്റു അടക്കമുള്ളവർ അതിനെ ചെറുതായി കണ്ടില്ല.സ്വതന്ത്രഭാരതത്തിൽ ഇനി എന്തിനാണ് ലീഗ് എന്നു നെഹ്റു തന്നെ നേരത്തെ ചോദിച്ചതാണ്. താങ്കളുടെ കാലം കഴിഞ്ഞാലും ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമല്ലോ എന്നാണ് ഖാഇദെ മില്ലത്ത് അതിനു മറുപടി നൽകിയത്. ലീഗിന്റെ ആ നിലപാട് പിന്നീട് സർവസ്വീകാര്യത നേടി. എന്തിന് കമ്യൂണിസ്റ്റ് പാർട്ടി പോലും ഞങ്ങളുടെ നിലപാടുകളെ പുകഴ്ത്തുകയും അംഗീകരിക്കുകയും ചെയ്യുന്നു. കോൺഗ്രസ് ഞങ്ങളുടെ കൂടെ തന്നെയുണ്ട്. പേരുകൊണ്ടല്ല, പ്രവർത്തനം കൊണ്ടാണ് ഞങ്ങളെ വിലയിരുത്തേണ്ടതെന്ന് എല്ലാവർക്കും മനസ്സിലായി. ജനാധിപത്യം, മതസൗഹാർദം, സഹിഷ്ണുത, രാജ്യത്തിന്റെ പുരോഗതി ഇതിനെല്ലാം വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നതെന്ന് ഇന്ന് സമൂഹം അംഗീകരിക്കുന്നു.
Also read: പ്രതിപക്ഷ അനൈക്യത്തിൽ നേട്ടം ബിജെപിക്ക്; സിപിഎം നിലപാട് അപക്വം: കുഞ്ഞാലിക്കുട്ടി
പി.കെ.കുഞ്ഞാലിക്കുട്ടി: ലീഗിന്റെ സ്ഥാപക നേതാക്കളായ ഖായിദെ മില്ലത്തിനും സീതി സാഹിബിനും ഒന്നും മതസ്പർധ എന്നു വച്ചാൽ എന്താണെന്നു പോലും അറിയില്ലായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിൽ ന്യൂനപക്ഷങ്ങൾ ഉണ്ടാകണമെന്നു മാത്രമാണ് അവർ ആഗ്രഹിച്ചത്. മതനിരപേക്ഷതയും ഇന്ത്യൻ ഭരണഘടനയും മാത്രം നൂറു ശതമാനം പ്രമാണങ്ങളാക്കി മുന്നോട്ടു പോകണമെന്ന അവരുടെ നിശ്ചയദാർഢ്യമാണ് ഈ പാർട്ടിയുടെ അടിത്തറ തന്നെ. വിഭജനത്തിനു ശേഷം നിങ്ങൾക്കു വല്ല സഹായവും വേണോയെന്ന് ചോദിച്ചോൾ ഈ ചോദ്യം ചോദിക്കാതെ സഹായിച്ചാൽ മാത്രം മതി എന്നാണ് ഖായിദെ മില്ലത്ത് മറുപടി നൽകിയത്. ഞങ്ങൾ ഇന്ത്യാക്കാരാണെന്നും ഇന്ത്യ കൂടെയുണ്ടെന്നും ഉള്ള ഉറച്ച വിശ്വാസം അദ്ദേഹത്തിന് ഉണ്ടായി. പേരിൽ മുസ് ലിം എന്നുണ്ടെങ്കിലും മനോഹരമായ പേരെല്ലാം ഇട്ട് ആളുകളെ വർഗീയമായി കൊണ്ടു പോകുന്ന തരക്കാരുടെ പട്ടികയിൽ അല്ല ഒരു കാലത്തും ഞങ്ങൾ ഉള്ളത്.
എം.കെ.മുനീർ: കേരളത്തിലെ അതേ സമീപനം, പക്ഷേ മറ്റു സംസ്ഥാനങ്ങളിൽ എടുക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. മുസ്‌ലിം സമുദായം മുസ്‌ലീം ലീഗുമായി താദാത്മ്യപ്പെട്ടാൽ പിന്നെ അവർ കലാപങ്ങൾക്ക് അവർ ഇരകളാകുമോ എന്ന ഭയം ഉണ്ടായി. ഇപ്പോൾ ആ പേടി കൂടുതൽ രൂക്ഷമായി. മുസ്‌ലീം ലീഗിന്റെ മതനിരപേക്ഷ നിലപാടിന്റെ ഏറ്റവും വലിയ പ്രതീകം കേരളം തന്നെയാണ്. അതുകൊണ്ടു തന്നെ കേരളത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടു മാത്രമേ മറ്റു സംസ്ഥാനങ്ങളിലും പാർട്ടി കെട്ടിപ്പെടുക്കാൻ കഴിയൂ. കുറേ മാറ്റങ്ങൾ വന്നിട്ടുണ്ട്. തമിഴ്നാടിനെ പോലെ തന്നെ ബംഗാൾ പാർട്ടിക്കു വലിയ സാന്നിധ്യം ഉള്ള പ്രദേശമാണ്. എന്നാൽ തങ്ങൾ പറഞ്ഞതു പോലെ ബൗദ്ധികമായി ഔന്നത്യം ഉളള ഒരു വലിയ വിഭാഗം വിഭജനനന്തരം പാക്കിസ്ഥാനിലേക്കു പോയി. നിരാലംബരായ കുറേ പേരാണ് ഇവിടെ ഉണ്ടായത്. അങ്ങനെയാണ് ദക്ഷിണേന്ത്യയിലെ നേതാക്കൾ തന്നെ അതിന്റെ രൂപീകരണത്തിനു മുൻകൈ എടുത്തത്. ഇവിടെ നിന്ന് അതു കെട്ടിപ്പെടുത്ത് ഉത്തരേന്ത്യയിലേക്കു പോകുക എന്നതു തന്നെയാണ് വേണ്ടത്. പക്ഷേ അത് ഒരു വലിയ യാത്ര തന്നെയാണ്. ഇതുവരെയുള്ള ആ യാത്ര പണ്ഡിറ്റ് നെഹ്റു മുതൽ ഉള്ള ദേശീയ നേതൃനിര ആകെ അംഗീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പാണക്കാട് കുടുംബത്തോട് അവരെല്ലാം കാണിക്കുന്ന സ്നേഹവും ആദരവും വളരെ വലുതാണ്. പാർട്ടിയുടെ അടിയുറച്ച മതനിരപേക്ഷ സ്വഭാവമാണ് അതിനു പ്രധാന കാരണം. മറ്റു സംസ്ഥാനങ്ങളുടെ കാര്യം ചോദിച്ചാൽ ജീവകാരുണ്യ വഴിയിലൂടെ അതിനുളള വലിയ ശ്രമം നടത്തുന്നുണ്ട്.
∙ 75–ാം വർഷത്തിൽ മുന്നോട്ടുള്ള പ്രയാണത്തിനായി ഒരു കർമപദ്ധതി തയാറാക്കുന്നുണ്ടോ?
പി.കെ.കുഞ്ഞാലിക്കുട്ടി: അതു ഞങ്ങൾ പ്രഖ്യാപിക്കാൻ പോകുകയാണ്. പാർട്ടിയുടെ ഭാവി പ്രവർത്തന രൂപരേഖ ചെന്നൈയിലെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷത്തെ മതനിരപേക്ഷ പാതയിൽ രാഷ്ട്രീയമായി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. വിദ്യാഭ്യാസം,സേവനം എന്നിവ ഞങ്ങൾക്ക് അതിലേക്കുള്ള മാർഗങ്ങളാണ്. ഡൽഹിയിൽ ഒരു ആസ്ഥാനം എന്നതും ഞങ്ങളുടെ അജൻഡയിൽ ഉണ്ട്. പാർട്ടിക്ക് ഇപ്പോഴും അവിടെ ഒരു സ്ഥിരം കേന്ദ്രമില്ല. ഖാഇദെ മില്ലത്തിന്റെ പേരിൽ അവിടെ ഒരു ആസ്ഥാനകേന്ദ്രം വേണം എന്ന ആശയം കുറേക്കാലമായി ഞങ്ങളുടെ മുന്നിലുണ്ട്. കേവലം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫിസ് എന്ന നിലയിൽ അല്ല ഉദ്ദേശിക്കുന്നത്.
സാദിഖലി തങ്ങൾ: കെഎംസിസിക്ക് ഡൽഹിയിൽ അടക്കം ഉത്തരേന്ത്യയിലെ പല പ്രധാന നഗരങ്ങളിലും പ്രവർത്തന സംവിധാനമുണ്ട്. എംഎസ്എഫിന് അതു പോലെ പല സംസ്ഥാനങ്ങളിലും ശക്തിയുണ്ട്. ക്യാംപസുകൾ കേന്ദ്രീകരിച്ചുളള പ്രവർത്തനമാണല്ലോ ഡൽഹിയിൽ കൂടുതലായും നടക്കുന്നത്.
കുഞ്ഞാലിക്കുട്ടി: തീവ്രവാദത്തിലേക്കു പോയിട്ടു കാര്യമില്ല എന്ന് ഇന്നത്തെ യുവ തലമുറ മനസ്സിലാക്കുന്നുണ്ട്. അതു നമ്മളെ കൊലയ്ക്കു കൊടുക്കാനാണെന്ന് അവർക്കു ബോധ്യമായിക്കഴിഞ്ഞു. അങ്ങനെയുള്ള സംഘടനകൾക്ക് ഇന്ന് ക്യാംപസ് രാഷ്ട്രയത്തിൽ സ്വാധീനം കുറഞ്ഞു വരികയാണ്. അവിടെയും മുന്നോട്ടുവരുന്നത് എംഎസ്എഫാണ്. ചിന്തിക്കുന്ന തലമുറ ഇന്ന് ഞങ്ങൾക്കൊപ്പമാണ്. അത് ഒരു തരംഗമായി മാറുകയാണ്. അതെല്ലാം ഏകോപിപ്പിക്കാൻ കഴിയുന്ന ഒരു കേന്ദ്രമായാണ് ഡൽഹിയിലെ കേന്ദ്രത്തെ ഞങ്ങൾ വിഭാവനം ചെയ്യുന്നത്.
∙ മറ്റു സംസ്ഥാനങ്ങളിലേക്കു കടന്നു ചെല്ലുന്നതിനെക്കുറിച്ച് പറയുമ്പോൾ, അതിനു പറ്റിയ അന്തരീക്ഷം നിലവിലുണ്ടോ ? തടസ്സങ്ങളെ എങ്ങിനെ മറികടക്കും ?
കുഞ്ഞാലിക്കുട്ടി :പുതിയ ചില പ്രവണതകളുണ്ട്. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് എല്ലാവർക്കും സ്വതന്ത്രമായി പ്രവർത്തിക്കാമായിരുന്നു. കാര്യങ്ങൾ ഭരണഘടനയും ന്യായവും നീതിയുമനുസരിച്ച് സുതാര്യമായിട്ടാണു നടന്നിരുന്നത്. ഇന്ന് അങ്ങനെയൊരു സംഗതി രാജ്യത്തില്ല. അധികാരം മറ്റു രീതിയിൽ ഉപയോഗിക്കുന്നുണ്ട്.സന്നദ്ധ സംഘടനകൾക്കും അത്തരം ഭീഷണികളുണ്ട്. ഇതിന്റെ കഷ്ടപ്പാട് അനുഭവിക്കുന്നതു ന്യൂനപക്ഷങ്ങളാണ്.നാളെ എന്താകുമെന്ന ആശങ്ക രാജ്യത്താകെയുണ്ട്. അത് നിഷേധിച്ചിട്ട് കാര്യമില്ല.
സാദിഖലി തങ്ങൾ: ഞങ്ങൾ പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ മേഖലയിലായതിനാൽ അതുമായി സഹകരിക്കാൻ അവിടുത്തെ ഭരണ കൂടങ്ങൾ തയാറാകുന്നുണ്ട്. ബെംഗളുരുവിലും അസമിലുമൊക്കെ അതുണ്ട്. അസമിൽ ഒരു സ്ഥാപനത്തിലേക്ക് നഗരസഭയും പഞ്ചായത്തും ചേർന്നു റോഡ് നിർമിച്ചു കൊടുക്കാൻവരെ തയാറായി.
∙ പോസിറ്റീവായ കാര്യങ്ങൾ പറയുമ്പോഴും യുവാക്കളും പുതിയ തലമുറയും തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്ന വെല്ലുവിളിയില്ലേ ? അതിനെ അതിജീവിക്കാൻ പാർട്ടിയെന്ന നിലയിൽ എന്തെല്ലാം ചെയ്യുന്നുണ്ട് ?
സാദിഖലി തങ്ങൾ: പുതിയ കാലത്ത് സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം പ്രവർത്തനങ്ങൾ വലിയ വെല്ലുവിളിയാണ്. നിഷേധാത്മകമായ കാര്യങ്ങൾക്കാണ് അവിടെ സ്വീകാര്യത ലഭിക്കുന്നത്. വൈകിയാണെങ്കിലും സത്യം തിരിച്ചറിയാനും നന്മയുടെ കൂടെ നിൽക്കാനും സമൂഹത്തിനു കഴിയുന്നുണ്ടെന്നതു ശുഭ സൂചനയാണ്. ആശയങ്ങളിൽ ഉറച്ചു നിന്നു മുന്നോട്ടുപോകുയാണു ഇതിനുള്ള പരിഹാരം. ഞങ്ങൾ പ്രവർത്തകർക്ക് നിരന്തരം ക്ലാസുകൾ കൊടുക്കുന്നുണ്ട്. ലീഗ് തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ള പാർട്ടിയല്ല. ക്ലാസുകളായും ക്യാംപുകളായും ആശയങ്ങൾ കൈമാറുന്നുണ്ട്. തീവ്രവാദത്തിനെതിരെ ശക്തമായ ബോധവത്കരണം അതിന്റെ ഭാഗമാണ്.അടുത്തിടെ നടത്തിയ സൗഹൃദ സന്ദേശ യാത്ര വലിയ ആത്മവിശ്വാസമാണ് നൽകിയത്. എല്ലാ ജില്ലകളിലും എല്ലാ വിഭാഗം ജനങ്ങളും വലിയ ആവേശത്തോടെയാണ് അതിനെ സ്വീകരിച്ചത്.
∙ സൗഹൃദ സന്ദേശ യാത്ര പഞ്ചായത്തിലേക്കു വ്യാപിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരുന്നല്ലോ?
കുഞ്ഞാലിക്കുട്ടി: കേന്ദ്രത്തിൽ മുസ്‌ലിം ന്യൂനപക്ഷത്തെ ടാർജെറ്റ് ചെയ്ത് കൊണ്ട് രാഷ്ട്രീയ നേട്ടം കൈവരിക്കാനാണു ബിജെപി ശ്രമിക്കുന്നത്. കേരളത്തിൽ പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം നടന്നു.ഒരു പരിധി വരെ ആ ശ്രമം വിജയിക്കുകയും ചെയ്തു. തീവ്രവാദ സംഘടനകളാണു ആ ശ്രമം നടത്തിയത്. കേരളത്തിലും സാഹചര്യം മോശമാകുകയാണോയെന്ന ആശങ്കയുണ്ടായി.ആ സമയത്താണ് സാദിഖലി തങ്ങൾ സൗഹൃദ സംഗമങ്ങളുമായി ഇറങ്ങിയത്. ആ ദൗത്യം വിജയകരമായി പൂർത്തിയാക്കി. അത് മുന്നോട്ടുകൊണ്ടുപോകുന്നതിനായി ക്രിസ്ത്യൻ–ഹിന്ദു മത മേലധ്യക്ഷന്മാരും തങ്ങളും സമൂഹത്തിലെ പ്രധാന വ്യക്തികളും ഉൾപ്പെടുന്ന ഒരു സ്ഥിരം സംവിധാനം കമ്മ്യൂണിറ്റി കോഓപ്പറേഷൻ കൗൺസിൽ (സിസിസി) നിലവിൽ വന്നിട്ടുണ്ട്. സമുദായങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവുമാണ് അതിന്റെ ലക്ഷ്യം. എല്ലാ മത നേതാക്കളും അതിന്റെ ഭാഗമാണ്.
സാദിഖലി തങ്ങൾ: യാത്രയുടെ സന്ദേശം സ്വാഭാവികമായി താഴെ തട്ടിലേക്കെത്തിയിട്ടുണ്ടെന്നാണു ഞങ്ങളുടെ വിശ്വാസം. ഒരു മതവുമായി ബന്ധപ്പെട്ട പരിപാടികളിലേക്കു ഇതര മതസ്ഥരെ ക്ഷണിക്കുന്നതും പങ്കെടുക്കുന്നതും പതിവായിട്ടുണ്ട്. സമുദായങ്ങൾ പരസ്പരമുള്ള ആശയവിനിമയം കൂടുതൽ ഊർജസ്വലമായി നടക്കുന്നുണ്ട്.
∙ കേരള ചരിത്രത്തിൽ ലീഗിന്റെ അടയാളപ്പെടുത്തലായി പ്രധാനപ്പെട്ട 5 കാര്യങ്ങൾ പറഞ്ഞാൽ ഏതെല്ലാമായിരിക്കും?
കുഞ്ഞാലിക്കുട്ടി: ഏറ്റവും പ്രധാനപ്പെട്ടതാണു വിദ്യാഭ്യാസം. തറ, പറ എന്നു എഴുതിപ്പഠിപ്പിക്കാനാണു സി.എച്ച്.മുഹമ്മദ് കോയ ശ്രമിച്ചത്. അന്നത്തെ സാഹചര്യം അതായിരുന്നു.ലീഗ് അധികാരത്തിൽ വരുമ്പോഴെല്ലാം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തതിനു പിന്നിലെ ലക്ഷ്യം മാറ്റം തന്നെയായിരുന്നു. മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) സർക്കാർ ജോലികളിലും മറ്റും ഏർപ്പെടുത്തിയ സംവരണം എടുത്തു പറയേണ്ട മറ്റൊന്നാണ്. സാമൂഹിക നീതി വകുപ്പിൽ ലീഗ് ഭരണ കാലത്ത് കൊണ്ടുവന്ന പദ്ധതികൾ എടുത്തുപറയണം. അനാഥ സംരക്ഷണം എന്ന പ്രശ്നം തന്നെ കേരളത്തിലില്ലാതാകുന്ന വിധത്തിലാണു അതു നടപ്പാക്കിയത്.
സാദിഖലി തങ്ങൾ: സി.എച്ച്.വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് മുസ്‌ലിം പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് ഏർപ്പെടുത്തിയ തീരുമാനം വലിയ മാറ്റമാണുണ്ടാക്കിയത്
കുഞ്ഞാലിക്കുട്ടി: ഇടതുപക്ഷത്തിന്റെ വെല്ലിവിളി മുഖവിലക്കെടുക്കാതെ ഞങ്ങൾ കൊണ്ടുവന്ന വിപ്ലവമാണ്, പ്രഫഷനൽ വിദ്യാഭ്യാസ രംഗം തുറന്നു കൊടുത്തത് (സ്വാശ്രയ കോളജുകൾ അനുവദിച്ചത്).ഞങ്ങളാണതു ചെയ്തത്. ലീഗ് കമ്മിറ്റി ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രിയുമായും യുഡിഎഫിലും ചർച്ച ചെയ്തു. വലിയ മുൻകൈ ആണ് അക്കാര്യത്തിൽ പാർട്ടി എടുത്തത്. ഒരു സ്വാശ്രയ എൻജിനീയറിങ് കോളജ് കുറ്റിപ്പുറത്ത് അനുവദിച്ചപ്പോൾ എന്തെല്ലാം ബഹളമായിരുന്നു. ഇന്നെന്താണു സ്ഥിതി?ഐടി രംഗത്ത് പാർട്ടി നൽകിയ സംഭാവനകളും എടുത്തു പറയണം. അക്ഷയ പദ്ധതിയാണു അതിൽ പ്രധാനം. ഡിജിറ്റൽ സാക്ഷരതയെന്ന ആശയം ഉൾക്കൊള്ളാൻ പലർക്കും പറ്റിയിരുന്നില്ല. ഏതു കംപ്യൂട്ടർ, എന്തു കംപ്യൂട്ടർ എന്നായിരുന്നു പലരുടെയും ചോദ്യം. അന്നത്തെ പ്രതിപക്ഷ നേതാവ് ഇതിനെയെല്ലാം അടച്ചാക്ഷേപിച്ച് നിയമസഭയിൽ നടത്തിയ പ്രസംഗം ഇപ്പോഴും എനിക്കോർമയുണ്ട്.ഇന്ന് പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നതു ആ മേഖലയിലാണ്.ടെക്നോപാർക്, ഇൻഫോപാർക്, സ്മാർട്ട് സിറ്റി എന്നിവയെല്ലാം യഥാർഥ്യമാക്കിയതു ഞങ്ങളുടെ കാലത്താണ്. കോഴിക്കോട് വിമാനത്താവളം കൊണ്ടുവരുന്നതിനു മുന്നിൽ നിന്നതു ഞങ്ങളല്ലേ. ലീഗ് മലപ്പുറം ജില്ല വേണമെന്നു പറഞ്ഞപ്പോൾ എന്തെല്ലാം ആക്ഷേപങ്ങൾ വന്നു.ആ പ്രദേശം വികസിച്ചു എന്നല്ലാതെ മറ്റെന്തെങ്കിലും കുഴപ്പുണ്ടായോ?.ഇത്രയും സൗഹൃദമുള്ള സ്ഥലം വേറെയില്ലെന്നതാണു ഇപ്പോഴത്തെ സ്ഥിതി.വിദ്യാഭ്യാസ, സാമൂഹിക നീതി, വികസനം, ഡിജിറ്റൽ, തൊഴിൽ രംഗങ്ങളിലെല്ലാം എക്കാലവും ഓർമിക്കപ്പെടുന്ന സംഭാവന ലീഗ് നൽകിയിട്ടുണ്ട്.
എം.കെ.മുനീർ: കേരളത്തിലെ ഭൂരിഭാഗം സർവകലാശാലകളും മുസ്‌ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത കാലത്ത് കൊണ്ടുവന്നതാണ്.
കുഞ്ഞാലിക്കുട്ടി: മതനിരപേക്ഷതയുടെ മാതൃകയായി കേരളം നിലനിൽക്കുന്നതിൽ മുസ്‌ലിം ലീഗിന്റെ പങ്ക് ചെറുതല്ല.അത് വലിയൊരു സംഭാവനയാണ്.
∙ മുസ്‌ലിം വിഭാഗത്തിലെ സംഘടനകളുമായി ആർഎസ്എസ് ചർച്ച നടത്തുന്നു. ഇത്തരം ചർച്ചകളുടെ സാധ്യതകളോട് എന്താണ് ലീഗിന്റെ നിലപാട്?
മുനീർ: സമൂഹത്തിന്റെ മാരകമായ വിപത്താണ് ആർഎസ്എസ്. ‘ബഹറിൽ (കടലിൽ) മുസല്ലയിട്ട് നമസ്കരിച്ചാലും ആർഎസ്എസിനെ വിശ്വസിക്കരുത്..’എന്നാണ് ലീഗിന്റെ പൂർവികരായ നേതാക്കൾ പഠിപ്പിച്ചിട്ടുള്ളത്. ഒരു തരത്തിലും മതനിരപേക്ഷമായ പ്രത്യയശാസ്ത്രമല്ല ആർഎസ്എസിന്റേത്. എല്ലാ തരത്തിലും ജാതി, മത, ഭാഷാ തലങ്ങളിലൊക്കെ രാജ്യത്തെ മുറിച്ചു മാറ്റണമെന്നു പറയുന്ന ആർഎസ്എസിനോട് എന്തു ചർച്ചയാണ് നടത്തേണ്ടത്.
∙ ആർഎസ്എസ് നേതാക്കൾ ജമാഅത്തെ ഇസ്‌ലാമിയുമായി ചർച്ച നത്തിയത് വിവാദമായല്ലോ?
കുഞ്ഞാലിക്കുട്ടി: ജമാഅത്തുമായി നടത്തിയ ചർച്ചയുടെ കാര്യം അവരാണ് വിശദീകരിക്കേണ്ടത്. ഏതെങ്കിലും പാർട്ടിയുമായോ നേതൃത്വത്തോടോ ഉള്ള വിരോധമല്ല, പാർട്ടിയുടെ തത്വമാണ് പ്രധാനം. ഇവിടെ തീവ്രസ്വഭാവമുള്ള സംഘടനകളെ ലീഗ് എതിർക്കുന്നത് ആ വ്യക്തികളോടുള്ള വിരോധം കൊണ്ടല്ല. മറിച്ച് അവരുടെ ചിന്താഗതി മോശമായതിനാണ്. നമ്മുടെ കുടുംബാംഗങ്ങൾ ആണെങ്കിലും ഈ ചിന്തഗതിയുള്ളവരോട് എതിർക്കേണ്ടേ? ആർഎസ്എസിന്റെ ഐഡിയോളജിയുമായി ഒരു തരത്തിലും യോജിക്കാനാകില്ല. ഏക സിവിൽകോഡ് നടപ്പാക്കണം എന്ന് ആർഎസ്എസ് പറയുമ്പോൾ അതിന്റെ അർഥം, ഒരു മതത്തിന്റെയും നിയമങ്ങൾ അവർ അംഗീകരിക്കില്ല എന്നല്ലേ? അവരുടെ പ്രത്യയശാസ്ത്രം മാറാത്തിടത്തോളം അവരുമായി ചർച്ച നടത്തുന്നതിൽ ഒരു പ്രസക്തിയുമില്ല.
∙ ലീഗ് മുന്നണിക്കും അതിന്റെ കെട്ടുറപ്പിനുമായി ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അഞ്ചാം മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ലീഗ് വിലപേശുന്നു എന്ന പ്രതീതി സൃഷ്ടിച്ചില്ലേ?
കുഞ്ഞാലിക്കുട്ടി: ലീഗ് ചെയ്ത ത്യാഗങ്ങൾ വളരെ വലുതാണ്. അതു പുറത്തു പലർക്കും അറിയില്ലെന്നതാണ് പ്രശ്നം. അഞ്ചാം മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് പുറത്തു നടന്ന ചർച്ചകളാണ് വിവാദമായത്. ലീഗിന് സി.എച്ച്.മുഹമ്മദ് കോയയിലൂടെ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചിട്ടുണ്ട്. പിന്നീട് രണ്ടു തവണ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ലീഗിന് അതു നേടിയെടുക്കാനുള്ള ശക്തിയും പ്രാതിനിധ്യവുമുള്ള കാലത്തുപോലും ഉപമുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി വാശി പിടിച്ചിട്ടില്ല. യുഡിഎഫിനകത്ത് അസ്വാരസ്യങ്ങൾ ഇല്ലാതിരിക്കാൻ വേണ്ടി അത്തരം ആവശ്യങ്ങളൊന്നും ലീഗ് ഉന്നയിച്ചിട്ടില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് മുന്നണിയിലുണ്ടായ ഒരു ഫോർമുലയായിരുന്നു അഞ്ചാം മന്ത്രിസ്ഥാനം. അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇപ്പോൾ സാധ്യമല്ല. ഞങ്ങൾക്ക് അപ്രമാദിത്തം വേണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അഞ്ചാം മന്ത്രി സ്ഥാനത്തിന്റെ സെൻസേഷനലായ കാര്യങ്ങൾ മാത്രമെടുത്താണ് ചിലർ വിവാദമുണ്ടാക്കിയത്. അത് ലീഗിന്റെ പിടലിയിൽ വീണതാണ്.
മുനീർ: ഞങ്ങൾക്ക് നേരത്തെയുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ചീഫ് വിപ്പ് സ്ഥാനം ലീഗിനായിരുന്നു. എന്നാൽ ചീഫ് വിപ്പ് സ്ഥാനം മന്ത്രിയുടെ വകുപ്പിൽപ്പെടുത്തിയപ്പോൾ അഞ്ചാമത്തെ സ്ഥാനം ലീഗിനു നഷ്ടപ്പെട്ടു. അത് ലീഗിന് അർഹതപ്പെട്ട സ്ഥാനമായിരുന്നു.
∙ മുന്നണിയെ നയിക്കുന്ന പാർട്ടി എന്ന നിലയിൽ ദേശീയതലത്തിലും കേരളത്തിലും കോൺഗ്രസിന്റെ ശക്തി ക്ഷയിക്കുന്നുവെന്ന തോന്നൽ ലീഗിനുണ്ടോ? ശക്തി വീണ്ടെടുക്കാൻ എന്തെങ്കിലും നിർദേശങ്ങൾ കോൺഗ്രസുമായി പങ്കുവയ്ക്കാറുണ്ടോ?
സാദിഖലി തങ്ങൾ: മതനിരപേക്ഷ കക്ഷികളുടെ ശാക്തീകരണമാണ് ഇന്ത്യയിൽ ഇപ്പോൾ ആവശ്യം. ആ ശക്തികളെ മുന്നിൽ നിന്നു നയിക്കേണ്ടത് കോൺഗ്രസ് തന്നെയാണ്. മതനിരപേക്ഷ അടിത്തറയും കാഴ്ചപ്പാടുമുള്ള പാർട്ടി കോൺഗ്രസാണ്. അതുകൊണ്ട് കോൺഗ്രസ് ശക്തിപ്പെടണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. രാഹുൽഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര വലിയ പ്രതീക്ഷ രാജ്യത്തിനു നൽകിയിട്ടുണ്ട്. രാഹുലിന്റെയും കോൺഗ്രസിന്റെയും ഇത്തരം ശ്രമങ്ങൾക്ക് മറ്റു പാർട്ടികളും സഹകരണിക്കണമെന്നാണ് ലീഗ് നിലപാട്. കേരളത്തിൽ കോൺഗ്രസുമായി ലീഗിനുള്ളത് പതിറ്റാണ്ടുകളായി ഉള്ള ബന്ധമാണ്. അത് കേരളത്തിന്റെ മതേതര കാഴ്ചപ്പാടും വികസനവും ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് ഇതിന്റെ ദേശീയരൂപമാണ് യുപിഎ സംവിധാനം. ഈ സംവിധാനത്തിനു ശക്തി പകരാൻ മറ്റു കക്ഷികളും വരണമെന്നാണ് ലീഗിന്റെ നിലപാട്. അങ്ങനെയാകുമ്പോൾ തീർച്ചയായും കോൺഗ്രസ് ശക്തിപ്പെടുകയും രാഹുലിനെപ്പോലെ വികസന, മതേതര കാഴ്ചപ്പാടുള്ള നേതാവിനെ പ്രധാനമന്ത്രിയായി ഇന്ത്യയ്ക്കു സമർപ്പിക്കാനും സാധിക്കും.
∙ മുന്നണി മാറ്റം ഏതെങ്കിലും ഘട്ടത്തിൽ ലീഗിന്റെ ചർച്ചകളിൽ വന്നിരുന്നോ? അത്തരം ചില സൂചനകൾ ചില നേതാക്കളുടെ സംസാരങ്ങളിലെങ്കിലും കേൾക്കുന്നു. ലീഗിനെ സിപിഎം മാടിവിളിക്കുന്നതായുള്ള പ്രതീതി ഉണ്ടല്ലോ?
കുഞ്ഞാലിക്കുട്ടി: മുന്നണി മാറ്റ വിഷയത്തിൽ രണ്ടു പാർട്ടികളും അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുന്നണിമാറ്റവും ലീഗിന്റെ അജൻഡയിലില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സിപിഎമ്മും അതു വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രി പറഞ്ഞത്; ‘ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണ്. അവർ മുന്നണിയിൽനിന്നു വരില്ലെന്ന് ഞങ്ങൾക്കറിയാം’. ഇന്ത്യൻ സാഹചര്യത്തിൽ ഇതിനു മാറ്റമുണ്ട്. തമിഴ്നാട്ടിൽ ലീഗും കോൺഗ്രസുമുള്ള മുന്നണിയിലാണ് സിപിഎം. ബംഗാളിലും ത്രിപുരയിലും കോൺഗ്രസിനൊപ്പമാണ് സിപിഎം. ഇന്ത്യൻ മതേതരത്വത്തിന്റെ ഭാവി എന്താകുമെന്ന് എല്ലാവരും ഉത്തരം പറയേണ്ട കാര്യമാണ്.
∙ സോഷ്യൽ എൻജിനീയറിങ് എന്ന രീതിയിൽ വിഭാഗീയ പ്രവർത്തനം വളരെ ബോധപൂർവം ചില കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്. അതിന്റെ തിക്തഫലങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പിലും നാം കണ്ടതാണ്.
മുനീർ: സോഷ്യൽ എൻജിനീയറിങ് എന്ന ലേബലിൽ നടക്കുന്നത് അതീവഗുരുതരമായ ഭിന്നിപ്പിക്കലാണ്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ രാഷ്ട്രീയത്തെ കൊണ്ടുപോകാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. അതിന്റെ ദുരന്തഫലങ്ങൾ ലീഗ് എപ്പോഴും ഓർമപ്പെടുത്തിയിട്ടുണ്ട്. മതങ്ങൾക്കിടയിൽ നിലനിന്നിരുന്ന സൗഹാർദാന്തരീക്ഷം പോലും ഇവർ തകർത്തു. ജാതികളെയും ഉപജാതികളെയും കഷണങ്ങളാക്കി രാഷ്ട്രീയത്തിൽ പ്രയോഗിക്കുന്ന രീതിയെ ലീഗ് ഒരു തരത്തിലും അനുകൂലിക്കുന്നില്ല. ആത്മഹത്യാപരമായ ഈ നിലപാടിനോട് യുഡിഎഫും എതിരാണ്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ യൂത്ത് ലീഗ് നടത്തിയ ജാഥയിലെ അംഗങ്ങൾക്ക് നമസ്കരിക്കാൻ സൗകര്യം ചെയ്തുകൊടുത്തത് ചർച്ചിനകത്താണ്. പെരിന്തൽമണ്ണയിലെ തളി ക്ഷേത്രത്തിന്റെ ഗോപുരവാതിൽ കത്തിയപ്പോൾ അവിടെ ആദ്യമെത്തിയതും പുനർനിർമാണത്തിനു നേതൃത്വം നൽകിയതും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ്. അതാണ് കേരളത്തിന്റെ സംസ്കാരം.
∙ സിപിഎം നേതാക്കളും മുഖ്യമന്ത്രി നേരിട്ടും പല മുസ്‌ലിം നേതാക്കളുമായി ചർച്ച നടത്തുന്നു. ബോധപൂർവം ഇത്തരം ചർച്ചകൾക്ക് വിഷയങ്ങളും വേദികളും സൃഷ്ടിക്കുന്നു. അങ്ങനെ ഒരു വിഭാഗത്തെ സിപിഎം പക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം ലീഗിനു ഭീഷണിയാകുമോ?
സാദിഖലി തങ്ങൾ: ചർച്ചകൾ നടക്കുന്നുണ്ടാകും. പക്ഷേ, അതു നടപ്പാകാൻ പോകുന്നില്ല
കുഞ്ഞാലിക്കുട്ടി: സിപിഎം വന്ന് എല്ലാവരെയും കൊണ്ടുപോകുമെന്ന ഭീതി ലീഗിനില്ല. അങ്ങനെ റാഞ്ചിക്കൊണ്ടുപോകാനുള്ള രീതിയിലല്ല മതസംഘടനകൾ പ്രവർത്തിക്കുന്നത്. മുൻപും ഇതുപോലുള്ള ഭീഷണി ലീഗ് നേരിട്ടിട്ടുണ്ട്. അത് ലീഗിന് ഒരു ഭീഷണിയേ അല്ല. മതസംഘടനകളെല്ലാം വിവിധ ആവശ്യങ്ങളും ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്നവരാണ്. അവർക്കെല്ലാം വർഷങ്ങളുടെ പാരമ്പര്യവും പ്രവർത്തന പരിചയവുമുണ്ട്. സിപിഎം ശ്രമിച്ചാലും മതസംഘനകളെ റാഞ്ചുമെന്ന ഭയം ലീഗിനില്ല.
∙ സഹിഷ്ണുതയുടെയും സൗഹാർദ്ദത്തിന്റെയും കാര്യം പറയുമ്പോൾതന്നെ ചിലരുമായി വേദി പങ്കിടരുതെന്നും അവരെ അകറ്റിനിർത്തണമെന്നുമുള്ള നിർദേശം ചില കേന്ദ്രങ്ങളിൽനിന്നു വരുന്നില്ലേ? അതു ലീഗിന്റെ നിലപാടിനു വിരുദ്ധമാകില്ലേ?
സാദിഖലി തങ്ങൾ: നിങ്ങൾ ചോദിക്കുന്നത് സമസ്തയും സിഐസിയും തമ്മിലുള്ള വിഷയമാണ്. സമസ്ത എന്നും ലീഗിന്റെ ശക്തിയാണ്. സിഐസി സെക്രട്ടറിയായിരുന്ന അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിലക്കുണ്ടായത് യാദൃശ്ചികമായി സംഭവിച്ചതാണ്. ആരെയും വിലക്കുന്നത് സമസ്തയല്ല. സമസ്തയുടെ പേരിൽ ചിലരാണ്. ഇത്തരം വിഷയങ്ങളെല്ലാം സമസ്തയും ലീഗും ചർച്ച ചെയ്ത് പരിഹാരം കാണാറുണ്ട്.
∙ സമസ്തയും ലീഗും എപ്പോഴും ഒന്നിച്ചു പോകുന്ന സംവിധാനമാണ്. കോഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് (സഐസി) സംവിധാനവുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിൽക്കുന്നുണ്ടല്ലോ? സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസിയുടെ രാജി ആവശ്യപ്പെട്ടു. ഇതുപ്രകാരം ഫൈസി രാജി സമർപ്പിച്ചു. ഇതിനെ തുടർന്ന് സിഐസിയുടെ ഭരണരംഗത്തുള്ള നൂറിലേറെ പേർ രാജിവച്ചു. ചില സ്ഥാപനങ്ങളിൽനിന്ന് കുട്ടികൾ ഒഴിഞ്ഞു പോകുന്നു. ഈ പ്രശ്നത്തിൽ പരിഹാരം കാണാൻ തങ്ങളെ ആണ് സമസ്ത നിയോഗിച്ചത്. എന്നാൽ പരിഹാര ഫോർമുല വരുന്നതിനു മുൻപേ ഇപ്പോഴും വിശദീകരണങ്ങളും മറുപടികളും വന്നുകൊണ്ടിരിക്കുന്നു. ഇത് പരിഹാര മാർഗത്തെ കൂടുതൽ സങ്കീർണമാക്കുമോ?
സാദിഖലി തങ്ങൾ: സമസ്ത, സിഐസി വിഷയം പരിഹരിക്കുന്നതിനു നിരന്തര ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിയമപ്രശ്നങ്ങൾക്കൂടി വരുന്നതിനാൽ അതുകൂടി കണക്കിലെടുത്തുള്ള പരിഹാരത്തിനാണ് ശ്രമിക്കുന്നത്. ശാശ്വതമായ പരിഹാരം കാണുന്നതിനുള്ള ചർച്ചകളും ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനിടയ്ക്കുള്ള വിശദീകരണങ്ങളും പ്രതികരണങ്ങളും പരിഹാരം കാണുന്നതിനെ ബാധിക്കാനിടയുണ്ട്. എല്ലാവർക്കും യോജിക്കാവുന്ന ശാശ്വതപരിഹാരത്തിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
∙ സമസ്തയിൽ ഒരു സിപിഎം ഫ്രാക്‌ഷൻ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഹക്കീം ഫൈസി പറയുന്നത്. സമസ്ത വിചാരിച്ച പോലെ ലീഗിനെ കിട്ടിയില്ലെങ്കിൽ മറ്റു സംവിധാനങ്ങൾ ഉപയോഗിക്കാം എന്നാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
കുഞ്ഞാലിക്കുട്ടി: സമസ്തയിൽ ബഹുഭൂരിപക്ഷവും ലീഗുകാരാണ്. ലീഗിൽ ബഹുഭൂരിപക്ഷവും സമസ്ത അനുഭാവികളാണ്. പരസ്പരം സഹകരിച്ചാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്. ഏതു വിഷയത്തിലും പാണക്കാട്ടുനിന്ന് സ്വീകരിക്കുന്ന നിലപാടാണ് ലീഗിന്റെ നിലപാട്. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് തങ്ങൾ നടത്തുന്നത്.
∙ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷം വലിയ സമ്മർദങ്ങൾ നേരിട്ട ഘട്ടമുണ്ടായിരുന്നല്ലോ? അതായിരുന്നോ പാർട്ടിയുടെ ഏറ്റവും വലിയ പ്രതിസന്ധി?
കുഞ്ഞാലിക്കുട്ടി: അതു വലിയ പ്രതിസന്ധി തന്നെയായിരുന്നു. പാർട്ടി ഇല്ലാതാകുമെന്നുവരെ വിചാരിച്ച ഘട്ടങ്ങമുണ്ടായിരുന്നു. ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിലുണ്ടായ ചർച്ച ഇപ്പോഴും ഓർമയുണ്ട്. മന്ത്രിസഭയിൽ നിന്നു ഉടൻ രാജിവയ്ക്കണമെന്ന രീതിയിലായിരുന്നു ചർച്ച. പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് തന്നെ അത്തരമൊരു ആവശ്യം ഉന്നയിക്കുന്ന ഘട്ടമുണ്ടായി. തീരുമാനമെടുക്കാൻ തങ്ങളെ ചുമതലപ്പെടുത്തി യോഗം പിരിഞ്ഞുകുറച്ച് ദിവസങ്ങൾക്കകം ഒറ്റപ്പാലത്തും ഗുരുവായൂരും ഉപതിരഞ്ഞെടുപ്പ് നടന്നു. ഞങ്ങൾ ദയനീയമായി തോറ്റു. വീണ്ടും കമ്മിറ്റി കൂടി. പലരും ദേഷ്യപ്പെട്ടു, നേരത്തെ തന്നെ രാജിവയ്ക്കാത്തതാണു തോൽവിക്കു കാരണമെന്ന അമർഷം ചിലർ രേഖപ്പെടുത്തി. തങ്ങൾ എഴുന്നേറ്റു പറഞ്ഞു.‘രാജിവയ്ക്കേണ്ട. എല്ലാം മാറിക്കോളും’. പാർട്ടിക്ക് ക്ഷീണം പറ്റിയാലും സാരമില്ല. ഇവിടെ ഉള്ളവർ മാത്രം മതി. ഖാഇദെ മില്ലത്ത് പഠിപ്പിച്ച മാർഗത്തിൽ നിന്ന് പിന്മാറാൻ ഈ പാർട്ടിയെ കിട്ടില്ല’ പിന്നീട് ഞങ്ങൾ ഈ നിലപാട് ജനങ്ങളോട് പറയാൻ തുടങ്ങി. പലേടത്തും കല്ലേറും മറ്റുമുണ്ടായി. പാർട്ടി പിളർന്നു ഒരു വിഭാഗം പുറത്തു പോയി. വലിയ പ്രതിസന്ധി രൂപപ്പെട്ടു. അതെല്ലാം പാർട്ടി അതിവേഗം മറികടന്നു. തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എ.കെ.ആന്റണിയെ മത്സരിപ്പിച്ചു, വൻ ഭൂരിപക്ഷത്തിനു ജയിപ്പിച്ചു. അതോടെ, അന്തരീക്ഷം മാറി. തങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾ നടത്തിയ യാത്രയാണു വലിയ പ്രതിസന്ധിയിൽ പാർട്ടിയെ പിടിച്ചു നിർത്തിയത്. 1966ലെ തിരഞ്ഞെടുപ്പിൽ ചെറിയ സീറ്റ് വ്യത്യാസത്തിലാണു യുഡിഎഫിന് അധികാരം നഷ്ടപ്പെട്ടത്.
∙ മത സംഘടനകൾ ലീഗിനെ അനാവശ്യമായി സമ്മർദത്തിലാക്കാൻ ശ്രമം നടത്തുന്നുണ്ടോ?
കുഞ്ഞാലിക്കുട്ടി: എല്ലാ കാലത്തും പല വിഷയങ്ങളിലും മത സംഘടനകൾക്ക് വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകാറുണ്ട്. അത് ലോകത്ത് എല്ലായിടത്തുമില്ലേ? എല്ലായിടത്തും എല്ലാവർക്കും ഒരേ അഭിപ്രായമാണോ? എല്ലാ മതങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. സഭകൾക്കിടയിലും മറ്റു മത സംഘടനകൾക്ക് ഇടയിലും ഇത്തരം തർക്കമുണ്ട്. അതൊന്നും വലിയ വിഷയങ്ങളല്ല. എന്തു പ്രശ്നങ്ങളുണ്ടെങ്കിലും അതു സമന്വയിപ്പിക്കാൻ ഇവിടെ പാണക്കാട് കുടുംബമുണ്ട്. മതസംഘടനകളുമായി എന്തെങ്കിലും തർക്കങ്ങൾ ഉണ്ടെങ്കിൽ തന്നെ അതു തങ്ങൾ ഇടപെട്ട് പരിഹരിച്ചു കൊണ്ടിരിക്കുകയാണ്.
സാദിഖലി തങ്ങൾ: തർക്കങ്ങളുണ്ടാകുമ്പോൾ അതു പരിഹരിക്കാനും അവസാനം എല്ലാവരും പാണക്കാട് കുടുംബത്തിലേക്കാണു വരുന്നത്.
മുനീർ: സമുദായങ്ങൾക്കിടയിൽ അകൽച്ചയും ധ്രുവീകരണവും ഉണ്ടാക്കാൻ സിപിഎം ശ്രമിച്ചു കൊണ്ടിരിക്കുന്നു. മുസ്‍ലിം–ക്രിസ്ത്യൻ സമുദായങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ട് എന്ന രീതിയിൽ അവർ വലിയ പ്രചാരണം നടത്തി. എന്നാൽ പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റ ഉടൻ കേരളമൊട്ടാകെ സൗഹാർദ യാത്ര നടത്തി. എല്ലാ മതമേലധ്യക്ഷരെയും ക്ഷണിച്ചു പരിപാടിയിൽ പങ്കെടുപ്പിച്ചു. അദ്ദേഹം അവരെയെല്ലാം അവിടെ പോയി കാണാറുമുണ്ട്. അദ്ദേഹത്തിന്റെ യാത്രകൾ എല്ലാവരെയും ഒരുമിപ്പിക്കാനാണെങ്കിൽ ഇപ്പുറത്ത് സിപിഎം ധ്രുവീകരിക്കാനാണു ശ്രമിക്കുന്നത്. ഇതിന്റെ അന്തിമ ഫലം വളരെ ഭയാനകമാണ്. അതു നമ്മൾ നിരന്തരം സൂചിപ്പിക്കുന്നുണ്ട്.
∙ അംഗത്വ വിതരണം പൂർത്തിയായപ്പോൾ ചരിത്രത്തിൽ ആദ്യമായി 51% വനിതകളാണ്. എങ്ങനെയാണ് ഈ മാറ്റത്തെ സ്വീകരിക്കുന്നത്? പാർട്ടി പദവികളിലെ പ്രാതിനിധ്യത്തിൽ ഇക്കാര്യം പരിഗണിക്കുമോ?
സാദിഖലി തങ്ങൾ: വനിതകൾക്ക് എല്ലാവിധ അവസരവും നൽകുന്ന പാർട്ടിയാണ് ലീഗ്. വനിതകൾക്ക് ഇപ്പോൾ തന്നെ ഞങ്ങളുടെ പാർട്ടിയിൽ പ്രവർത്തിക്കാൻ ധാരാളം മേഖലകളുണ്ട്. വനിതാലീഗ് വളരെ സജീവമാണ്. വനിതാലീഗിനോടുള്ള അടുപ്പം മൂലം ധാരാളം പേർ ലീഗിലേക്കു വരുന്നു. വനിതാലീഗ് പോര, ലീഗിൽ തന്നെ ഭാരവാഹിത്വം വേണം എന്നൊന്നും ആരും ആവശ്യപ്പെടാറില്ല.
കുഞ്ഞാലിക്കുട്ടി: എല്ലാ പാർട്ടികളിലും ഇങ്ങനെ തന്നെയല്ലേ. സ്ത്രീകൾക്കു പകുതി സ്ഥാനങ്ങൾ നൽകിയ ഏതെങ്കിലും പാർട്ടിയുണ്ടോ? എങ്കിലും ഞങ്ങളുടെ പഴയകാലം നോക്കുമ്പോൾ, തികച്ചും യാഥാസ്ഥിതകമായ സാമൂഹ്യ പശ്ചാത്തലം നോക്കുമ്പോൾ ഇപ്പോഴുള്ളതു വിപ്ലവകരമായ മുന്നേറ്റമാണ്. പിന്നെ ഞങ്ങളുടെ രീതി അനുസരിച്ച് വനിതകൾക്കു പ്രത്യേക സംഘടനയാണ്. ഭാരവാഹിത്വത്തിലും ഇരുത്തത്തിലും വേഷത്തിലും ഒക്കെ ആ പ്രത്യേക രീതിയുണ്ട്. അതിലെന്താണ് തെറ്റ്?
∙ എല്ലാ കാര്യങ്ങളിലും ലീഗിന്റെതായ രീതികളാണോ ഇപ്പോഴും പിന്തുടരുന്നത്?, ഉദാഹരണത്തിന് ട്രാൻഡ്സ്ജെൻഡർ വിഭാഗങ്ങളോടുള്ള കാഴ്ചപ്പാട്. മെഡിക്കൽ കോളജിൽ ട്രാൻസ്മെൻ പ്രസവിച്ച വാർത്തയെ വിമർശിച്ചാണ് ലീഗ് നേതാക്കൾ പ്രസംഗിച്ചത്?
മുനീർ: ഞാൻ മന്ത്രിയായിരിക്കെയാണ് കേരളത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ പോളിസി കൊണ്ടു വന്നത്. എല്ലാതരം ആളുകളെയും ഉൾക്കൊള്ളുന്നതു തന്നെയാണ് ലീഗിന്റെ നയം. ഇൻക്ലൂസീവ് ആയി തന്നെ ഞങ്ങൾ എല്ലാവരെയും കാണുന്നു. പക്ഷേ ഇപ്പോൾ ഇവിടെ നടക്കുന്നത് അതല്ല. നിയോ ലിബറൽ നയങ്ങൾ, പടിഞ്ഞാറിനെ അനാവശ്യമായി പകർത്താനുള്ള ശ്രമങ്ങൾ ആണു നടത്തുന്നത്. അതു നമ്മുടെ സാമൂഹ്യ അന്തരീക്ഷം തകർക്കും. ഇപ്പോൾ പ്രസവിച്ച കുട്ടിയുടെ സെക്സ് ഇപ്പോൾ രേഖപ്പെടുത്തേണ്ട, 18 വയസാകുമ്പോൾ അവൻ–അവൾ വെളിപ്പെടുത്തിക്കോളും എന്നു പറയുന്നത് നമ്മുടെ സിസ്റ്റത്തിൽ ഉണ്ടാക്കാൻ പോകുന്നതു വലിയ പ്രശ്നങ്ങളില്ലേ? നമ്മുടെ എല്ലാ രീതികളെയും അട്ടിമറിച്ച് ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്ന അത്തരം നവ ലിബറൽ പരിഷ്കാരങ്ങളെയാണ് എതിർക്കുന്നത്.
∙ കഴിഞ്ഞ കുറേ കാലമായി മലബാർ കേന്ദ്രീകരിച്ചാണ് ലീഗിന്റെ വളർച്ച, തെക്കൻ ജില്ലകളിൽ അത്തരത്തിൽ വളർച്ചയുണ്ടാകുന്നുമില്ല, ഒരു തരം അസമമായ വളർച്ച. ഇതു പരിഹരിക്കാൻ എന്തെങ്കിലും ശ്രമമുണ്ടാകുമോ?
കുഞ്ഞാലിക്കുട്ടി: മറ്റു സമുദായങ്ങളുമായി ഇടക്കാലത്തുണ്ടായ അകൽച്ച ഞങ്ങൾക്കു പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല സമുദായത്തിനകത്തു തന്നെ പല തരം വർഗീയ പ്രസ്ഥാനങ്ങൾ ഇടക്കാലത്തുണ്ടായി. ഇവയെല്ലാം ഞങ്ങളുടെ വളർച്ചയെ ബാധിച്ചു. യുഡിഎഫിനെ ക്ഷീണിപ്പിക്കാൻ സിപിഎം അതിനെയൊക്കെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ അത്തരം സംഘടനകളൊക്കെ അപകടകരമായിരുന്നു എന്ന് ഇപ്പോൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതു തിരിച്ചറിഞ്ഞ് കൂടുതൽ പേർ ലീഗിലേക്കു മടങ്ങി വരുന്നു. തെക്കൻ ജില്ലകളിൽ ലീഗിന് കൂടുതൽ കമ്മിറ്റികൾ വരുന്നു. ഞങ്ങൾ അതിനാണു ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അന്തരീക്ഷം മാറുമ്പോൾ തന്നെ ലീഗും യുഡിഎഫും ശക്തിപ്പെടും.
സാദിഖലി തങ്ങൾ: അതെ, ഇപ്പോൾ ധാരാളം പുതിയ കമ്മിറ്റികൾ രൂപീകരിക്കുന്നുണ്ട്, വളരെ സജീവമാണ് പ്രവർത്തനങ്ങൾ. വരും വർഷങ്ങളിൽ ഈ അസമമായ വളർച്ചയിൽ വലിയ വ്യത്യാസമുണ്ടാകും
∙ പാണക്കാട് കുടുംബം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങുമോ?
സാദിഖലി തങ്ങൾ: ഒരു സ്ഥാനത്തിനും പോകാതെ ഈ പ്രസ്ഥാനത്തിനു നേതൃത്വം നൽകുന്നതിനെ കുറിച്ചു മാത്രമേ ആലോചനയുള്ളൂ.
English Summary: Interview with Sayyid Sadiq Ali Shihab Thangal, P.K. Kunhalikutty and Dr.M K Muneer