‘അവൾ സ്വർഗത്തിലേക്കു പറന്നുപോയി’; മാലാഖയെ നഷ്ടപ്പെട്ട സങ്കടവുമായി കുറുമ്പത്തുരുത്ത് ഗ്രാമം

Mail This Article
പറവൂർ ∙ ‘ഞങ്ങളുടെ മാലാഖ ഇവിടെയില്ല... അവൾ സ്വർഗത്തിലേക്കു പറന്നുപോയി’– ആൻ റിഫ്റ്റയുടെ വിയോഗമറിഞ്ഞ നാട്ടുകാരുടെ വാക്കുകളിൽ കുറുമ്പത്തുരുത്ത് ഗ്രാമത്തിന്റെ നൊമ്പരം നിറഞ്ഞു. പിതാവും ചവിട്ടുനാടക ആശാനുമായ റോയ് ജോർജ്കുട്ടിയുടെ കൈപിടിച്ചു ആദ്യമായി വേദിയിലെത്തിയപ്പോൾ അവൾക്കു കിട്ടിയ വേഷം മാലാഖയുടേതായിരുന്നു. ഇന്നിപ്പോൾ, ചവിട്ടുനാടക കലാകാരന്മാർ നിറഞ്ഞ കുറുമ്പത്തുരുത്ത് ഗ്രാമത്തിന്റെ മനസ്സിൽ റിഫ്റ്റയുടെ വിയോഗം ഒരു ‘തുയരതരു’വായി (ചവിട്ടുനാടകത്തിലെ വിലാപഗാനം) വിങ്ങി മുഴങ്ങുന്നു.
‘നുന്നുമോൾ’ എന്ന ചെല്ലപ്പേരിൽ പോന്നോമനയായ ആൻ പഠനത്തിൽ മിടുക്കിയായിരുന്നു. കുറുമ്പത്തുരുത്ത് സെന്റ് ജോസഫ്സ് പള്ളിയുടെ ഗായകസംഘത്തിലെ പാട്ടുകാരിയും. പത്താം ക്ലാസ് വരെ പുത്തൻവേലിക്കര മേരി വാർഡ് ഇംഗ്ലിഷ് മീഡിയം സ്കൂളിലായിരുന്നു പഠനം.
കൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിനുശേഷം കുസാറ്റിൽ എൻജിനീയറിങ് പഠനത്തിനു ചേർന്നു. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ സഹോദരൻ റിഥുലും ചവിട്ടുനാടകരംഗത്തു സജീവമാണ്. ഒരു വർഷം മുൻപാണ് അമ്മ സിന്ധു ഇറ്റലിയിൽ ഹോം നഴ്സായി ജോലിക്കു പോയത്.