ADVERTISEMENT

കൊച്ചി∙ പനമ്പിള്ളിനഗർ വിദ്യാനഗറിലെ ഫ്ലാറ്റിൽ നിന്നു റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കോളജ് വിദ്യാർഥിനിയായ അമ്മ അറസ്റ്റിൽ. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്നു സംഭവം കൊലപാതകമാണെന്നു വ്യക്തമായതോടെ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഇരുപത്തിമൂന്നുകാരിയായ യുവതി പീഡനത്തിനിരയ‌ായ അതിജീവിതയാണെന്നു പൊലീസ് സൂചിപ്പിച്ചു.

ഇന്നലെ രാവിലെ 5 മണിയോടെയാണു താൻ ശുചിമുറിയിൽ പ്രസവിച്ചതെന്നും കുഞ്ഞിനെ 3 മണിക്കൂറിനുശേഷം അഞ്ചാം നിലയിലെ അപ്പാർട്മെന്റിന്റെ ബാൽക്കണിയിൽനിന്നു വലിച്ചെറിഞ്ഞെന്നും യുവതി പൊലീസിനോടു സമ്മതിച്ചു. എന്നാൽ, മകൾ ‍ഗർഭിണിയാണെന്നതും, പുലർച്ചെ പ്രസവിച്ച വിവരവും ഒപ്പമുണ്ടായിരുന്ന മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നാണു പൊലീസ് നൽകുന്ന വിവരം. വൈദ്യസഹായം നൽകാനായി അതിജീവിതയെ പൊലീസ് എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. 

രാവിലെ എട്ടേകാലോടെയാണു ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റിന്റെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം ഫ്ലാറ്റിനു മുന്നിലെ റോഡിനു നടുവിൽ‍ കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ സ്കൂൾ വാനിന്റെ ഡ്രൈവറാണ് ഇത് ആദ്യം കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും പ്രദേശത്തെ ജനപ്രതിനിധികളും സ്ഥലത്തെത്തി ഫ്ലാറ്റിലെ സിസിടിവി പരിശോധിച്ചപ്പോൾ ഫ്ലാറ്റിനു മുകളിൽ നിന്ന് ഒരു കെട്ട് താഴേക്കു വീഴുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

ഇതോടെ, റോഡിന് അഭിമുഖമായി ബാൽക്കണിയുള്ള അപ്പാർട്മെന്റുകളിൽ പൊലീസ് പരിശോധന ആരംഭിച്ചു. ഇതിനൊപ്പം തന്നെ ഫ്ലാറ്റിലെ അന്തേവാസികളെയും ചോദ്യം ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞ കുറിയർ കവറിലെ ബാർ കോഡ് സ്കാൻ ചെയ്തപ്പോൾ അഞ്ചാം നിലയിലെ ഫ്ലാറ്റിന്റെ വിലാസം ലഭിച്ചു. ഈ ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതോടെയാണു പ്രതിയെപ്പറ്റിയുള്ള നിർണായക വിവരം പൊലീസിനു ലഭിച്ചത്. 

സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദർ, ഡിസിപി കെ.എസ്.സുദർശൻ, എറണാകുളം എസിപി പി.രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ യുവതിയെയും അച്ഛനമ്മമാരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിച്ചു. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അടിയന്തര വൈദ്യസഹായം നൽകാനായി ആശുപത്രിയിലേക്കു മാറ്റി. പ്രതി അതിജീവിതയായതിനാൽ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നു കമ്മിഷണർ മാധ്യമങ്ങളോട് അഭ്യർഥിച്ചു. കുഞ്ഞിന്റെ മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി.

താഴേക്കുള്ള വീഴ്ചയിൽ തലയോട്ടിയിലേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. അയൽ സംസ്ഥാനത്തു പഠിക്കുകയായിരുന്ന യുവതി ഒരു വർഷം മുൻപാണു മടങ്ങിയെത്തി നഗരത്തിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ ചേർന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയുമായി യുവതി അടുപ്പത്തിലായിരുന്നു എന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇയാൾക്കെതിരെ മൊഴി ലഭിച്ചിട്ടില്ല. സംഭവത്തിന്റെ നടുക്കത്തിൽ നിന്നു മുക്തയാകാത്ത പെൺകുട്ടിയെ പിന്നീട് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

English Summary:

Mother arrested on death of newborn who was thrown from flat to road in Panampally nagar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com