ഗുണശേഖരൻ ഒന്ന്; ആധാർ മൂന്ന്

Mail This Article
തിരുവനന്തപുരം ∙ അപേക്ഷിക്കാതെ 3 ആധാർ കാർഡുകൾ ഒന്നിനു പിന്നാലെ ഒന്നായി തപാലിൽ! പേരും വിലാസവും ഒന്ന്, ഫോട്ടോയും ജനനത്തീയതിയും വ്യത്യസ്തം. ആധാർ തട്ടിപ്പിനു ശ്രമമെന്നു സംശയിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്കും (യുഐഡിഎഐ) പാലാരിവട്ടത്തെ ഓഫിസിലും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കൊച്ചി എളമക്കര താണിക്കൽ പുത്തൻവീട്ടിൽ പി.ഗുണശേഖരന്റെ (68) പേരും ചെന്നൈയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ വിലാസവും ഉപയോഗിച്ചാണു 3 വ്യത്യസ്ത ആധാർ കാർഡുകൾ 3 മാസത്തിനിടയിൽ ഗുണശേഖരനു തന്നെ ലഭിച്ചത്.
വർഷങ്ങളായി ഓയിൽ റിഫൈനറി മേഖലയിൽ ജോലി ചെയ്തിരുന്ന ഗുണശേഖരനു ചെന്നൈ കെ.കെ.നഗറിൽ വീടുണ്ട്. 10 വർഷം മുൻപു വീടു നോക്കി നടത്താൻ ഒരു സുഹൃത്തിനെ ഏൽപിച്ച ശേഷം കൊച്ചിയിലേക്കു താമസം മാറിയതിനാൽ കൊച്ചിയിലെ വിലാസത്തിലാണ് ആധാർ കാർഡ് ഉണ്ടായിരുന്നത്. 2022 ഡിസംബറിൽ ചെന്നൈയിലെ വിലാസത്തിൽ ഗുണശേഖരന്റെ പേരിൽ പുതിയ ആധാർ കാർഡ് ലഭിച്ചു. അതിലെ പേരും വിലാസവും പിതാവിന്റെ പേരും കൃത്യമായിരുന്നെങ്കിലും ഫോട്ടോയും ജനനത്തീയതിയും ഫോൺ നമ്പറും വ്യത്യസ്തമായിരുന്നു. ഉടൻ തന്നെ യുഐഡി അധികൃതർക്ക് ഇ–മെയിലിൽ പരാതി നൽകി.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ രണ്ടാമത്തെ ആധാർ കാർഡ് ഗുണശേഖരന്റെ പേരിലെത്തി. അതിലും പേരും വിലാസവും പിതാവിന്റെ പേരും ഗുണശേഖരന്റേതും ഫോട്ടോയും ജനനത്തീയതിയും വേറെ ആളുടേതുമായിരുന്നു. വീണ്ടും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. രണ്ടാഴ്ച മുൻപാണു മൂന്നാമത്തെ ആധാർ കാർഡ് ചെന്നൈ വിലാസത്തിൽ എത്തിയത്. അതിലും ഫോട്ടോയും ജനനത്തീയതിയും മറ്റൊരാളുടേത്.
2014 ഫെബ്രുവരി 25 ന് അനുവദിച്ചതായി രേഖപ്പെടുത്തിയ ആധാർ കാർഡിലെ നമ്പർ 508590006516, 2013 ജൂൺ 9 ന് അനുവദിച്ചതായി രേഖപ്പെടുത്തിയ കാർഡിലെ നമ്പർ 599532992563, 2016 ജനുവരി 13 ന് അനുവദിച്ചെന്നു രേഖപ്പെടുത്തിയ കാർഡിലെ നമ്പർ 330377735992.
English Summary : Person got 3 aadhaar card, photo and date of birth are different